Saturday, July 18, 2009

ഹൈപ്പര്‍ടെക്സ്റ്റ് എന്നാല്‍ ....

തിരമൊഴി
പി പി രാമചന്ദ്രന്‍

ഭാഷയ്‌ക്ക്‌ വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വകഭേദങ്ങള്‍ എന്നാണ്‌ ഭാഷാവിദ്യാര്‍ത്ഥികളുടെ ആദ്യപാഠങ്ങളിലൊന്ന്‌. വാകൊണ്ടു മൊഴിയുന്നത്‌ വാമൊഴി. വരച്ചുകാട്ടുന്നത്‌ വരമൊഴി. കംപ്യൂട്ടറിന്റെ സഹായത്തോടെ ഭാഷയ്‌ക്കു ലഭിക്കുന്ന അധികമാനത്തെയാണ്‌ ഇവിടെ തിരമൊഴി എന്ന പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌. തിരയില്‍ കാണാവുന്നതും എഴുതാവുന്നതും വായിക്കാവുന്നതുമായ മൊഴി എന്നോ തിരപോലെ അസ്ഥിരവും രൂപാന്തരസാധ്യതകളുള്ളതുമായ മൊഴി എന്നോ തിരയാവുന്ന മൊഴി എന്നോ ഒക്കെ ഈ പദത്തിന്‌ നിഷ്‌പത്തി പറയാം. ഇംഗ്ലീഷില്‍ Hypertex എന്ന പദം കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ മലയാളത്തില്‍ തിരമൊഴി എന്ന പദംകൊണ്ടും ഏറെക്കുറെ സാധിക്കാമെന്നു വിചാരിക്കുന്നു.


ഭാഷയുടെ പരിണാമചരിത്രം സാങ്കേതികവിദ്യയുടെ പരിണാമചരിത്രംകൂടിയാണ്‌. വാമൊഴിയില്‍ നിന്ന്‌ വരമൊഴിയിലേക്കും പിന്നീട്‌ തിരമൊഴിയിലേക്കും അതു പരിണമിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ സൃഷ്ടിയാണ്‌ തിരമൊഴി. സമസ്‌തവിവരങ്ങളും ഡിജിറ്റല്‍ ആയി രേഖപ്പെടുത്താനും സൂക്ഷിക്കാനും വിതരണംചെയ്യാനും കഴിയുന്ന കാലത്തെ ഭാഷാസവിശേഷതയാണത്‌. ഈ പുതിയ മൊഴിവഴക്കത്തെയും അതുന്നയിക്കുന്ന ദാര്‍ശനികസമസ്യകളേയും കേവലമൊന്നു പരിചയപ്പെടുത്താനുള്ള ഉദ്യമമാണ്‌ ഈ ലേഖനം.


മലയാളത്തില്‍ ഇതുവരെ തിരമൊഴി ഒരു പഠനവിഷയമായിട്ടില്ല. കാരണം, അങ്ങനെയൊരു വ്യവഹാരം നമ്മുടെ ഭാഷയില്‍ സാദ്ധ്യമായിത്തുടങ്ങിയതുതന്നെ ഈയടുത്തകാലത്താണ്‌. രണ്ടായിരാമാണ്ടിനുശേഷമാണ്‌ ഇന്റര്‍നെറ്റില്‍ മലയാളം പിച്ചവെക്കാനാരംഭിച്ചതുപോലും. തുടക്കത്തിലെ പ്രധാനപ്രശ്‌നം നമ്മുടെ അക്ഷരരൂപങ്ങളെ കാട്ടിത്തരുന്ന ഫോണ്ടുകളുടെ ഏകീകൃതമല്ലാത്ത സ്വഭാവവും ഓപ്പറേറ്റിങ്‌സിസ്റ്റങ്ങളും ബ്രൗസറുകളും പിന്തുണയ്‌ക്കാത്തതുമായിരുന്നു. അതിനാല്‍ ഓരോ വെബ്‌സൈറ്റ്‌ കാണുന്നതിനും അതാതിന്റെ ഫോണ്ടുകള്‍ ഡൗണ്‍ലോഡു ചെയ്‌ത്‌ ഇന്‍സ്‌റ്റാള്‍ ചെയ്യണമായിരുന്നു. അല്‌പം വൈദഗ്‌ദ്ധ്യം ആവശ്യമായ ഈ അസൗകര്യം സാധാരണ ഉപയോക്താക്കളെ മുഷിപ്പിച്ചു. പിന്നീട്‌ സര്‍വ്വീസ്‌ പാക്കോടുകൂടിയ വിന്റോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റംമലയാളം യൂണിക്കോഡ്‌ ഫോണ്ടിനെ ഉള്‍പ്പെടുത്തിയതോടെയാണ്‌ കംപ്യൂട്ടറിന്‌ മലയാളവും 'തിരിയും' എന്ന്‌ നമ്മള്‍ അറിഞ്ഞുതുടങ്ങിയത്‌. പിന്നെ താമസമുണ്ടായില്ല, മലയാളത്തില്‍ എണ്ണമറ്റ ബ്ലോഗുകളും വിക്കിപീഡിയ ലേഖനങ്ങളും പ്രത്യക്ഷപ്പെടാന്‍. പല സൈറ്റുകളും യൂണിക്കോഡ്‌ ഫോണ്ടിലേക്കു മാറി. മെയില്‍ ചെയ്യാനും ചാറ്റു ചെയ്യാനും മലയാളമുപയോഗിക്കുന്നവരുടെ എണ്ണം നാള്‍തോറും വര്‍ദ്ധിച്ചുവന്നു. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം - വിശേഷിച്ച്‌ യുവജനങ്ങള്‍ക്കിടയില്‍ - വര്‍ദ്ധിച്ചതും വ്യാപകമായി ബ്രോഡ്‌ബാന്റ്‌ കണക്ടിവിറ്റി ലഭ്യമായിത്തുടങ്ങിയതും കേരളത്തില്‍ മാതൃഭാഷാകംപ്യൂട്ടിങ്ങിന്‌ അനുകൂലമായ സാഹചര്യമൊരുക്കുകയും ചെയ്‌തു. എന്നിട്ടും തിരമൊഴിയെക്കുറിച്ചുള്ള വിചാരങ്ങള്‍ നമ്മുടെ അക്കാദമിക്‌ സമൂഹത്തിലുണ്ടായിട്ടില്ല. പക്ഷെ സമീപഭാവിയില്‍ത്തന്നെ നമ്മുടെ സര്‍വ്വകലാശാലകളിലെ ഭാഷാവകുപ്പുകള്‍ക്ക്‌ തിരമൊഴി അനുപേക്ഷണീയമായ ഒരു പാഠ്യവിഷയമായിത്തീരുമെന്നാണ്‌ ഭാഷാകംപ്യൂട്ടിങ്‌ രംഗത്തെ സത്വരപുരോഗതി സൂചിപ്പിക്കുന്നത്‌.


തിരയില്‍ തെളിയുന്നു എന്നതുകൊണ്ടു മാത്രം തിരമൊഴിയുണ്ടാവുന്നില്ല. ഇന്റര്‍നെറ്റിലെ ഭാഷാവ്യവഹാരമേ തിരമൊഴിയാവുകയുള്ളു. ഉദാഹരണത്തിന്‌ കംപ്യൂട്ടറുപയോഗിച്ച്‌ മലയാളം ഡി ടി പി ചെയ്യാറുണ്ടല്ലോ. അത്‌ അച്ചടിക്കുള്ള മുന്നൊരുക്കമാണ്‌; അഥവാ വരമൊഴിക്കുവേണ്ടിയുള്ളത്‌. ടെക്‌സ്റ്റ്‌ എഡിറ്റിങ്‌ ഒഴിച്ചാല്‍ മിക്കവാറും ടൈപ്‌റൈറ്ററുകളുടെ ധര്‍മ്മമാണ്‌ അതിനായി കംപ്യൂട്ടര്‍ നിര്‍വ്വഹിക്കുന്നത്‌. വെബ്‌പബ്ലിഷിങ്ങിലേ തിരമൊഴിയുടെ സവിശേഷതകളും സാദ്ധ്യതകളും മനസ്സിലാക്കാനാകൂ.
അനാദിമദ്ധ്യാന്തവും വലക്കണ്ണികളാല്‍ പരസ്‌പരബന്ധിതവുമായ പാഠ(വിവര)ശേഖരം എന്നു സാമാന്യമായി തിരമൊഴിയെ നിര്‍വ്വചിക്കാം. രണ്ടാംലോകയുദ്ധകാലത്ത്‌ 1945ല്‍ അമേരിക്കന്‍ ശാസ്‌ത്രഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്ന ഡോക്ടര്‍ വാനെവര്‍ ബുഷ്‌ ആണ്‌ ഇത്തരമൊരാശയം ലോകത്തിനുമുമുമ്പാകെ ആദ്യം അവതരിപ്പിച്ചത്‌. we may think എന്ന ലേഖനത്തില്‍ പലരുടെ ആശയങ്ങള്‍ ഒരിടത്തു ലഭ്യമാക്കുന്ന ഇലക്ട്രോണിക്‌ശേഖരം എന്ന അര്‍ത്ഥത്തില്‍ അതിനദ്ദേഹം മെമെക്‌സ്‌ എന്നു പേരിട്ടു. പിന്നീട്‌ 1965 ല്‍ ടെഡ്‌ നെല്‍സന്റെ സാനഡു എന്ന പ്രൊജക്ടിലാണ്‌ ഹൈപ്പര്‍ടെക്‌സ്റ്റ്‌ എന്ന പദം ആദ്യം ഉപയോഗിക്കുന്നത്‌. ചെറുവിവരസമാഹാരങ്ങളെ സൂചനാപദങ്ങളിലൂടെബന്ധിപ്പിക്കുന്ന വിദ്യ എന്നാണത്രേ അദ്ദേഹം നല്‍കിയ നിര്‍വ്വചനം.
നിര്‍വ്വചനത്തിലെ തിരമൊഴിപ്പാഠസവിശേഷതകളെ സ്‌പഷ്ടമാക്കുന്നതിന്‌ അതിനെ നമുക്കു പരിചിതമായ ഒരു വരമൊഴിപ്പാഠവുമായി താരതമ്യം ചെയ്‌താല്‍ മതി. ഒരച്ചടിപ്പുസ്‌തകമെടുക്കുക. അതിന്റെ അകവും പുറവും രേഖീയമായി ക്രമീകരിച്ചിരിക്കുന്നു. മുന്‍പിന്‍ പുറംചട്ടകള്‍ക്കുള്ളില്‍ സംഖ്യാക്രമത്തിലടുക്കി തുന്നിച്ചേര്‍ത്ത താളുകള്‍. ഉള്ളടക്കത്തിന്റെ ആഖ്യാനത്തിലുമുണ്ട്‌ ഒരു തുടക്കവും ഒടുക്കവും നടുക്കൊരു 'നടുക്ക'വും. വായനയും അപ്രകാരം ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്ന ക്രമത്തില്‍ പേജുകളും ഖണ്ഡികയും അദ്ധ്യായവുമായി മുന്നേറുന്ന വിധം. ഈ പൗര്‍വ്വാപര്യക്രമം പിന്തുടരലാണ്‌ വായന. പുസ്‌തകത്തിന്റെ ഈ ഘടന ഇതഃപര്യന്തമുള്ള ഒരു ലോകവീക്ഷണത്തിന്റെ പ്രതീകംകൂടിയാണ്‌. ആദിമദ്ധ്യാന്തങ്ങളും കര്‍തൃത്വത്തിന്റെ ആധികാരികതയില്‍ വിശ്വാസമര്‍പ്പി ക്കുന്നതുമായ ഒരു പ്രപഞ്ചവീക്ഷണംതന്നെ. സമഗ്രത, പരിപൂര്‍ണ്ണത തുടങ്ങിയ നമ്മുടെ സങ്കല്‌പങ്ങളുടെ പ്രതീകാത്മകസാക്ഷാത്‌കാരവുമാണ്‌ പുസ്‌തകം.
പുസ്‌തകത്തിന്റെ ഈ ഘടനയെ, അഥവാ, അതു പ്രതിനിധീകരിക്കുന്ന ലോകവീക്ഷണത്തെയാണ്‌ തിരമൊഴി പൊളിച്ചെഴുതുന്നത്‌. എഴുത്തിലും വായനയിലും പാലിക്കേണ്ട രേഖീയപുരോഗതി, പൗര്‍വ്വാപര്യക്രമം എന്നീ കീഴ്‌വഴക്കങ്ങളേയും തുടക്കം-ഒടുക്കം, എഴുത്തുകാരന്‍-വായനക്കാരന്‍, കേന്ദ്രം-ഓരം, അകം-പുറം എന്നീ പരമ്പരാഗതവിഭജനത്തേയും പരിപൂര്‍ണ്ണത, ആധികാരികത എന്നീ സങ്കല്‌പങ്ങളേയും അത്‌ ചോദ്യംചെയ്യുന്നു. വാസ്‌തവത്തില്‍ തിരമൊഴി പ്രത്യക്ഷപ്പെടുംമുമ്പുതന്നെ വരമൊഴിപ്പാഠങ്ങളുടെ പരിമിതികള്‍ ബോദ്ധ്യപ്പെട്ടിരുന്ന ബാര്‍ത്തിനെപ്പോലുള്ള ദാര്‍ശനികര്‍ ഗ്രന്ഥകാരന്റെ മരണം പ്രവചിച്ചുകഴിഞ്ഞിരുന്നു. പ്രബലകേന്ദ്രങ്ങളിലും അധികാരശ്രേണികളിലും അധിഷ്‌ഠിതമായ ആധുനികത, ഗുട്ടന്‍ബര്‍ഗ്ഗ്‌ യുഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥകൂടിയായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ ആഗോളതലത്തിലുണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ അഴിച്ചുപണികള്‍, ശാസ്‌ത്രസാങ്കേതികരംഗത്തുണ്ടായ വിസ്‌മയാവഹമായ വളര്‍ച്ച, ആഗോളസാമ്പത്തിക കരാറുകള്‍, മൂലധനത്തിന്റെയും ചരക്കുകളുടേയും നിയന്ത്രണരഹിതമായ വ്യാപനം, അതിര്‍ത്തികള്‍ മായ്‌ചുകൊണ്ടുള്ള സംസ്‌കാരസങ്കലനവും ഉപഭോഗസംസ്‌കൃതിയും, ഇതിനെയെല്ലാം സാദ്ധ്യമാക്കിയ വാര്‍ത്താവിനിമയമാധ്യമങ്ങളുടെ പ്രചാരം എന്നിങ്ങനെ ചടുലവും സംഭവബഹുലവുമായ ഒരു ചരിത്രസാഹചര്യം തിരമൊഴിയുടെ പശ്ചാത്തലമായുണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ അതു‌ പലമയും പരപ്പും മുഖമുദ്രയായുള്ള ഉത്തരആധുനികതയുടെ മൊഴിരൂപം കൂടിയാണെന്നു പറയാം.
തിരമൊഴിപ്പാഠം വായനയിലും എഴുത്തിലും വിന്യാസത്തിലും വരമൊഴിപ്പരിമിതികളുടെ അതിലംഘനമാണെന്നു സൂചിപ്പിച്ചുവല്ലോ. ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു പരിശോധിക്കാം. ഒന്നാമതായി, തിരമൊഴിയില്‍ ലഭ്യമായ പാഠങ്ങളില്‍നിന്ന്‌ തനിക്കാവശ്യമായ ഉള്ളടക്കം ക്രമീകരിക്കുന്നത്‌ വായനക്കാരനാണ്‌. തുടര്‍ക്കണ്ണികളെ (link) സ്വീകരിച്ചുകൊണ്ടേ്‌ാ നിരാകരിച്ചുകൊണ്ടോ വായനയുടെ ദിശയെ അയാള്‍തന്നെ നിയന്ത്രിക്കുന്നു. പാഠം ഒരു കൂട്ടെഴുത്താവുന്ന വിക്കിപീഡിയ പോലുള്ള സംരംഭങ്ങളില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ പങ്കാളിത്തംകൊണ്ട്‌ വായനക്കാരന്‍ എഴുത്തുകാരന്‍കൂടിയാവുന്നു. ഉദാഹരണത്തിന്‌ മലയാളം വിക്കിപീഡിയയില്‍ തുഞ്ചത്ത്‌ എഴുത്തച്ഛന്‍ എന്ന സൂചനാപദം നല്‍കി തിരഞ്ഞാല്‍ ലഭിക്കുന്ന ജാലകം നോക്കൂ. എഴുത്തച്ഛന്റെ ജീവിതത്തേയും സംഭാവനകളേയും കുറിച്ച്‌ ഒരു ലഘുവിവരണം നല്‍കിയശേഷം ഐതിഹ്യം, ഭാഷാപിതാവ്‌, കൃതികള്‍, വിമര്‍ശനം, ആധാരസൂചിക എന്നിങ്ങനെ ഉപശീര്‍ഷകങ്ങളിലായി വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നു. പുസ്‌തകത്താളില്‍നിന്ന്‌ ഈ തിരത്താളിനുള്ള വ്യത്യാസം അതിലെ തിരഞ്ഞെടുത്ത പദങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്ന ശ്രൃംഖലാബന്ധമാണ്‌. നീലനിറത്തില്‍ കാണുന്ന ആ പദങ്ങളില്‍ ക്ലിക്കുചെയ്‌തുകൊണ്ട്‌ നമ്മള്‍ പ്രസ്‌തുത പദാര്‍ത്ഥം കേന്ദ്രപരാമര്‍ശമായിവരുന്ന മറ്റൊരു താളിലേക്കു പോകുന്നു. എഴുത്തച്ഛനെക്കുറിച്ചുള്ള വിക്കിത്താളില്‍ ഉപശീര്‍ഷകങ്ങള്‍ക്കു പുറമെ മലപ്പുറം, തിരൂര്‍,പെരിങ്ങോട്‌, രാമായണം, വാത്മീകി, മഹാഭാരതം, വേദങ്ങള്‍, സംസ്‌കൃതം, കിളിപ്പാട്ട്‌, വൃത്തങ്ങള്‍, ചെറുശ്ശേരി, വ്യാസന്‍, ശ്രീരാമന്‍, രാവണന്‍, കേക, കാകളി, കൊട്ടാരത്തില്‍ ശങ്കുണ്ണി, മലയാളം, സാഹിത്യം, മലയാളകവികള്‍ എന്നിങ്ങനെ കണ്ണിചേര്‍ക്കപ്പെട്ട നിരവധി പദങ്ങള്‍ കാണാം. ഓരോന്നും അതതുവിഷയങ്ങള്‍ കേന്ദ്രപാഠമായിവരുന്ന ജാലകങ്ങള്‍. അതിലുമുണ്ടാവും വിഷയച്ചാര്‍ച്ചകൊണ്ട്‌ കണ്ണിചേര്‍ക്കപ്പെട്ട ഇതരപദങ്ങള്‍. ഒരാള്‍ക്ക്‌ വേണമെങ്കില്‍ ഈ കണ്ണികളിലൂടെ ഒരു താളില്‍നിന്ന്‌ മറ്റൊരു താളിലേക്ക്‌, ഒരുവിഷയത്തില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ എന്നിങ്ങനെ ശാഖാചംക്രമണംചെയ്‌തുപോകാം. ആ യാത്ര അനന്തമായിരിക്കും. പലപ്പോഴും അസംബന്ധവും. അതുകൊണ്ടാണ്‌ തിരവായന പുസ്‌തകവായനയേക്കാള്‍ ഉത്തരവാദിത്വവും ലക്ഷ്യബോധവും ആവശ്യപ്പെടുന്ന ഒന്നായിരിക്കുന്നത്‌. ചെരിപ്പുവാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി, ചരക്കുകളും ചമയങ്ങളും കണ്ടുനടന്ന്‌ ഒടുക്കം തൊപ്പിവാങ്ങി ഇറങ്ങുന്ന അനുഭവമുണ്ടാകുന്നത്‌ ഇതുകൊണ്ടാണ്‌. പുസ്‌തകവായനയില്‍ നമ്മെ നയിക്കുന്നത്‌ ഗ്രന്ഥകാരനാണ്‌. തിരവായനയില്‍ സ്വന്തംവഴി സ്വയം നിശ്ചയിക്കേണ്ടിവരുന്നു.
അസ്ഥിരതയാണ്‌ തിരമൊഴിയുടെ മറ്റൊരു സവിശേഷത. സുസ്ഥിരവും മൂര്‍ത്തവും നമുക്കു തൊട്ടുപെരുമാറാവുന്നതുമായ അച്ചടിത്താള്‍ പണിതീര്‍ന്ന ഒരുല്‌പന്നമാണ്‌. അതുമായ്‌ക്കാനോ മാറ്റിയെഴുതാനോ വായനക്കാരന്‌ സാധ്യമല്ല. എന്നാല്‍ വായനക്കാരന്റെ ഇച്ഛാനുസാരം തിരയില്‍ മിന്നിത്തെളിയുകയും മിന്നിപ്പൊലിയുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്‌ തിരമൊഴി. അതിന്റെ അസ്‌തിത്വം എഴുത്തച്ഛന്‍ ദര്‍ശിച്ചപോലെ ക്ഷണപ്രഭാചഞ്ചലവും നിരന്തരപരിണാമിയുമാണ്‌. രൂപത്തില്‍ മാത്രമല്ല, ഉള്ളടക്കത്തിലും. മുമ്പ്‌ ഉദാഹരിച്ച എഴുത്തച്ഛനെക്കുറിച്ചുള്ള വിക്കിത്താളില്‍ നല്‍കിയ വിവരങ്ങള്‍ തിരുത്തുവാനും പുതിയവ കൂട്ടിച്ചേര്‍ക്കാനും വായനക്കാരനു സ്വാതന്ത്ര്യമുണ്ട്‌. ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്ന പദങ്ങള്‍ അപ്രകാരം കൂട്ടിച്ചേര്‍ക്കലുകള്‍ക്കുള്ള കണ്ണികളാണ്‌. അച്ചടിത്താള്‍ ഗ്രന്ഥകാരന്റെ ഏകസ്വരമായ കാഴ്‌ചപ്പാടേ അവതരിപ്പിക്കൂ. അത്‌ അടഞ്ഞതാണ്‌. എന്നാല്‍ തിരത്താള്‍ ബഹുസ്വരമാണ്‌. ഓരോ വായനയും ഓരോ രചന. രൂപത്തിലും സ്വഭാവത്തിലും അതു തുറന്നതാണ്‌. തീര്‍പ്പുകളോടെ വാതിലടക്കുകയല്ല,തേടലുകള്‍ക്കായി ജാലകങ്ങള്‍ തുറക്കുകയാണ്‌ അതിന്റെ സ്വഭാവം. അതുകൊണ്ടുതന്നെയാണ്‌ തിരമൊഴിക്ക്‌ ആദിമദ്ധ്യാന്തങ്ങളോ കേന്ദ്രപാര്‍ശ്വങ്ങളോ അകംപുറങ്ങളോ നിര്‍ണ്ണയിക്കാനാകാത്തത്‌. അപൂര്‍ണ്ണമാണ്‌ ഏതു പാഠവും. 'ഇ' പാഠശേഖരത്തിലേക്ക്‌ ഏതു ദിശയില്‍നിന്നും എപ്പോഴും വായനക്കാര്‍ക്കു പ്രവേശിക്കാം. നിഷ്‌ക്രമിക്കുകയുമാവാം. ഓരോരുത്തര്‍ക്കും ഓരോ വഴി. ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുള്ളതാളില്‍നിന്നാകാം ഒരാള്‍ എഴുത്തച്ഛനെക്കുറിച്ചുള്ള പാഠത്തിലെത്തിച്ചേര്‍ന്നത്‌. മറ്റൊരാള്‍കേരളചരിത്രത്തില്‍നിന്നുള്ള കണ്ണിയിലൂടെയാവാം. ഓരോരുത്തരും അവര്‍ക്കാവശ്യമുള്ളതു സ്വീകരിച്ചു കടന്നുപോകുന്നു. ഉള്ളടക്കം വായനക്കാരന്‍ നിശ്ചയിക്കുന്നതുകൊണ്ട്‌ വ്യത്യസ്‌തകേന്ദ്രങ്ങളുണ്ടാവുന്നു. കേന്ദ്രമില്ലായ്‌കയല്ല, വ്യത്യസ്‌തകേന്ദ്രങ്ങള്‍ക്കുള്ള സാദ്ധ്യതകളുണ്ടാവുകയാണ്‌ ചെയ്യുന്നത്‌. ഏകമുഖമായ ഒരു വ്യവഹാരേത്തയും പ്രത്യയശാസ്‌ത്രത്തേയും അത്‌ ആധിപത്യം നേടാന്‍ അനുവദിക്കില്ല. പ്രതിരോധസ്വഭാവംകൊണ്ട്‌്‌ ജനാധിപത്യപരവും എന്നാല്‍ പ്രതിലോമപ്രയോഗംകൊണ്ട്‌്‌ അരാജകവുമാണ്‌ ഈ സാദ്ധ്യത എന്നു പറയാം.


ചുരുക്കത്തില്‍ രേഖീയമായ തുടര്‍ച്ചയല്ല, അരേഖീയമായ പടര്‍ച്ചയാണ്‌ തിരമൊഴിയുടെ ഘടന. വലക്കണ്ണികളെപ്പോലെ പരസ്‌പരബന്ധിതമായ പാഠങ്ങളേ തിരമൊഴിയിലുള്ളൂ. പിന്തുടര്‍ച്ചാസംസ്‌കൃതിയില്‍നിന്ന്‌ (heirarchical culture) ശ്രൃംഖലാസംസ്‌കൃതിയിലേക്കുള്ള (networked culture) സാമൂഹികപരിണാമത്തിന്റെ സൂചകംകൂടിയാണ്‌ തിരമൊഴി. എന്നാല്‍ ഒരു മൊഴിരൂപവും തൊട്ടുമുമ്പുണ്ടായിരുന്നതിനെ ഇല്ലാതാക്കുന്നില്ല. അതിന്റെ ധര്‍മ്മങ്ങളെ പുനര്‍നിര്‍വ്വചിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും പുതിയ കൂട്ടിേച്ചര്‍ക്കലുകള്‍ക്ക്‌ സാദ്ധ്യതയുണ്ടാക്കുകയുമാണ്‌ ചെയ്യുന്നത്‌. എഴുത്ത്‌ വാമൊഴിയെ ഇല്ലാതാക്കുകയല്ല മറിച്ച്‌, എഴുത്തുസംസ്‌കൃതിയിലെ വാമൊഴിക്ക്‌ പുതിയ ധര്‍മ്മങ്ങളുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. ലിഖിതസംസ്‌കൃതിക്കുമുമ്പുണ്ടായിരുന്ന നൈസര്‍ഗ്ഗികഭാഷാപ്രകാശനരൂപമായ വാമൊഴിവ്യവഹാരത്തെ, വാള്‍ട്ടര്‍ ഓങ്‌ പ്രൈമറി ഒറാലിറ്റി എന്നും അതിനുശേഷമുള്ളതിനെ സെക്കണ്ടറി ഒറാലിറ്റി എന്നും ധര്‍മ്മങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കുന്നണ്ട്‌്‌. വരമൊഴിയില്‍ത്തന്നെ കൈയ്യെഴുത്തില്‍നിന്ന്‌ അച്ചടിയിലേക്കു മാറുന്നതോടെ പുതിയൊരു മൂല്യവ്യവസ്ഥ രൂപംകൊള്ളുന്നതു കാണാം.

മൊഴിവഴക്കങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഈ പാഠസവിശേഷത സ്‌പഷ്ടമാകും.


വാമൊഴി / വരമൊഴി
ക്ഷണികം / സുസ്ഥിരം
തുറന്നത്‌ / അടഞ്ഞത്‌
മാറുന്നത്‌ / മാറ്റമില്ല
വക്താവും ശ്രോതാവും തമ്മില്‍അടുപ്പമുള്ള ബന്ധങ്ങള് /‍വായനക്കാരനെയും എഴുത്തുകാരനേയും അകറ്റുന്നത്‌
സ്ഥലകാലസംബന്ധം /സ്ഥലത്തിലും കാലത്തിലും അകലം
സമുദായം / വ്യക്തി
പങ്കാളിത്തം /ഒറ്റപ്പെടല്‍
ആത്മനിഷ്‌ഠത /വസ്‌തുനിഷ്‌ഠം
ബഹുകര്‍തൃകം/ ഏകകര്‍തൃകം
മൗലികത,ആധികാരികത-അപ്രധാനം / ഇവ സുപ്രധാനം
ആവശ്യമില്ലാത്തതു മറക്കുന്നു / ചരിത്രബോധം,ഭൂതഭാവിവര്‍ത്തമാനങ്ങളെക്കുറിച്ചുള്ള ബോധം
കാതോടുകാതു പകരുമ്പോള്‍ കാതല്‍മാറുന്നു,സാഹചര്യത്തോടിണങ്ങുന്നു /പാഠം സുസ്ഥിരം

ചുരുക്കത്തില്‍ സ്ഥിരവും രേഖീയവും ഏകകേന്ദ്രിതവും ആദിമധ്യാന്തപ്പൊരുത്തമുള്ളതും നിഷ്‌പക്ഷവുമായ പാഠം കര്‍ത്താവിന്റെ ബൗദ്ധികസ്വത്താണ്‌ അച്ചടിസംസ്‌കൃതിയില്‍. അതു പകര്‍പ്പവകാശനിയമങ്ങളാല്‍ സംരക്ഷിതവുമാണ്‌. വാമൊഴിയിലെയും വരമൊഴിയിലേയും സര്‍ഗ്ഗപ്രതിഭയെ ഹെന്‍റിച്ച്‌ ഹീന്‍ താരതമ്യം ചെയ്യുന്നത്‌ ഇങ്ങനെയാണ്‌: "The creative writer of the written tradition is doomed to be a spider who boasts of his 'original' threads drawn out of his body, whereas the unknown oral artist is the honeybee who collects from a thousand flowers her meterial."

വാമൊഴിയില്‍നിന്ന്‌ വരമൊഴിയിലേക്കും തിരമൊഴിയിലേക്കുമുള്ള ഭാഷയുടെ സാങ്കേതികവിദ്യാപരിണാമം അറിവിന്റേയും അനുഭവങ്ങളുടേയും വികേന്ദ്രീകരണവും ജനകീയവത്‌കരണവുംകൂടിയായിരുന്നു. വാമൊഴിസംസ്‌കൃതിയില്‍ വ്യക്തികളില്‍ കേന്ദ്രീകരിച്ചിരുന്ന അറിവിനെ ലിഖിതസംസ്‌കൃതി ജനകീയവത്‌കരിച്ചു. എഴുത്തിലൂടെ അറിവിനെ/അനുഭവത്തെ വ്യക്തിയില്‍നിന്ന്‌ പുറത്തുസ്ഥാപിക്കാന്‍ കഴിഞ്ഞതോടെ അറിവിന്റെ ഉടമസ്ഥത ഒരുവനില്‍നിന്ന്‌ പലരിലേക്ക്‌ പരക്കുകയായിരുന്നു. തിരമൊഴിയാകട്ടെ, പരസ്‌പരവിനിമയത്തിനുള്ള സാദ്ധ്യത (Inter activity) പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അറിവിനെ/അനുഭവത്തെ നിരന്തരമായ സംവാദത്തിനും പുതുക്കലിനും വിധേയമാക്കുന്നു. ഈ സാദ്ധ്യത വാസ്‌തവത്തില്‍ തിരമൊഴിയെ വാമൊഴിയോടടുപ്പിക്കുകയാണെന്നു കാണാം. രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചുനോക്കൂ. വക്താവും ശ്രോതാവും പരസ്‌പരം സ്ഥാനം മാറിക്കൊണ്ടാണ്‌ അതു പുരോഗമിക്കുന്നത്‌. തൊട്ടടുത്തുള്ള ഒരു ദൃശ്യമോ സംഭവമോ ആ സംഭാഷണത്തെ വിഷയത്തില്‍നിന്നു വ്യതിചലിപ്പിച്ചേക്കാം. പുതുതായി വന്നുചേരുന്ന പലരും അതില്‍ പങ്കാളികളാകാം. ചിലര്‍ അതില്‍നിന്നു വിട്ടുപോകാം. അങ്ങനെ വക്താവും ശ്രോതാവും വിഷയവുമെല്ലാം പലതവണ മാറിക്കൊണ്ട്‌ ആ സംഭാഷണം അനന്തമായി നീളുകയോ ഇടയ്‌ക്കു മുറിയുകയോ വീണ്ടും തുടരുകയോ ചെയ്‌തേക്കാം.

ഇപ്പറഞ്ഞ വാമൊഴിവഴക്കം മിക്കവാറും തിരമൊഴിപ്പാഠത്തിനും ബാധകമാണല്ലോ. പ്രാഥമികവാമൊഴിസംസ്‌കൃതി 'ഒരിക്ക'ലും 'ഒരിട'ത്തും (നാടോടിക്കഥാകഥനത്തിന്റെതുടക്കം) ഒതുങ്ങുന്നതാണ്‌. അതു 'തത്സമയ'വും 'തത്‌സ്ഥല'വുമാണ്‌. കേട്ടും പറഞ്ഞും പരക്കുന്ന ഓരോ കഥനവും ഓരോ പുതുക്കലാവും. അങ്ങനെ ദേശ്യഭേദവും രൂപഭേദവുംവന്ന നിരവധി ആഖ്യാനങ്ങള്‍ ജനിക്കുന്നു. പലപല രാമായണപാഠങ്ങള്‍പോലെ. ഒന്നും ആധികാരികമാവില്ല. അഥവാ എല്ലാം ആധികാരികം എന്നേ പറയാവൂ. പഴമൊഴികള്‍ക്കും പഴമ്പാട്ടുകള്‍ക്കും കര്‍ത്താവില്ല. പലകാലദേശങ്ങളിലായി പലരും പറഞ്ഞും പാടിയും പരന്നതാണവ. ഒറ്റയ്‌ക്കൊന്നും സൃഷ്ടിക്കുന്നില്ല. കൂട്ടായാണ്‌ രചനയും ആസ്വാദനവും. ഇപ്രകാരം കൂട്ടായ്‌മയിലധിഷ്‌ഠിതമായ ഒരു പുതിയ ഗോത്രസംസ്‌കൃതിക്ക്‌ ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍ ഇന്നു കളമൊരുക്കുന്നു. Retribalisation എന്നു മക്‌ലൂഹന്‍ വിശേഷിപ്പിക്കുന്ന ഈ മാധ്യമസംസ്‌കാരത്തില്‍ ഇന്റര്‍'നെറ്റു'മായി ആഗോളഗ്രാമത്തില്‍ 'വിവരവേട്ട'ക്കിറങ്ങുന്ന ഗോത്രജീവിയത്രേ പുതിയ സൈബര്‍പൗരന്‍!

ഭാഷാപോഷിണി (2008 മെയ്)

Thursday, July 16, 2009

മലയാളം കീബോര്‍ഡിനെക്കുറിച്ചു്

മലയാളം കീബോര്‍ഡ് മാനകീകരണം: മിന്‍സ്ക്രിപ്റ്റിന്റെ വഴി

ഡോ.മഹേഷ് മംഗലാട്ട്

ടൈപ്പ്‌റൈറ്റിംഗ് മെഷീന്‍ പ്രചാരത്തില്‍ വന്ന കാലം മുതല്‍ ആലോചനയിലുള്ള വിഷയമാണു് കീബോര്‍ഡ് മാനകീകരണം. ഈ വിഷയത്തില്‍ ആദ്യപരിശ്രമം നടക്കുന്നതു് ലിപിപരിഷ്കരണം നടപ്പിലാക്കുന്ന ഘട്ടത്തിലാണു്. കേരള സര്‍ക്കാര്‍ കീബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചിരുന്നു. എന്നാല്‍ അതിനകം തന്നെ വിവിധ ടൈപ്പ് റൈറ്റിംഗു് മെഷീന്‍ നിര്‍മ്മാതാക്കള്‍ അവര്‍ക്കു് ഉചിതം എന്നു തോന്നിയതും ഉപയോക്താക്കള്‍ സൗകര്യപ്രദം എന്നു കണക്കാക്കിയതുമായ കീബോര്‍ഡ് ലേ ഔട്ടുകള്‍ പ്രചാരത്തില്‍ വരുത്തിക്കഴിഞ്ഞിരുന്നു. കീബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു് തയ്യാറാക്കപ്പെട്ട കീബോര്‍ഡു് ടൈപ്പ് റൈറ്റിംഗു് മെഷീനിന്റെ കാര്യത്തില്‍ പ്രാവര്‍ത്തികമായിരുന്നില്ല. എങ്കിലും പ്രസ്തുത കമ്മിറ്റി വിശേഷിച്ചു് കര്‍ത്തവ്യമൊന്നുമില്ലാതെ തുടരുകയായിരുന്നു. ഈ ഘട്ടത്തിലാണു് യൂനിക്കോഡ് എന്‍കോഡിംഗിന്റെ കാലഘട്ടത്തില്‍ മലയാളം കടന്നു ചെല്ലുന്നതു്. യൂനിക്കോഡിനു് കേരള സര്‍ക്കാരിന്റെ പേരില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി നേരത്തെ ഉണ്ടായിരുന്ന കീബോര്‍ഡു് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റിയുടെ പേരു് ക്യാറക്ടര്‍ എന്‍കോഡിംഗു് ആന്റ് കീബോര്‍ഡു് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റി എന്നാക്കി മാറ്റിയിട്ടുണ്ടു്. എങ്കിലും ഇക്കാലത്തിനടിയ്ക്കു് മലയാളത്തിന്റെ യൂനിക്കോഡു് എന്‍കോഡിംഗിന്റെ കാര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനോ ഉപയോക്തൃസമൂഹത്തെ പ്രതിനിധാനം ചെയ്യാനോ ഈ കമ്മിറ്റിക്കു് സാധിച്ചിട്ടില്ല. യൂനിക്കോഡു് കോഡ്‌പേജ് മലയാളത്തിനും ഉണ്ടായെങ്കിലും അതനുസരിച്ച് ക്യാറക്ടറുകള്‍ ഇന്‍പുട്ടു് ചെയ്യുന്നതിനെക്കുറിച്ചു് നേരത്തെ പറഞ്ഞ കമ്മിറ്റി ഇതു വരെ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഇക്കാരണത്താല്‍ എല്ലാ ഇന്ത്യന്‍ ഭാഷകളും ഒരേ തലത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സിഡാക്ക് ചിട്ടപ്പെടുത്തിയ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് മലയാളഭാഷ കമ്പ്യൂട്ടറില്‍ ഇന്‍പുട്ട് ചെയ്യാനുള്ള മാനകീകൃത കീബോര്‍ഡായി പരിഗണിക്കപ്പെടുന്നു.

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിനു പുറമെ ഉപയോക്തൃസമൂഹം ചിട്ടപ്പെടുത്തിയ രണ്ടു് പ്രധാനപ്പെട്ട ഇന്‍പുട്ടു് രീതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടു്. അവയില്‍ ആദ്യത്തേതു്, രചന അക്ഷരവേദിയുടെ രചന ടെസ്റ്റ് എഡിറ്ററില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട, കെ.എച്ച്.ഹുസ്സൈന്‍ ചിട്ടപ്പെടുത്തിയ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണു്. ഇതിനു പുറമെ പ്രവാസികളായ മലയാളികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ട്രാന്‍സ്ലിറ്ററേഷന്‍ കീബോര്‍ഡും വ്യത്യസ്ത പേരുകളില്‍ നിലവിലുണ്ടു്. ആദ്യകാല ബ്ലോഗര്‍മാര്‍ ഉപയോഗിച്ചിരുന്ന വരമൊഴി എന്ന പ്രോഗ്രാമില്‍ അനുവര്‍ത്തിക്കുന്നതു് ട്രാന്‍സ്ലിറ്ററേഷന്‍ ഇന്‍പുട്ട് രീതിയാണു്. എന്നാല്‍ ഇതില്‍ ടൈപ്പു ചെയ്യുന്ന ടെക്‌സ്റ്റ് യൂനിക്കോഡായി കണ്‍വെര്‍ട്ട് ചെയ്ത് കോപ്പി ചെയ്യുകയും പേസ്റ്റു ചെയ്യുകയും വേണം എന്നതിനാല്‍ നേരിട്ട് ബ്ലോഗറിലും ചാറ്റിലും മലയാളം ടൈപ്പു ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനം എന്ന നിലയില്‍ ടുവള്‍ട്ട്‌സോഫ്റ്റിന്റെ കീമാനില്‍ മലയാളം ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിച്ച മൊഴി കീമാന്‍ എന്ന പ്രോഗ്രാം രാജ് നായര്‍ നിര്‍മ്മിക്കുകയുണ്ടായി. ബ്ലോഗര്‍മാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ രണ്ടു് ഇന്‍പുട്ട് ക്രമീകരണവും മലയാളഭാഷയെ അല്ല ഇംഗ്ലീഷിനെയാണു് അടിസ്ഥാനമാക്കുന്നതു് എന്നതിനാല്‍ യൂനിക്കോഡ് എന്‍കോഡഡ് മലയാളം ടൈപ്പു ചെയ്യാന്‍ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് കെവിന്‍ സൂര്യ ചിട്ടപ്പെടുത്തുകയുണ്ടായി. സിഡാക്കിന്റെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്റെ കീവിന്യസനവ്യവസ്ഥയോടു് അടുത്തു നില്ക്കുന്നതും എന്നാല്‍ മലയാളത്തിനു ചേരുന്ന വിധത്തില്‍ കസ്റ്റമൈസ് ചെയ്യപ്പെട്ടതുമായ കീബോര്‍ഡ് എന്ന നിലയിലാണു് കെവിന്‍ രചന ടെക്‍സ്റ്റ് എഡിറ്ററിലെ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുവാന്‍ നിശ്ചയിക്കുന്നതു്.

ചില്ലക്ഷരങ്ങള്‍ ആറ്റോമിക്കായി എന്‍കോഡു് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കെ.എച്ച്.ഹുസ്സൈന്‍ ചിട്ടപ്പെടുത്തിയ രചനയുടെ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് സവിശേഷപ്രാധാന്യമുള്ളതായി മാറിക്കഴിഞ്ഞിട്ടുണ്ടു്. ഇന്നത്തെ നിലയില്‍ യൂനിക്കോഡ് എന്‍കോഡഡ് മലയാളം ടൈപ്പു ചെയ്യാനുള്ള ഏറ്റവും ഉചിതമായ കീബോര്‍ഡു് ലേ ഔട്ട് മിന്‍സ്ക്രിപ്റ്റിന്റേതാണു്. ഈ വസ്തുത വിശദീകരിക്കുകയാണു് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. യുനിക്കോഡു് എന്‍കോഡഡ് മലയാളം ഉപയോഗിക്കുന്ന സന്ദര്‍ഭത്തില്‍ ചില്ലക്ഷരങ്ങള്‍ സൃഷ്ടിച്ചെടുക്കുവാന്‍ അടിസ്ഥാനാക്ഷരവും വിരാമ എന്നു വിളിക്കപ്പെടുന്ന ചന്ദ്രക്കലയും സീറോ വിഡ്ത്ത് ജോയിനറും ടൈപ്പു ചെയ്യുകയായിരുന്നുവല്ലോ ചെയ്തിരുന്നതു്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിലുണ്ടായിരുന്ന നുക്ത ഇല്ലാതായതിനു പകരം വന്ന കണ്‍ട്രോള്‍ ക്യാറക്ടര്‍ ടൈപ്പു ചെയ്യാന്‍ കണ്‍ട്രോള്‍, ഷിഫ്റ്റ്, ഒന്നു് എന്നിവ ഒന്നിച്ച് അമര്‍ത്തുക എന്ന അസൗകര്യം ഒഴിവാക്കാന്‍ ഒരു ഒറ്റ കീയില്‍ ചില്ലക്ഷരങ്ങള്‍ ലഭ്യമാക്കാനുള്ള ക്രമീകരണമാണു് മിന്‍സ്ക്രിപ്റ്റില്‍ നിന്നും കെവിന്‍ സൂര്യ കണ്ടെത്തി ഉപയോഗപ്പെടുത്തുന്നതു്. ചില്ലക്ഷരങ്ങള്‍ ഒറ്റക്കീയില്‍ ലഭ്യമാക്കാം എന്നതിനോടൊപ്പം വളരെ സാധാരണമായി ഉപയോഗിക്കുന്ന കൂട്ടക്ഷരങ്ങളെല്ലാം ഒറ്റ കീയില്‍ ക്രമീകരിച്ചതാണു് രചനയുടെ ടെസ്റ്റ് എഡിറ്ററിലെ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡു്. ഈ സംവിധാനം അപ്പാടെ പിന്തുടരുകയാണു് കെവിന്‍ സൂര്യ ചെയ്തിട്ടുള്ളതു്.

ഫോനറ്റിക്‍ തത്വത്തെ അടിസ്ഥാനമാക്കിയാണു് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് ക്രമീകരിക്കപ്പെട്ടത്. എന്നാല്‍ അതിനു അപവാദമായി ങ്ക എന്ന അക്ഷരം ഒറ്റ കീയില്‍, 8 ന്റെ ഷിഫ്റ്റില്‍, സ്ഥാപിക്കപ്പെട്ടിട്ടുണ്ടല്ലോ. സൗകര്യത്തെ മുന്‍നിര്‍ത്തിയുള്ള ഈ യുക്തിയെ അടിസ്ഥാനമാക്കിയാണു് രചന ടെസ്റ്റ് എഡിറ്റര്‍ പ്രോഗ്രാം ചെയ്ത കെ.എച്ച്. ഹുസ്സൈന്‍ മലയാളത്തിന്റെ സവിശേഷമായ കീബോര്‍ഡു് എന്ന ആശയം അവതരിപ്പിക്കുന്നതു്. അ, ഇ, ഉ എന്നീ അക്ഷരങ്ങളില്‍ അയ്ക്ക് സ്വരചിഹ്നമില്ലാത്തതിനാല്‍ അ യുടെ രണ്ടാം സ്ഥാനത്തു് ( നോര്‍മല്‍, ഷിഫ്റ്റ് എന്നിവ ഒന്നും രണ്ടും സ്ഥാനമായി കണക്കാക്കുക) വിരാമ എന്നു വിളിക്കപ്പെടുന്ന ചന്ദ്രക്കല സ്ഥാപിക്കുകയാണു് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ചെയ്തിട്ടുള്ളത്. നോര്‍മലില്‍ വിരാമയും ഷിഫ്റ്റില്‍ അക്ഷരവും എന്ന ക്രമമാണു് അയുടെ കാര്യത്തില്‍ അവലംബിച്ചതു്. ഇ, ഉ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ നോര്‍മലിലും അക്ഷരം ഷിഫ്റ്റിലും വിന്യസിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മലയാളഭാഷയുടെ നിയമങ്ങള്‍ അനുസരിച്ച് ഈ സ്ഥാനങ്ങള്‍ ചില്ലുകള്‍ക്കും ഉപയോഗപ്പെടുത്താം എന്ന കണ്ടെത്തലാണു് ഭാഷാശാസ്ത്രജ്ഞനും രചന ടെസ്റ്റ് എഡിറ്ററിന്റെ ഭാഷാഭാഗം കൈകാര്യം ചെയ്ത വിദഗ്ദ്ധനുമായ ആര്‍. ചിത്രജകുമാറിനോടൊപ്പം ഹുസ്സൈന്‍ കണ്ടെത്തിയതു്. പദാദിയിലല്ലാതെ മലയാളവാക്കുകളില്‍ ഈ സ്വരങ്ങള്‍ വരില്ല എന്നതിനാല്‍ പദമദ്ധ്യത്തിലും പദാന്ത്യത്തിലും ഈ സ്വരാക്ഷരസ്ഥാനം ഒഴിഞ്ഞു കിടക്കും. അത്തരം സ്ഥാനങ്ങളിലല്ലാതെ ചില്ലുകള്‍ മലയാളവാക്കുകളില്‍ വരില്ല എന്നതിനാല്‍ ചില്ലുകളെ ഈ കീകളില്‍ സ്ഥാപിക്കാവുന്നതാണു്. ഇങ്ങനെ കണ്ടെത്തിയ സ്ഥാനങ്ങളില്‍ ബാക്കി ചില്ലക്ഷരങ്ങളും ധാരാളമായി ഉപയോഗിക്കുന്ന കൂട്ടക്ഷരങ്ങള്‍ക്കും സ്ഥാനം കണ്ടെത്തുന്ന മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് വാസ്തവത്തില്‍ മലയാളത്തിന്റെ യുക്തിക്കു് അനുസരിച്ചു് ചിട്ടപ്പെടുത്തിയ ആദ്യത്തേതും സമഗ്രവുമായ കീബോര്‍ഡാണു്. ഫൊനെറ്റിക്‍ യുക്തിയുടെ ലംഘനം ഇതില്‍ ഉണ്ടു്, അതിനാല്‍ ഇതു് യുക്തിഭദ്രമല്ല എന്ന ഒരു വിമര്‍ശനം ഇതിനെതിരെ ഉന്നയിക്കാവുന്നതാണു്. എന്നാല്‍ ഫൊനെറ്റിക്‍ യുക്തിയില്‍ നിന്നും അണുവിട വ്യതിചലിക്കാതെയല്ല ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് എന്നും കാണേണ്ടതുണ്ടു്. സൗകര്യത്തെ അടിസ്ഥാനമാക്കിയുള്ള ക്വര്‍ട്ടി കീബോര്‍ഡു് യുക്തി കീ വിന്യസനത്തില്‍ അവഗണിക്കാനാകാത്തതാണു്. അതിനാലാണല്ലോ അക്ഷരങ്ങളെ അകാരാദിക്രമത്തില്‍ ഒരു കീബോര്‍ഡു് ലേ ഔട്ടിലും വിന്യസിക്കാതിരിക്കുന്നതു്. എന്നു മാത്രമല്ല ഖരാക്ഷരങ്ങളുടെ വിന്യസനം ക,ത,ച,ട എന്ന ക്രമത്തിലുമാണല്ലോ. പകാരത്തെ കകാരത്തിനു് ഇടതു വശത്തു് ഒരു കീയ്ക്കു് അപ്പുറത്തും സ്ഥാപിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് കീവിന്യസനത്തിലെ അടിസ്ഥാനയുക്തി ഫൊനെറ്റിക്‍ ആണെന്നു പറയുമ്പോഴും അതു് സൗകര്യാധിഷ്ഠിതവിന്യസനം കൂടിയാണു്. ഫോനറ്റിക്‍-ക്വര്‍ട്ടി യുക്തികളുടെ വിവേചനപൂര്‍വ്വവും യുക്തിസഹവുമായ സംയോജനം നിര്‍വ്വഹിച്ച മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് മലയാളത്തിന്റെ യുക്തിയില്‍ അധിഷ്ഠിതമാണു് എന്നതിനാല്‍ പ്രസ്തുക കീബോര്‍ഡു് ചിട്ടപ്പെടുത്തിയ കാലത്തു് വിഭാവനം ചെയ്യാന്‍ പോലും സാധിക്കാതിരുന്നതും എന്നാല്‍ ഇന്നു് നാം അഭിമുഖീകരിക്കുന്നതുമായ പ്രശ്നങ്ങള്‍ക്കു് പരിഹാരം നിര്‍ദ്ദേശിക്കുന്ന കീബോര്‍ഡായിത്തീരുന്നു.

ചില്ലക്ഷരങ്ങള്‍ അടിസ്ഥാനാക്ഷരമായി ആറ്റോമിക്കായി എന്‍കോഡു് ചെയ്യണമെന്ന വാദം ഉന്നയിച്ചവര്‍, അങ്ങനെ എന്‍കോഡു് ചെയ്യപ്പെട്ട ആണവചില്ലുകളുടെ കീബോര്‍ഡിലെ സ്ഥാനത്തെക്കുറിച്ചു്, മറ്റു പല കാര്യങ്ങളിലും എന്നതുപോലെ ഉദാസീനരായിരുന്നു മൂന്നു കീകള്‍ അമര്‍ത്തി ചില്ലുകള്‍ സൃഷ്ടിക്കുന്നതിനു പകരം ഒറ്റക്കീയില്‍ ചില്ലു വരുമെന്ന വറ്റു പറച്ചില്‍ കീബോര്‍ഡില്‍ അതിന്റെ സ്ഥാനം എവിടെ എന്ന ചോദ്യത്തിനു മുമ്പില്‍ മൗനാചരണമായി മാറി. ട്രാന്‍സ്ലിറ്ററേഷനില്‍ അത് എങ്ങനെ സാധിക്കും എന്നല്ലാതെ ഇന്‍സ്ക്രിപ്റ്റ് ലേ ഔട്ട് ഉപയോഗിക്കുന്നവര്‍ ചില്ലക്ഷരമില്ലാത്തവരായിപ്പോയ ദുരവസ്ഥയ്ക്കു പരിഹാരം നിര്‍ദ്ദേശിക്കാനില്ലാത്തവരായിരുന്നു. ഇതിനു പരിഹാരം മൊഴി കീമാനില്‍ കെവിന്റെ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് ചേര്‍ക്കുക എന്നതു മാത്രമാണു്. രചന ടെസ്റ്റ് എഡിറ്ററില്‍ ഹുസ്സൈന്‍ ചിട്ടപ്പെടുത്തിയ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് രണ്ടു വിധത്തില്‍ ചില്ലക്ഷരം ടൈപ്പു ചെയ്യാന്‍ സഹായിക്കുന്നതാണു്. നുക്ത ഉപയോഗിച്ചും ചില്ലിന്റെ ഒറ്റക്കീ ഉപയോഗിച്ചും. ഇന്നു് നമ്മുടെ മുന്നിലെ പ്രശ്‌നം രണ്ടു തരം ചില്ലുകളാണു്. ഉപയോക്താവിന്റെ താല്പര്യമനുസരിച്ചു് ചില്ലുകള്‍ ഇന്‍പുട്ടു് ചെയ്യാന്‍ സാധിക്കണം. സീറോ വിഡ്ത്ത് ജോയിനര്‍ സീക്വന്‍സായും ആണവചില്ലായും ചില്ലുകള്‍ ടൈപ്പു ചെയ്യാന്‍ സാധിക്കുക എന്നതു് ഇന്നു് മലയാളത്തിന്റെ കീബോര്‍ഡിനു് ഉണ്ടായിരിക്കേണ്ട മുഖ്യയോഗ്യതയാണു്. അതു് മിന്‍സ്ക്രിപ്റ്റിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. യൂനിക്കോഡ് മലയാളത്തിന്റെ കീബോര്‍ഡു് ലേ ഔട്ടു് സാദ്ധ്യമാക്കാന്‍ ഇതല്ലാതെ വേറെ ഉപാധികള്‍ ഒന്നുമില്ല.

ചില്ലുകള്‍ ഒറ്റ കീയില്‍ ലഭ്യമാക്കുന്ന സന്ദര്‍ഭത്തില്‍ യുക്തിപൂര്‍വ്വമായ ഒരു സീക്വന്‍സിലാണു് മിന്‍സ്ക്രിപ്റ്റില്‍ അവ വിന്യസിക്കപ്പെട്ടിരിക്കുന്നതു്. ആ യുക്തി ഫോനറ്റിക്‍ യുക്തിയല്ല എന്നു മാത്രം. മലയാളത്തിന്റെ ഫോനറ്റിക്‍ കീബോര്‍ഡില്‍ (ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡു്) മ്പ എന്ന അക്ഷരം ന, വിരാമ, പ എന്ന സീക്വന്‍സിന്റെ സൃഷ്ടിയാണു്. ഇതു് ഫോനെറ്റി യുക്തിയനുസരിച്ചു് തെറ്റാണു്. അതിനാല്‍ മിന്‍സ്ക്രിപ്റ്റില്‍ അത് മ, വിരാമ, പ എന്ന സീക്വന്‍സാക്കി തിരുത്തിയിട്ടുണ്ട്. ഭാഷയുടെ യുക്തിയോടു് പൂര്‍ണ്ണമായും നീതിചെയ്യുന്ന ഈ കീബോര്‍ഡ് ലേ ഔട്ടിനകത്തു് ഇനിയും ഇരുപതു് അക്ഷരങ്ങള്‍ക്കു് സ്ഥാനമുണ്ടെന്നു് ഇതിന്റെ ശില്പിയായ കെ.എച്ച്.ഹുസ്സൈന്‍ പറയുന്നുണ്ടു്. ഇപ്പോഴും കീബോര്‍ഡികത്തു് സ്ഥാനനിര്‍ണ്ണയം നടത്തപ്പെട്ടിട്ടില്ലാത്ത മലയാളത്തിന്റെ മുഴുവന്‍ അക്ഷരങ്ങള്‍ക്കും മിന്‍സ്ക്രിപ്റ്റ് ഇടം നല്കും. മിന്‍സ്ക്രിപ്റ്റ് മാത്രമേ ഇടം നല്കൂ എന്നു പറഞ്ഞാലും അതിശയോക്തിയില്ല.

മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രം

മലയാളംകമ്പ്യൂട്ടിംഗ് ചരിത്രസംക്ഷേപം

ഡോ. മഹേഷ് മംഗലാട്ടു്

ടി.വി.സുനീതയുടെ സൈബര്‍മലയാളം എന്ന പുസ്തകത്തില്‍ നിന്നും

കമ്പ്യൂട്ടറില്‍ മലയാളഭാഷ ഉപയോഗിച്ചു തുടങ്ങുന്നതു് ആദ്യമായി അച്ചടിയുടെ മേഖലയിലാണു്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസു് ഓപ്പറേറ്റിംഗു് സിസ്റ്റം പ്രചാരത്തില്‍ വരുന്നതിനു മുമ്പുതന്നെ ഇതു് ആരംഭിച്ചുവെങ്കിലും മലയാളത്തിന്റെ ഉപയോഗം വ്യാപകമാകുന്നതു് വെബ്ബധിഷ്ഠിത ആശയവിനിമയസാദ്ധ്യതകള്‍ രൂപപ്പെട്ടതിനു ശേഷമാണു്. മലയാളം ബ്ലോഗുകളാണു് വാസ്തവത്തില്‍ കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നതു് വ്യാപകമാക്കിയതു് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അതുവരെ പത്രമാസികാദികളുടെ അച്ചടിക്കും പിന്നീടു് പുസ്തകപ്രസാധനത്തിനുമായിരുന്നു മുഖ്യമായും മലയാളഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചതു്. വ്യക്തിഗതമായ ഉപയോഗത്തെക്കാള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായിരുന്നു ഈ ഘട്ടത്തിലെ മലയാളം ഉപയോഗം. യൂനിക്കോഡ് എന്‍കോഡിംഗ് പിന്തുടരുന്ന മലയാളം ഫോണ്ടുകള്‍ ഉപയോഗിച്ചുള്ള ബ്ലോഗുകളാണ് വൈയക്തികമായ ആശയപ്രകാശത്തിന് കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തത്. അതിനാല്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ അറിയപ്പെടുന്ന ചരിത്രം അച്ചടിക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട വിവിധ സോഫ്റ്റുവേറുകളില്‍ നിന്നു തുടങ്ങി യൂനിക്കോഡു് എന്‍കോഡിംഗില്‍ അധിഷ്ഠിതമായ മലയാളം ഫോണ്ടുകളുടെ ടൈപ്പിംഗു് സാദ്ധ്യമാക്കിയ ഉപകരണങ്ങള്‍ വരെയുള്ളതാണു്. എന്നിരുന്നാലും മുപ്പതു വര്‍ഷത്തോളം ദൈര്‍ഘ്യമുള്ള ഈ ചരിത്രം ഏകമുഖമായ വികാസഗതിയുള്ളതായിരുന്നുവെന്നു് കരുതാവുന്നതല്ല. മലയാളം കമ്പ്യൂട്ടിംഗിന്റെ ലഘുചരിത്രം രേഖപ്പെടുത്തുകയെന്നതാണു് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ഭാഷാകമ്പ്യൂട്ടിംഗിന്റെ ആധാരശില എന്‍കോഡിംഗു് വ്യവസ്ഥയാണു്. കീബോര്‍ഡിലെ കട്ടകളില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ മോണിറ്ററില്‍ അക്ഷരങ്ങള്‍ തെളിയുന്നതിന്നു പിന്നില്‍ നടക്കുന്ന സങ്കീര്‍ണ്ണമായ പ്രവത്തനങ്ങള്‍ ഫലവത്താകുന്നതു് നിശ്ചിതമായ ഒരു എന്‍കോഡിംഗു് വ്യവസ്ഥയനുസരിച്ചു് ഭാഷയിലെ ലിപിചിഹ്നങ്ങള്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തികമാക്കുന്നുവെന്നതിനാലാണു്. കമ്പ്യൂട്ടറിന്റെ ചരിത്രത്തിന്റെ ആദ്യഘട്ടത്തില്‍ ഇംഗ്ലീഷു് ഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിച്ച ഉപയോക്താക്കളെല്ലാം വ്യത്യസ്തങ്ങളായ എന്‍കോഡിംഗിന്റെ അടിസ്ഥാനത്തില്‍ ആംഗലാക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുകയായിരുന്നു. ഓരോ കമ്പ്യൂട്ടറിലും പരസ്പരം പൊരുത്തമില്ലാത്ത എന്‍കോഡിംഗു് ഉപയോഗിക്കുന്നതിനാല്‍ ഒരു കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയ ടെസ്റ്റു് ഫയല്‍ മറ്റൊരു കമ്പ്യൂട്ടറില്‍ കാണാനോ എഡിറ്റു ചെയ്യാനോ സാധിക്കുകയില്ല. കമ്പ്യൂട്ടറുകള്‍ക്കിടയിലെ വിവരവിനിമയം അസാദ്ധ്യമാക്കിയ ഈ അവസ്ഥയ്ക്കു് പരിഹാരമായാണു് മാനകീകൃതമായ എന്‍കോഡിംഗിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ നടന്നതു്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട എന്‍കോഡിംഗു് മാനകീകരണത്തില്‍ ആസ്കി (American Standaratd Code for Information Interchange എന്നതിന്റെ ചുരുക്കരൂപം) വ്യവസ്ഥ നിലവിലിരുന്ന കാലത്താണു് മലയാളഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുവാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുന്നതു്. നേരത്തെ സൂചിപ്പിച്ചതു പോലെ യൂനിക്കോഡു് കാലഘട്ടത്തിലാണു് നാം ഇക്കാര്യത്തില്‍ എത്തി നില്ക്കുന്നതു്. ഈയൊരു അടിസ്ഥാനത്തില്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തെ നിരക്ഷിക്കുവാനാണു് ഇവിടെ ശ്രമിക്കുന്നതു്. അങ്ങനെ വരുമ്പോള്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തില്‍ മൂന്നു് ഘട്ടങ്ങളുണ്ടെന്നു കാണാം.

ഘട്ടവിഭജനം

ആസ്കി എന്‍കോഡിംഗിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ ടൈപ്പു ചെയ്യാം എന്ന അന്വേഷണത്തിനു് രണ്ടു് ഘട്ടങ്ങളുണ്ടു്. പ്രോഗ്രാമര്‍മാര്‍ സ്വന്തം നിലയില്‍ നിശ്ചയിച്ച എന്‍കോഡിംഗിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ആദ്യഘട്ടവും, ഇത്തരം വ്യത്യസ്ത എന്‍കോഡിംഗുകള്‍ വിവരവിനമയം അസാദ്ധ്യമാക്കുമെന്നതിനാല്‍ കോഡുകള്‍ മാനകീകരിച്ച രണ്ടാം ഘട്ടവും. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇലട്രോണിക്‌സു് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രവര്‍ത്തനം പൂര്‍ണ്ണതയിലെത്തുന്നതു് പൂനെയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഡാ ആസ്കി എന്‍കോഡിംഗിന്റെ മാതൃകയില്‍ ഇസ്കി (ISCII- Indian Standard Code for Information Interchange എന്നതിന്റെ ചുരുക്കരൂപം) കോഡിംഗു് വ്യവസ്ഥ രൂപവത്കരിക്കുയും അതിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ഫോ എന്ന ഫോണ്ടു് കോഡു് നിര്‍മ്മിക്കുകയും ചെയ്യുന്നതോടെയാണു്. അച്ചടിരംഗത്തു് മലയാളത്തിന്റെ പ്രയോഗം വ്യാപകമാക്കുന്നതില്‍ ഈ എന്‍കോഡിംഗു് വ്യവസ്ഥ പിന്തുരുന്ന സിഡാക്കിന്റെ ഭാഷാകമ്പ്യൂട്ടിംഗു് ഉല്പന്നങ്ങള്‍ വഹിച്ച പങ്കു് നിര്‍ണ്ണായകപ്രാധാന്യമുള്ളതാണു്. ഇന്നും ഇസ്കി എന്‍കോഡിംഗിന്റെ അടിസ്ഥാനത്തിലുള്ള ഉല്പന്നങ്ങള്‍ തന്നെയാണു് അച്ചടി രംഗത്തു് നിലനില്ക്കുന്നതു്. യൂനിക്കോഡു് എന്‍കോഡിംഗു് ബ്ലോഗിംഗിന്റെയും വിക്കിപീഡിയുടെയും വെബ്ബു് സൈറ്റുകളുടെയും മേഖലയില്‍ ഒതുങ്ങിയിരിക്കുന്നു. അതിനാല്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തെ ഇസ്കി പൂര്‍വ്വഘട്ടം, ഇസ്കി ഘട്ടം, യൂനിക്കോഡു് ഘട്ടം എന്നിങ്ങനെ മൂന്നായി തിരിക്കാവുന്നതാണു്.

മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ഇംഗ്ലീഷിനെ അപേക്ഷിച്ച് അക്ഷരസംഖ്യ കൂടുതലുള്ളവയാണ്. അവയാകട്ടെ വ്യഞ്ജനത്തോടൊപ്പം സ്വരങ്ങള്‍ ചേരുമ്പോള്‍ കൈക്കൊള്ളുന്ന ലിപിരൂപങ്ങളും കൂട്ടക്ഷരങ്ങളും ചേരുമ്പോള്‍ അതിവിപുലമായ ലിപിസഞ്ചയമുള്ളവയായിത്തീരുന്നു. എഴുത്തിലും അച്ചടിയിലും ഉപയോഗിച്ചു പോന്ന ഈ ലിപിസഞ്ചയം ഒരു പ്രശ്‌നമായി അനുഭവപ്പെട്ടത് ടൈപ്പ് റൈറ്റിംഗ് മെഷീനില്‍ അവ ഉപയോഗിക്കാന്‍ നിശ്ചയിച്ചപ്പോഴാണ്. ഇംഗ്ലീഷ് അക്ഷരങ്ങളുടെ അമ്പത്തിരണ്ട് സ്ഥാനങ്ങളും അക്കങ്ങള്‍ക്കും ചിഹ്നനത്തിനുമുള്ള ബാക്കി സ്ഥാനങ്ങളും ഉപയോഗിച്ച് എങ്ങനെ ഈ ബൃഹത്തായ ലിപിസഞ്ചയത്തെ കൈകാര്യം ചെയ്യാമെന്ന ചിന്ത ഇന്ത്യയിലെ എല്ലാ പ്രാദേശികഭാഷകളിലും ഉണ്ടായിരുന്നതാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗികഭാഷയായി പ്രാദേശികഭാഷകള്‍ ഉപയോഗിക്കുമ്പോള്‍ കൈയ്യെഴുത്തു കാലത്തേക്ക് പോകേണ്ടി വരുന്നത് ഒഴിവാക്കുവാനുള്ള സൂത്രവിദ്യ കണ്ടുപിടിക്കുകയായിരുന്നു അക്കാലത്ത് ചെയ്തത്. അക്ഷരങ്ങളുടെ എണ്ണവും ഇവ കൈകാര്യം ചെയ്യാനുള്ള സംവിധാനത്തിന്റെ പരിമിതിയും എന്നതായിരുന്നു ഈ സുത്രവിദ്യയുടെ നിയാമകഘടകങ്ങള്‍. അക്ഷരങ്ങളുടെ എണ്ണം കുറയ്ക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം എന്നതായിരുന്നു ഇതിന് അവലംബിച്ച തന്ത്രം. മലയാളഭാഷയുടെ കാര്യത്തില്‍ പുതിയ ലിപി എന്നു വിളിക്കപ്പെടുന്ന ലിപിസമ്പ്രദായം നിര്‍ദ്ദേശിക്കപ്പെടുന്നത് ഈ സന്ദര്‍ഭത്തിലാണ്. എന്നാല്‍ ടൈപ്പ് റൈറ്ററില്‍ നിന്ന് വ്യത്യസ്തമായ യന്ത്രസംവിധാനം എന്ന നിലയില്‍ മെച്ചപ്പെട്ട വിധത്തില്‍ കമ്പ്യൂട്ടറിന് ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. ഓഫ്‌സെറ്റ് അച്ചടിയുടെ സാദ്ധ്യതകള്‍ വിപുലപ്പെടുത്തിയ ഫോട്ടോടൈപ്പ്‌സെറ്റിംഗ് സംവിധാനത്തിന് കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടത് ആവശ്യമായിരുന്നു. ഇങ്ങനെ ഒരു ആവശ്യത്തില്‍ നിന്നാണ് മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു പരീക്ഷണം നടക്കുന്നത്.

അമ്പാള്‍ പ്രസ്സ് പരീക്ഷണം

പാലക്കാട് നഗരത്തിലെ ഒരു അച്ചുകൂടമാണ് അമ്പാള്‍ പ്രസ്സ്. അച്ചടിയിലെ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുവാനുള്ള പരിശ്രമത്തിനിടയിലാണ് മലയാളത്തില്‍ ഫോട്ടോടൈപ്പ്‌സെറ്റിംഗ് നടത്തുവാനുള്ള ക്രമീകരണം ഉണ്ടാക്കിയെടുക്കുവാന്‍ അമ്പാള്‍ പ്രസ്സിന്റെ ഉടമസ്ഥര്‍ നിശ്ചയിച്ചത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ കേരളത്തില്‍ പലവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലം. അക്കാലത്ത് ഇടതുപക്ഷ ബാങ്കിംഗ് സംഘടനകളും യുവജന-സര്‍വ്വീസ് സംഘടനകളും കമ്പ്യൂട്ടറിനെതിരെ പോരാട്ടം നടത്തുകയായിരുന്നു. കമ്പ്യൂട്ടര്‍ പഠനകേന്ദ്രങ്ങളും സോഫ്റ്റ്‌വേര്‍ പ്രോഗ്രാമര്‍മാരും കേരളത്തില്‍ പരിമിതമായിരുന്ന അക്കാലത്ത് ഇതിനായി ഹോളണ്ടിലുള്ള ഒരു കമ്പനിയെ ചുമതലപ്പെടുത്തുകയായിരുന്നു അമ്പാള്‍ പ്രസ്സ് ചെയ്തത്. മലയാളഭാഷയിലെ അക്ഷരരൂപങ്ങളെ എങ്ങനെ ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന കീബോര്‍ഡ് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ പ്രാവര്‍ത്തികമാക്കാം എന്നതായിരുന്നു അവരുടെ കര്‍ത്തവ്യം. സാമ്പ്രദായികമായ അച്ചടിയില്‍ ഉപയോഗിച്ചിരുന്ന തൊള്ളായിരത്തോളം ലിപിചിഹ്നങ്ങള്‍, സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, മദ്ധ്യമങ്ങള്‍, ഊഷ്മാക്കള്‍, ചില്ലുകള്‍ എന്നീ ഗണങ്ങളില്‍ പെടുന്ന അക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍, ഇരട്ടിപ്പുകള്‍ എന്നിങ്ങനെ അതീവ സങ്കീര്‍ണ്ണമായ മലയാളഭാഷയെ വരുതിയില്‍ നിറുത്താന്‍ പര്യാപ്തമായ യുക്തിയല്ല ഇംഗ്ലീഷിനും മറ്റ് യൂറോപ്യന്‍ഭാഷകള്‍ക്കുമുള്ളത്. അതിനാല്‍ അവയുടെ മാതൃക പിന്തുടരാനോ അനുകരിക്കാനോ സാദ്ധ്യമല്ല. ഈ സാഹചര്യത്തില്‍ മലയാളത്തിലെ അക്ഷരങ്ങള്‍ മുഴുവന്‍ ടൈപ്പുചെയ്യാനായി പ്രത്യേകം കീബോര്‍ഡ് തന്നെ അവര്‍ രൂപകല്പന ചെയ്തു. നിലവില്‍ നാം ഉപയോഗിക്കുന്ന ക്വര്‍ട്ടി (QWERTY) കീബോര്‍ഡ് മലയാളത്തിന് മതിയാവില്ല എന്ന പൂര്‍വ്വാനുമാനത്തില്‍ നിന്നുമാണ് ഇങ്ങനെയൊരു പ്രയോഗരീതി അവര്‍ വികസിപ്പിച്ചെടുത്തത്.

ഇംഗ്ലീഷ് ടൈപ്പ് റൈറ്ററിന്റെ കീബോര്‍ഡിനു പകരം മൂന്നിരട്ടിയോളം എണ്ണം കട്ടകള്‍ അധികം വരുന്ന വിപുലമായ മലയാളം കീബോര്‍ഡാണ് ഹോളണ്ട് കമ്പനി നിര്‍മ്മിച്ചു നല്കിയത്. കമ്പരാമായണവും മറ്റും ഇത് ഉപയോഗിച്ച് ടൈപ്പ്‌സെറ്റു ചെയ്യുകയും അച്ചടിക്കുകയും ചെയ്തു. ഫോട്ടോടൈപ്പ്‌സെറ്റിംഗിന്റെ മാതൃകയില്‍ ഫോട്ടോഗ്രാഫിക്കായി അക്ഷരങ്ങള്‍ ആലേഖനം ചെയ്യുന്ന തീര്‍ത്തും ഡിജിറ്റലല്ലാത്ത ഒരു ഡസ്ക്‌ടോപ് സിസ്റ്റമായിരുന്നു അത്. രണ്ടു വര്‍ഷത്തോളം ഇത് അമ്പക്കള്‍ പ്രസ്സ് ഉപയോഗിച്ചു. അങ്ങനെയിരിക്കെ കേടുവന്ന യന്ത്രസംവിധാനം നന്നാക്കാന്‍ അന്വേഷിക്കുമ്പോള്‍ ഹോളണ്ട് കമ്പനി പൂട്ടിപ്പോയിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ IBM-PC കളെ അടിസ്ഥാനമാക്കി മുന്നേറിയ ഭാഷാ സാങ്കേതികതയും ഡിടിപി സിസ്റ്റങ്ങളും ലോകത്തിലെ പ്രമുഖരായ ഫോട്ടോടൈപ്പ്‌സെറ്റിംഗ് കമ്പികളെ ഇങ്ങനെ പൂട്ടിച്ചു കളഞ്ഞു. നിലനിന്നിരുന്നുവെങ്കില്‍, പുതിയ അക്ഷരങ്ങളുടെ ഡി.ടി.പി പ്രളയത്തില്‍ തനതുലിപിയുടെ പ്രസക്തിയും പ്രയോഗവും കെടാതിരിക്കാന്‍ അമ്പാള്‍ പ്രസ്സിന്റെ പരീക്ഷണത്തിനു കഴിഞ്ഞേനെ. രചന വന്നതിനു ശേഷം ഇപ്പോള്‍ പല ഗ്രന്ഥങ്ങളും അവര്‍ തതുലിപിയില്‍ പ്രസിദ്ധീകരിക്കുന്നു. പാലക്കാട്ടുള്ള അമ്പാള്‍ പ്രസ്സ് എണ്‍പതുകളുടെ മദ്ധ്യത്തില്‍ മലയാളത്തിന്റെ തനതുലിപിക്കു വേണ്ടി നടത്തിയ ഈ സംരംഭം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.

ഫോട്ടോ ടൈപ്പ് സെറ്റിംഗ്

1980കളുടെ തുടക്കത്തിലാണ് ഡസ്ക്‌ടോപ് കമ്പ്യൂട്ടര്‍ കേരളത്തില്‍ എത്തുന്നത്. ഐ.ബി.എം പിസികളെക്കാള്‍ ആപ്പിള്‍ മക്കിന്‍ടോഷ് ആയിരുന്നു അക്കാലത്ത് കൂടുതല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നത്. മലയാളത്തില്‍ ഡി.ടി.പി കടന്നു വരുന്നതും പ്രയോഗിക്കപ്പെടുന്നതും മക്കിന്റോഷിലൂടെയാണ്. അതിനു മുമ്പ് ഒരു ദശകത്തോളം പത്രസ്ഥാപനങ്ങള്‍ അച്ചടിക്ക് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ ഫോട്ടോടൈപ്പ്‌സെറ്റിംഗിന്റേതായിരുന്നു. മലയാള മനോരമ, മാതൃഭൂമി, ദീപിക മുതലായ വന്‍ പത്രസ്ഥാപനങ്ങളിലായിരുന്നു ഫോട്ടോ ടൈപ്പ് സെറ്റിംഗ് മെഷീനുകള്‍ ഉണ്ടായിരുന്നത്. കീബോര്‍ഡ് ഉപയോഗിച്ച് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാനും സംയുക്താക്ഷരങ്ങള്‍ ഉണ്ടാക്കാനും കമ്പ്യൂട്ടര്‍ സാങ്കേതികത തന്നെയാണ് ഉപയോഗിച്ചിരുന്നതെങ്കിലും അക്ഷരങ്ങള്‍ വാര്‍ന്നു വീഴുന്നത് സെല്ലുലോയിഡില്‍ പതിപ്പിച്ച അക്ഷരമാതൃകയില്‍ നിന്നുമായിരുന്നു. അതാവട്ടെ ഇന്ന് നിലവിലിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യ ആയിരുന്നില്ല. അതിനാല്‍ അങ്ങനെ നിര്‍മ്മിക്കപ്പെട്ട ടെക്‌സ്റ്റുകള്‍ ഡിജിറ്റല്‍ ടെക്‌സ്റ്റുകളുമായിരുന്നില്ല.

മക്കിന്റോഷും കൂടെ വന്ന ഡസ്ക് ടോപ് ലേസര്‍ പ്രിന്ററും ടൈപ്പ് സെറ്റിംഗിനെ ആകെ മാറ്റി മറിച്ചു. മക്കിന്റോഷിലുണ്ടായിരുന്ന ആള്‍ഡസ് പേജ്‌മേക്കര്‍ എന്ന പ്രോഗ്രാം ( ഇത് പിന്നീട് അഡോബ് ലബോറട്ടറീസ് വാങ്ങുകയും അഡോബ് പേജ്‌മേക്കറായി മാറുകയും ചെയ്തു) ടെക്‌സ്റ്റ് ടൈപ്പ് ചെയ്യുക മാത്രമല്ല പേജ് ക്രമീകരിക്കാനുമുള്ള സംവിധാനം ഈ പ്രോഗ്രാമിന് ഉണ്ടായിരുന്നു. ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ട പേജ്‌മേക്കര്‍ ടൈപ്പ്‌സെറ്റിംഗിനെ പേജ് ലേഔട്ട് സംവിധാനത്തിലേക്കുയര്‍ത്തി. കേരളത്തില്‍ ഡി.ടി.പി അഥവാ ഡസ്ക് ടോപ് പബ്ലിഷിംഗിന്റെ തുടക്കം അവിടെയാണ്. എണ്‍പതുകളുടെ രണ്ടാം പകുതിയിലാണ് ഐ.ബ്.എം പിസികള്‍ ഡി.ടി.പിക്കു വേണ്ടി ഉപയോഗിക്കുന്നത്. മലയാളത്തിന്റെ വ്യാപകമായ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങുന്നത് അങ്ങനെയാണ്.

ഇസ്കിയും ഇസ്‌ഫോക്കും ഇന്‍സ്ക്രിപ്റ്റും

ഇന്ത്യയിലെ പ്രാദേശികഭാഷകള്‍ക്കുവേണ്ടി ഫോണ്ടുകളും ടെക്‌സ്റ്റ് എഡിറ്റിംഗ് പ്രോഗ്രാമുകളും ഉണ്ടാക്കാനായി ആദ്യം രംഗത്തു വന്നത് ബോംബെയിലെ അബാക്കസ്, ഹൈദരബാദിലെ വിഷന്‍ലാബ് എന്നീ കമ്പനികളാണ്. പിന്നീട് പ്രകാശ എന്ന പ്രോഗ്രാമുമായി ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊനാറ്റ എത്തി. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനങ്ങള്‍ പുസ്തകങ്ങളുടെ അച്ചടിക്ക് ആവശ്യമായ ഭാഷാ സോഫ്റ്റ്‌വേര്‍ വിപണിയിലെത്തിച്ചു. ഇല ഓരോന്നും തങ്ങള്‍ക്ക് സൗകര്യപ്രദമായ എന്‍കോഡിംഗ് വ്യവസ്ഥയാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല ഇവയില്‍ ഓരോന്നിലും ഉണ്ടായിരുന്ന ലിപിചിഹ്നങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരുന്നു. ഒരു പ്രോഗ്രം ഉപയോഗിച്ചു ടൈപ്പു ചെയ്യാനാകുന്ന അക്ഷരം വേറൊന്നില്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് ഇതിന്റെ ഫലമായി ഉണ്ടായിരുന്നത്. മാത്രമല്ല, ഓരോ പ്രോഗ്രാമും വ്യത്യസ്തമായ കീബോര്‍ഡ് വിന്യസനമാണ് ഉപയോഗിച്ചിരുന്നത്. ഒരു കീബോര്‍ഡ് പരിശീലിച്ച ഒരാള്‍ക്ക് മറ്റൊരു പ്രോഗ്രാം ഉപയോഗിക്കണമെങ്കില്‍ വേറൊരു കീബോര്‍ഡ് വിന്യസനം പഠിക്കേണ്ടതായി വരും. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ സാധ്യമാണെങ്കിലും അത് വളരെ പ്രയാസകരമാണ് എന്ന ധാരണ വ്യാപകമാക്കാന്‍ ഇതു വഴിയൊരുക്കി. ഈ പ്രശ്‌നം മലയാളത്തന്‍നു മാത്രമല്ല എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും സാമാന്യമായി നേരിടേണ്ടി വന്നതാണ്. ഇതിന് പ്രതിവിധി എന്ന നിലയിലാണ് എന്‍കോഡിംഗിന്റെ മാനകീകരണം ആവശ്യമായി വരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്രസര്‍ക്കാരിന്റെ ഇലട്രോണിസ് വിഭാഗം ഈ പ്രവര്‍ത്തനത്തിന്റെ ചുമതലക്കാരായി. അവര്‍ ആരംഭിച്ച പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി സോഫ്റ്റ്‌വേറുകള്‍ നിര്‍മ്മിക്കുവാനുള്ള ചുമതല കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൂനെയിലുള്ള സിഡാക്കിനു നല്കുകയും ചെയ്തു.

ആസ്കി എന്‍കോഡിംഗിന്റെ മാതൃക പിന്തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ട എട്ട് ബിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍കോഡിംഗാണ് ഇന്ത്യന്‍ഭാഷകള്‍ക്കായി നല്കിയിട്ടുള്ളത്. ഇതിനെ ആസ്കിയെ അനുകരിച്ച് ഇസ്കി എന്ന് നാമകരണം ചെയ്തു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ച് (Indian Standard Code for Information Interchange) എന്നതിന്റെ ചുരുക്കരൂപമാണ് ഇസ്കി. ഇസ്കി എന്‍കോഡിംഗിനെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ഫോണ്ട് കോഡാണ് ഇസ്‌ഫോക്‍ (ISFOC). ഇന്ത്യന്‍ സ്ക്രിപ്റ്റ് ഫോണ്ട് കോഡ് എന്നതിന്റെ ചുരുക്കരൂപമാണ് ഇസ്‌ഫോക്‍. എല്ലാ ഇന്ത്യന്‍ ഭാഷകളും ചരിത്രപരമായ സവിശേഷതകള്‍ കാരണം ഏറെക്കുറേ സമാനമായ അക്ഷരമാലാക്രമം ദിക്ഷിച്ചുള്ളവയാണ്. സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, മദ്ധ്യമങ്ങള്‍, ഊഷ്മാക്കള്‍ എന്നിങ്ങനെയാണ് അവയുടെ വ്യവസ്ഥ. ഓരോ ഭാഷയ്ക്കും ഇതില്‍ ചില്ലറ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഉദാഹരണമായി , മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ ഉള്ളവയാണ് ചില്ലുകള്‍. തമിഴില്‍ അതിഖരം,മൃദു,ഘോഷം എന്നിവയില്ല എന്നത് വേറൊരു ഉദാഹരണം. എങ്കിലും എല്ലാ ഭാരതീയഭാഷകള്‍ക്കും പൊതുവായ ഒരു ക്രമം കണ്ടെത്താനാകും. ഈ ക്രമത്തെ അടിസ്ഥാനമാക്കിയാണ് ഇസ്‌ഫോക്‍ കോഡ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ സ്ക്രിപ്റ്റ് എന്നതുകൊണ്ട് ഒരു ഭാഷയേയാണ് വിവക്ഷിക്കുന്നത്. മലയാളം ഈ വ്യവസ്ഥയാനുസരിച്ച് ഒരു സ്ക്രിപ്റ്റാണ്, തമിഴ്, കന്നടം,ബംഗാളി എന്നിവ അതു പോലെ വേറെ ചില സ്ക്രിപ്റ്റുകളുമാണ്. അവയില്‍ ഓരോന്നിലുമുള്ള അക്ഷരങ്ങളാണ് ഫോണ്ട് എന്നതിനാല്‍ അര്‍ത്ഥമാക്കുന്നത്. ഈ വ്യവസ്ഥയനുസരിച്ച് MLTTRevathi എന്നത് മലയാളം എന്ന സ്ക്രിപ്റ്റിലെ ട്രൂടൈപ്പ് ഗണത്തില്‍ പെടുന്ന ഫോണ്ട് രേവതി എന്നാണ് സൂചിപ്പിക്കപ്പെടുന്നത്. ഇസ്‌ഫോക്‍ കോഡിംഗിന്റെ അടിസ്ഥാനത്തില്‍ ഫോണ്ടുകള്‍ ഉപയോഗിക്കാനായി രൂപകല്പന ചെയ്യപ്പെട്ട കീബോര്‍ഡ് മാനേജര്‍ പ്രോഗ്രാമാണ് ഐ.എസ്.എം (ISM) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസേ്ഫാക്ക് സ്ക്രിപ്റ്റ് മാനേജര്‍.

വിപുലമായ സോഫ്റ്റ്‌വേര്‍ വികസനവിപണന സന്നാഹങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൂനെയിലുള്ള സിഡാ കടന്നു വന്നതോടെ തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ കേരളക്കരയില്‍ ഡസ്ക്‌ടോപ്പ് പബ്ലിഷിംഗ് വ്യാപകമായ പ്രചാരം നേടി. ഇക്കാലമാകുമ്പോഴേക്കും വിന്‍ഡോസ് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയില്‍ പതുക്കെ ജനപ്രിയത ആര്‍ജ്ജിച്ചു വരികയായിരുന്നു. വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഐ.എസ്.എം പായേ്ക്കജുകള്‍ പൂനെയിലെ സിഡാക്ക് ഈ ഘട്ടത്തിലാണ് പുറത്തിറക്കിയത്. ഇന്നിപ്പോള്‍ കേരളത്തില്‍ വേഡ് പ്രൊസ്സസ്സിംഗിനും ഡി.ടിപിക്കും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സിഡാക്കിന്റെ പായേ്ക്കജുകളാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫോണ്ടുകളുടെ ശ്രേണി ഒരുക്കിയിരിക്കുന്നതും സിഡാക്കാണ്. മലയാളം മാത്രമുള്ള മോണോലിംഗ്വല്‍ ഫോണ്ടുകള്‍, മലയാളത്തോടൊപ്പം ഇംഗ്ലീഷും ഉപയോഗിക്കാന്‍ സാധിക്കുന്ന ബൈലിംഗ്വല്‍ ഫോണ്ട്, വെബ്ബ് ഫോണ്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സിഡാക്കിന്റെ പായേ്ക്കജുകള്‍ അതുവരെ മലയാളം ടൈപ്പ് സെറ്റിംഗിനായി സ്വകാര്യകമ്പനികള്‍ പുറത്തിറക്കിയവെ അപേക്ഷിച്ച് എല്ലാ നിലയിലും മികച്ചതായിരുന്നു. ഫോണ്ട് സാങ്കേതികവിദ്യയില്‍ ട്രൂ ടൈപ്പ് ഫോണ്ടുകളോടൊപ്പം അഡോബിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ടൈപ്പ് വണ്‍ ഫോണ്ടും ഉള്‍ക്കൊള്ളിച്ചാണ് ഇവ പുറത്തിറങ്ങിയത്. പക്ഷെ ഇതില്‍ ഉപയോഗിച്ച മലയാളം ലിപി, മറ്റു പായേ്ക്കജുകളിലെല്ലാം എന്നതു പോലെ പുതിയ ലിപിയായിരുന്നു. കേരളത്തില്‍ 1971ല്‍ നടപ്പിലാക്കിയ ലിപി പരിഷ്കരണത്തെ തുടര്‍ന്ന് മലയാളത്തിന്റെ ഔദ്യോഗികലിപി പുതിയലിപിയാണ് എന്ന ധാരണയിലാണ് ഇത്തരം പ്രോഗ്രാമുകള്‍ എല്ലാം ഉണ്ടാക്കിയിരുന്നത്. വ്യഞ്ജനങ്ങളോടൊപ്പം ചേര്‍ന്നിരുന്ന സ്വരങ്ങളള്‍ടെ ചിഹ്നം വേര്‍പെടുത്തിയും കൂട്ടക്ഷരങ്ങള്‍ ചന്ദ്രക്കല ഉപയോഗിച്ച് പിരിച്ചെഴുതിയും ടൈപ്പ് റൈറ്ററില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചതായിരുന്നു പുതിയ ലിപി. കേരളത്തിനു പുറത്തുള്ള കമ്പനികള്‍ക്കും അവയിലെ മലയാളികളല്ലാത്ത പ്രോഗ്രാമര്‍മാര്‍ക്കും ഔദ്യോഗികലിപിനിര്‍ദ്ദേശത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ അവര്‍ മറ്റു ഭാരതീയഭാഷകളുടെ കാര്യത്തില്‍ ചെയ്തതുപോലെ ആകാവുന്നത്ര കൂട്ടക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അവരുടെ പ്രോഗ്രാമുകള്‍ ഉണ്ടാക്കിയിരുന്നത്. സിഡാക്ക് മാത്രമല്ല മറ്റു കമ്പനികളും പിന്തുടര്‍ന്നത് ഈ ഒരു നയമാണ്. പൂനെയിലുള്ള മോഡുലര്‍ ഇന്‍ഫോടെ, ശ്രീലിപി എന്ന പേക്കേജുമായി ഇക്കാലത്താണ് രംഗത്തെത്തുന്നത്. കേരളത്തില്‍ ശ്രീലിപിക്കും മോഡുലറിന്റെ മറ്റു ഉല്പന്നങ്ങളായ അങ്കുര്‍, രൂപ എന്നിവയും സാമാന്യം നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്.

മലയാളം കമ്പ്യൂട്ടിംഗ് ഉല്പന്നങ്ങളുടെ മേഖലയില്‍ കേരളത്തിന്റെ സാന്നിദ്ധ്യം തിരുവന്തപുരത്തെ സൂപ്പര്‍സോഫ്റ്റിന്റെ തൂലികയാണ്. അജയ്‌ലാലിന്റെ നേതൃത്വത്തിലുള്ള സൂപ്പര്‍സോഫ്റ്റ് ജ്യോതിഷപ്രവചനത്തിനുള്ള സോഫ്റ്റ്‌വേര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മലയാളം കമ്പ്യൂട്ടിംഗിന്റെ മേഖലയില്‍ ശ്രദ്ധയൂന്നുന്നത്. 1991 ഒക്ടോബറിലാണ് സൂപ്പര്‍ മലര്‍ എന്ന പേരില്‍ ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ടെക്‌സറ്റ് എഡിറ്റര്‍ അജയ്‌ലാല്‍ പുറത്തിറക്കിയത്. പ്രോഫറ്റ് എന്ന ജ്യോതിഷപ്രവചന സോഫ്റ്റ്‌വേര്‍, വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന തൂലിക എന്ന വേഡ്‌പ്രൊസ്സസര്‍ എന്നിവയാണ് അജയ്‌ലാലിന്റെ ഈ രംഗത്തെ പ്രധാന സംഭാവനകള്‍. ജ്യോതിഷസോഫ്റ്റ്‌വേര്‍ സ്വാഭാവികമായും മലയാളം ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനായാണ് അജയ്‌ലാല്‍ രൂപപ്പെടുത്തിയത്. ആദ്യത്തെ മലയാളം യൂനിക്കോഡ് ഫോണ്ട് 2002 ജൂണില്‍ പുറത്തിറക്കിയത് അജയ്‌ലാലാണ്. പുതിയലിപിയെ അടിസ്ഥാനമാക്കിയാണ് ഇവയെല്ലം അദ്ദേഹം ചിട്ടപ്പെടുത്തിയത്. സിഡാക്കും മറ്റു കമ്പനികളും അനുവര്‍ത്തിച്ചതു പോലെ കൂട്ടക്ഷരങ്ങള്‍ ആകാവുന്നത്ര ഉള്‍ക്കൊള്ളിച്ചു തന്നെയാണ് ഈ വേഡ്‌പ്രൊസ്സസറും നിര്‍മ്മിക്കപ്പെട്ടത്. കേരളത്തില്‍ നിന്നുമുള്ള മറ്റൊരു സോഫ്റ്റ്‌വേര്‍ പഞ്ചാരി ആയിരുന്നു. കേരളത്തിലെ ചില പത്രങ്ങള്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ പ്രചാരത്തിലില്ലാത്തതാണ് ഈ പേയേ്ക്കജ്.

ലിനക്‌സിലെ ആദ്യപരിശ്രമങ്ങള്‍

വിന്‍ഡോസിനു പുറമെ ലിനക്‌സിലും മലയാളം പ്രാവര്‍ത്തികമാക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വേര്‍ മേഖലയിലെ ആധിപത്യസ്ഥാപനപരിശ്രമങ്ങളിലെ അധാര്‍മ്മികവും രഹസ്യാത്മകവുമായ നയസമീപനങ്ങളോടുള്ള എതിര്‍പ്പാണ് സ്വതന്ത്രസോഫ്റ്റ്‌വേര്‍ പ്രസ്ഥാനത്തില്‍ കേരളീയര്‍ക്ക് ആഭിമുഖ്യം ഉണ്ടാവാനിടയാക്കിയത്. ആദ്യഘട്ടത്തില്‍ ഒറ്റപ്പെട്ട പരിശ്രമങ്ങള്‍ ചെറുസംഘങ്ങള്‍ നടത്തി. ലിനക്‌സിലെ ചില ഡിസ്ട്രിബ്യൂഷനുകളിലെ ടെക്‌സറ്റ് എഡിറ്ററുകളില്‍ മലയാളം കൂടി ടൈപ്പ് ചെയ്യുവാനുള്ള സംവിധാനം ഉണ്ടാക്കാനാണ് അവര്‍ ഉണ്ടാക്കിയത്. തിരുവനന്തപുരത്തെ ഒരു സംഘം മലയാളം ലിനക്‌സ് എന്ന പേരില്‍ ഒരു ലിനക്‌സ് ഡിസ്ട്രിബ്യൂഷന്‍ തന്നെ തയ്യാറാക്കി. മലയാളത്തിന് പ്രാമുഖ്യം ഇതിലുണ്ട് എന്നും ഇന്ത്യന്‍ഭാഷകളില്‍ നടക്കുന്ന ലിനക്‌സ് ലോക്കലൈസേഷന് അടിത്തരയൊരുക്കാനുമുള്ള സന്നദ്ധസേവകരുടെ പരിശ്രമമാണിത്. വിന്‍ഡോസിന്റെ പ്രചാരവും അതിന്റെ ഫലമായി അതിനുണ്ടായിക്കഴിഞ്ഞ ആധികാരികതയും കാരണം ബൂട്ടബിള്‍ സിഡിയായാണ് മലയാളം ലിനക്‌സ് പുറത്തിറക്കിയത്. ഇന്‍സ്റ്റള്‍ ചെയ്യാതെ ഉപയോഗിക്കാമെന്നതിനാല്‍ ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ ഒരു ലിനക്‌സ് പരീക്ഷണത്തിനു ശേഷവും പഴയതു പോലെ തുടരും എന്ന പ്രലോഭനം ഉണ്ടായിരുന്നിട്ടു പോലും ഇതിന് വ്യാപകമായ പ്രചാരം ലഭിച്ചില്ല. ലിനക്‌സിനോട് കേരളീയസമൂഹത്തില്‍ പ്രത്യയശാസ്ത്രപരമായ തലത്തില്‍ ആഭിമുഖ്യം തുടക്കം മുതല്‍ ഉണ്ടെങ്കിലും ഇന്നും ലിനക്‌സിനു വേണ്ടി സംസാരിക്കുന്നവര്‍ അധികവും വിന്‍ഡോസ് തന്നെയാണ് ഉപയോഗിക്കുന്നത്. ലിനക്‌സ് പരിശീലിപ്പിക്കുവാനും പ്രചാരത്തിലെത്തിക്കുവാനുമുള്ള ശ്രമങ്ങളുടെ പരിമിതി എന്നതിനേക്കാള്‍ മലയാളിയുടെ സഹജമായ ധൈഷണിക ഇരട്ടത്താപ്പ് ആണ് ഇതിനു കാരണം എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയില്‍ ലിനക്‌സിനെ പരിഗണിച്ച് ലിനക്‌സ് ഡിസ്ട്രിബ്യൂഷനുകളില്‍ മലയാളം ഉപയോഗിക്കുവാനുള്ള സോഫ്റ്റ്‌വേര്‍ പൂനെയിലെ സിഡാക്ക് തയ്യാറാക്കി വിപണിയിലെത്തിച്ചിരുന്നു. എങ്കിലും ഇതിന് ആവശ്യക്കാര്‍ പരിമിതമായിരുന്നു. എങ്കിലും ലിനക്‌സിലെ ടക്‌സ് ഉപയോഗിച്ച് ടൈപ്പ്‌സെറ്റു ചെയ്യുന്ന അപൂര്‍വ്വം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്.

രചന: തനതുലിപിക്കു വേണ്ടി ഒരു സന്നദ്ധപ്രവര്‍ത്തനം

സര്‍ക്കാര്‍സംരഭങ്ങളോടുള്ള പ്രതികരണം എന്ന നിലയില്‍ ആരംഭിച്ച ഒരു പ്രവര്‍ത്തനം മലയാളഭാഷാകമ്പ്യൂട്ടിംഗില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി രചന അക്ഷരവേദിയുടെ തുടക്കവും പ്രവര്‍ത്തനവും ഇതാണ് വ്യക്തമാക്കുന്നത്. 1968ല്‍ സമര്‍പ്പിക്കപ്പെട്ട ലിപിപരിഷ്കരണനിര്‍ദ്ദേശവും 1971ലെ സര്‍ക്കാര്‍ ഉത്തരവും 1973 ല്‍ ലിപിപരിഷ്കരണനിര്‍ദ്ദേശത്തിനു വിരുദ്ധമായി പരിഷ്കരിച്ചലിപി പാഠപുസ്തകത്തില്‍ കൊണ്ടുവന്നതും മലയാളം എഴുത്തിനെയും അച്ചടിയെയും അവ്യവസ്ഥിതത്വത്തിലേക്ക് നയിക്കുകയാണെന്നു വിവേകശാലികളായവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നതാണ്. എങ്കിലും പരിഷ്കരണം ഇനിയും വേണമെന്നും മലയാളത്തില്‍ അനാവശ്യമായ അക്ഷരങ്ങളുണ്ടെന്നും അവയെല്ലാം ഉപേക്ഷിച്ച് അക്ഷരസംഖ്യ കുറയ്ക്കണമെന്നും അല്ലെങ്കില്‍ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മലയാളത്തിന്റെ ഭാവി ഇരുളടഞ്ഞു പോകുമെന്നുമുള്ള വാദമുഖങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. മലയാളത്തിലെ മുഴുവന്‍ അക്ഷരങ്ങളും കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനാകില്ലെന്നും സിദ്ധാന്തിക്കപ്പെട്ടു. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയെക്കുറിച്ച് അജ്ഞരായവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതുകൊണ്ട് സാധിക്കുമെങ്കിലും തികച്ചും അസംബന്ധമായ ഈ വാദം ആപല്ക്കരമായ ദിശയിലേക്ക് ലിപിപരിഷ്കരണത്തെ നയിക്കുകയാണ് എന്നും തിരിച്ചറിഞ്ഞ ഒരു സംഘം ഈ വാദമുഖങ്ങളുടെ യുക്തിരാഹിത്യവും കാപട്യവും തുറന്നുകാണിക്കുവാന്‍ സന്നദ്ധരായി. കേരള സര്‍വ്വകലാശാലയുടെ ലെക്‌സിക്കണ്‍ വകുപ്പിലെ ആര്‍. ചിത്രജകുമാര്‍, പി.ഗംഗാധരന്‍, പീച്ചിയിലെ വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ കെ.എച്ച്.ഹുസ്സൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പരിശ്രമമാണ് 1999ല്‍ രചന അക്ഷരവേദിക്ക് ജന്മം നല്കിയത്. മലയാളം കമ്പ്യൂട്ടിംഗിന് ഏറ്റവും അനുയോജ്യം മലയാളത്തിന്റെ പരമ്പരാഗതമായ (തനതുലിപി)ലിപിയാണെന്ന വാദം രചന മുന്നോട്ടു വെച്ചു. 1824 മുതല്‍, അതായത് ബെയ്‌ലിയുടെ കാലം മുതല്‍, മലയാളത്തിന്റെ അച്ചടിയില്‍ ഉപയോഗിച്ചിരുന്ന അക്ഷരങ്ങളുടെ ഒരു സമഗ്രപട്ടിക ചിത്രജകുമാറും ഗംഗാധരനും ചേര്‍ന്നുണ്ടാക്കി. ഏകദേശം തൊള്ളായിരത്തോളം വരുന്ന ആ അക്ഷരരൂപങ്ങള്‍ ഹുസ്സൈന്‍ ഡിസൈന്‍ ചെയ്തു ടെസ്റ്റ് എഡിറ്റര്‍ പ്രോഗ്രാം തയ്യാറാക്കി. കാലിക്രാഫി കണ്‍സള്‍ട്ടന്റ് പീച്ചി വനഗവേഷണഇന്‍സ്റ്റിറ്റിയൂട്ടിലെ സുഭാഷ് കുര്യാക്കോസ് ആയിരുന്നു. ഒരു ആസ്കി ഫോണ്ടില്‍ 256 കള്ളികളേ ഉള്ളൂ എന്ന പരിമിതി മറികടക്കാന്‍ ആറ് ആസ്കി ഫോണ്ടുകളിലായാണ് മലയാളത്തിന്റെ സമഗ്രലിപിസഞ്ചയം ക്രമീകരിച്ചത്. 1999 ജൂലൈ ഏഴിന് തിരുവന്തപുരത്ത് വി. ജെ. ടി. ഹാളില്‍ നടന്ന രചന അക്ഷരവേദിയുടെ സമ്മേളനത്തില്‍ മലയാളത്തിലെ എല്ലാ കൂട്ടക്ഷരങ്ങളെയും സ്വരാക്ഷരങ്ങളേയും വേര്‍ഡ് പ്രോസ്സസ്സിംഗില്‍ അനായാസം ആവിഷ്കരിക്കാന്‍ കഴിയും എന്ന് മൈക്രോസോഫ്റ്റ് വേഡില്‍ അത് ടെപ്പ് ചെയ്തു കാണിച്ചുകൊണ്ട് തെളിയിക്കുവാന്‍ രചന അക്ഷരവേദിക്ക് സാധിച്ചു. മൈക്രോസോഫ്റ്റ് വേഡിലെ ഓട്ടോകറക്ട് മെക്കാനിസം ഉപയോഗിച്ച് അടിസ്ഥാനാക്ഷരങ്ങളുടെ കീയിംഗ് ഇന്നിലൂടെ കൂട്ടക്ഷരങ്ങളെ ഉല്പാദിപ്പിച്ചെടുക്കുന്ന രീതിയിലാണ് തനതുലിപി കമ്പ്യൂട്ടറില്‍ ആദ്യം അവതരിപ്പിച്ചത്. ഈ ക്രമീകരണം ഉപയോഗിച്ചാണ് മലയാളത്തിന്റെ തനതുലിപിയില്‍ കമ്പ്യൂട്ടര്‍കാലത്തെ ആദ്യത്തെ പുസ്തകം, നിത്യചൈതന്യയതിയുടെ തുമ്പപ്പൂ മുതല്‍ സൂര്യന്‍ വരെ, കോഴിക്കോട്ടെ മള്‍ബറി ബുസ് അച്ചടിച്ചു പുറത്തിറക്കിയത്. തൊണ്ണൂറ്റൊമ്പതിലെ രചന സമ്മേളനത്തില്‍ വെച്ച് സുഗതകുമാരി ഈ പുസ്തകം പ്രകാശനം ചെയ്തു. വേഡില്‍ ടൈപ്പു ചെയ്യുന്നതു മുതല്‍ പുസ്തകപ്രസാധനം വരെ തനതുലിപിയില്‍ സാദ്ധ്യമാണ് എന്ന് രചന അക്ഷരവേദി ഇതിലൂടെ തെളിയിച്ചു.

മലയാളഭാഷാസാങ്കേതികതയില്‍ അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇതു വഴി രചനയ്ക്ക് സാധിച്ചു. ഒരു സോഫ്റ്റ്‌വേര്‍ എന്നതിലുപരി രചന അക്ഷരവേദി എന്ന കൂട്ടായ്മയാണ് ഈ കമ്പ്യൂട്ടിംഗ് സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. നിത്യചൈതന്യയതി രചന അക്ഷരവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കിയവരില്‍ പ്രമുഖനാണു്. ചന തുടങ്ങുന്നതിനു മുമ്പു തന്നെ മലയാളത്തിന്റെ തനതുലിപി കമ്പ്യൂട്ടറിലൂടെ വീണ്ടെടുക്കുന്നതിനെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. എം.ടി.വാസുദേവന്‍നായര്‍, ഒ.വി.വിജയന്‍, വി.കെ.എന്‍, എം.എന്‍.വിജയന്‍, സുകുമാര്‍ അഴീക്കോട് എന്നിങ്ങനെ മലയാളത്തിലെ ഒട്ടു മിക്ക എഴുത്തുകാരുടേയും അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍ രചനയ്ക്ക് ലഭിച്ചു. ഭാഷാകമ്പ്യൂട്ടിംഗിന്റെ കാര്യത്തില്‍ മലയാളത്തിലെ എഴുത്തുകാര്‍ തല്പരരായി വരുന്നത് രചനയുടെ പ്രവര്‍ത്തനത്തിനു പിന്തുണ നല്കാനായി മാത്രമാണു് എന്നു പറഞ്ഞാല്‍ പോലും അതില്‍ അതിശയോക്തിയില്ല. ലിപിപരിഷ്കരണം ഇനിയും മുന്നോട്ടു പോയാലല്ലാതെ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മലയാളത്തിനു് ഭാവിയില്ല എന്ന മട്ടിലുള്ള പ്രവചനങ്ങള്‍ കമ്പ്യൂട്ടര്‍ സാക്ഷരത കുറഞ്ഞ കേരളീയ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. മാത്രമല്ല പരിഷ്കരണവാദകള്‍ തങ്ങളുടെ വാദമുഖങ്ങള്‍ കേരളീയസമൂഹത്തിനു മുന്നില്‍ തുറന്ന് പറയാനോ അതിന്റെ സാങ്കേതികജ്ഞാനം അക്കാദമിക് സമൂഹവുമായി പങ്കുവെക്കുവാനോ സന്നദ്ധരായിരുന്നില്ല. അതിനാല്‍ തങ്ങളുടെ നിഗൂഢജ്ഞാനത്തെ പരസ്യമായി നിരാകരിക്കുന്നവര്‍ എന്ന നിലയില്‍ രചന അക്ഷരവേദിയോട് ഔദ്യോഗികഭാഷാവിഭാഗം തികഞ്ഞ ശത്രുത തന്നെ പുലര്‍ത്തിയിരുന്നു.

ഡാറ്റാബേസ് മാനേജ്‌മെന്റ് മലയാളത്തില്‍

വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നിലവില്‍ വരുന്നതിനു മുമ്പ് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം അഥവാ ഡോസ് ആയിരുന്നു പ്രചാരത്തിലിരുന്നത്. ഗ്രാഫിക്ക് ഇന്റഗ്രേറ്റഡ് സ്ക്രിപ്റ്റ് ടെനോളജി എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സിഡാ ഗിസ്റ്റ് കാര്‍ഡ് എന്ന ഹാര്‍ഡ്‌വേര്‍ ഘടകം, ഈ കാലഘട്ടത്തില്‍, ഭാരതീയഭാഷകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനായി വിപണിയില്‍ ഇറക്കിയിരുന്നു. ഗിസ്റ്റ് കാര്‍ഡിന്റെ സാങ്കേതികവിദ്യ പ്രചാരലുപ്തമായതു് മുഖ്യമായും സോഫ്റ്റ്‌വേര്‍തലത്തില്‍ ഭാഷോപയോഗം സാദ്ധ്യമാവുന്ന സാഹചര്യം രൂപപ്പെട്ടതോടെയാണു്. ഡി ബേസ്, ഫോക്‌സ്‌പ്രോ, ലോട്ടസ് 1,2,3, ക്യൂ ബേസിക്ക് എന്നിവയില്‍ ഇതിന്റെ സഹായത്തോടെ ഭാരതീയഭാഷകള്‍ ഉപയോഗിക്കാന്‍ സാധിക്കും. എന്നിരുന്നാലും ഇതിന്റെ ഉപയോഗം പരിമിതമായിരുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ധീരമായ ചില പരിശ്രമങ്ങള്‍ വിവരവ്യവസ്ഥാനിര്‍മ്മാണരംഗത്തും ഉണ്ടായിട്ടുണ്ടു്. ഗിസ്റ്റ് കാര്‍ഡ് കാലഘട്ടത്തിലാണു് മലയാളത്തിലെ ആദ്യത്തെ വിവരവ്യവസ്ഥാനിര്‍മ്മാണം വിജയപ്രദമായി പൂര്‍ത്തീകരിക്കുന്നതു്. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എച്ച്.ഹുസ്സൈനാണു് മലയാളത്തിലെ ആദ്യത്തെ വിവരവ്യവസ്ഥയുടെ ശില്പി. തൃശ്ശൂര്‍ പബ്ലിക്ക് ലൈബ്രറിയില്‍ ഗിസ്റ്റ് കാര്‍ഡ് സാങ്കേതികത അടിസ്ഥാനമാക്കി ഡിബേസ് III യില്‍ പ്രോഗ്രാം ചെയ്ത ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റമാണു് ഇദ്ദേഹം ഉണ്ടാക്കിയതു്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയ ഈ വ്യവസ്ഥ ഇന്നും പിഴവുകളില്ലാതെ ഉപയോഗത്തിലുണ്ടു്. ഏകദേശം ഇരുപത്തയ്യായിരം മലയാളപുസ്തകങ്ങളുടെ വിവരവ്യവസ്ഥാനിര്‍മ്മാണവും അതില്‍ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരത്തിന്റെ അന്വേഷണവും മലയാളലിപിയില്‍ തന്നെ സാദ്ധ്യമാക്കിയ ഈ സംരഭം ഒന്നര പതിറ്റാണ്ടു് മുമ്പു് നിര്‍മ്മിക്കപ്പെട്ടുവെന്നത് ഒരു അത്ഭുതമാണ്. കേരളത്തിലെ സര്‍വ്വകലാശാലകളിലും കോളേജുകളിലുമൊക്കെയുള്ള അക്കാദമി ലൈബ്രറികളില്‍ ഇക്കാലയളവില്‍ വിപുലമായ കമ്പ്യൂട്ടറൈസേഷന്‍ നടന്നെങ്കിലും ഗ്രന്ഥവിവരവ്യവസ്ഥ (Bibliographical Information System) യും ഇലട്രോണി കാറ്റലോഗും തയ്യാറാക്കുന്നതു് ഇപ്പോഴും ഇംഗ്ലീഷില്‍ തന്നെയാണു് മലയാളപുസ്തകങ്ങളുടെ തെരച്ചില്‍ പോലും ഇംഗ്ലീഷില്‍ മാത്രമേ സാദ്ധ്യമാകൂ എന്ന അവസ്ഥ മാറ്റിയെടുക്കാന്‍ ഇക്കാലത്തും പരിശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ല. ഇന്നും പ്രയോഗക്ഷമമായി നിലവിലുള്ള ഈ വിവരവ്യവസ്ഥയ്ക്ക് പിന്തുടര്‍ച്ചകള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോ സര്‍വ്വകലാശാലകളോ ഇക്കാലമത്രയായിട്ടും മുന്നോട്ടു വന്നിട്ടില്ല.

വിവരവ്യവസ്ഥാനിര്‍മ്മാണത്തില്‍ തികച്ചും ഏകാന്തമായ പരിശ്രമങ്ങളാണു് തുടര്‍ന്നും കെ.എച്ച്. ഹുസ്സൈന്‍ നടത്തിയതു്. ഏകദേശം പതിനായിരം മലയാളപുസ്തകങ്ങളുടെ കാറ്റലോഗ്, തൃശ്ശൂരിലെ സെന്റ് മേരീസ് കോളേജ് ലൈബ്രറിക്കു വേണ്ടി തയ്യാറാക്കി. യുനെസേ്കായുടെ പ്രസിദ്ധമായ CDS/ISIS എന്ന Bibliographic DBMSനെ അടിസ്ഥാനമാക്കി MISIS എന്ന പ്രോഗ്രാം ഇതിനായി അദ്ദേഹം തയ്യാറാക്കി. 22,000 മലയാളഗ്രന്ഥങ്ങളുടെ മലയാളം കാറ്റലോഗ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ലൈബ്രറിക്കു വേണ്ടി തയ്യാറാക്കി. ഇതു് സിഡിയായി പ്രകാശിപ്പിക്കുകയും ചെയ്തു. ഈ സംരംഭത്തിന് നേതൃത്വം നല്കിയത് അന്നു് ബ്രണ്ണന്‍ കോളേജിലെ ലൈബ്രേറിയനായ ഡോ ആര്‍. രാമന്‍നായരാണു്. മലയാളത്തില്‍ ആദ്യമായി ഒരു ഗ്രന്ഥവിവരവ്യവസ്ഥയുടെ സിഡി പബ്ലിഷിംഗ് ഇതാണു്. യൂനിക്കോഡ് ഉപയോഗിച്ച് മലയാളത്തില്‍ ആദ്യത്തെ ഗ്രന്ഥവിവരവ്യവസ്ഥയും അന്വേഷണവും നിര്‍മ്മിച്ചതും കെ.എച്ച്. ഹുസ്സൈനാണു്. ഇതിനായി രചന യൂനിക്കോഡ് ഫോണ്ട് ഉപയോഗിച്ചു. തിരുവനന്തപുരത്തെ CIRD ( Center for Informatics Research and Development) ന്റെ നേതൃത്വത്തിലാണു് തിരുവനന്തപുരം പബ്ലി ലൈബ്രറിയില്‍ പഴയ അപൂര്‍വ്വഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ആര്‍ക്കൈവിംഗ് നടത്തിയതു്. നിത്യ എന്ന ഒരു പ്രോഗ്രാം ഇതിനായി തയ്യാറാക്കി. മലയാളവും ഇംഗ്ലീഷും ഉള്‍പ്പെടെ തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളില്‍ ഗ്രന്ഥങ്ങളുള്ള ഒരു ലൈബ്രറിയില്‍ ഓരോ ഭാഷയ്ക്കും അതത് സ്ക്രിപ്റ്റ് ഉപയോഗിച്ച് bibliographic digital കാറ്റലോഗ് നിര്‍മ്മിക്കാന്‍ MCAT( Multi Lingual Catalogue) എന്ന പ്രോഗ്രാമും ഹുസ്സൈന്‍ തയ്യാറാക്കിയിട്ടുണ്ടു്. യൂനിക്കോഡ് എന്‍കോഡിംഗില്‍ അധിഷ്ഠിതമാണു് ഇതിലെ ഫോണ്ടുകള്‍. കേരള സാഹിത്യ അക്കാദമിക്കു വേണ്ടി ഇ. ഹരികുമാറിന്റെ നേതൃത്വത്തില്‍, കെ.എം. ഗോവി എഡിറ്റു ചെയ്ത മലയാളഗ്രന്ഥസൂചിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കാറ്റലോഗാണു് ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കേണ്ട മലയാളത്തിലെഏക വിവരവ്യവസ്ഥ.

പാഠ്യപദ്ധതിയും ഭാഷാകമ്പ്യൂട്ടിംഗും

കേരളത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒരു പാഠ്യവിഷയമായി കോളേജുകളിലും സാങ്കേതികപഠനമേഖലയിലും കടന്നെത്തിയിട്ട് കാലമേറെയായെങ്കിലും ഭാഷാകമ്പ്യൂട്ടിംഗ് ഈ പാഠ്യപദ്ധതികളിലൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല. ഭാഷാകമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടേഷനല്‍ ലിംഗ്വിസ്റ്റിക്‌സ് എന്നിവ അക്കാദമികമായ ശ്രദ്ധ ലഭിക്കാതെ പോയ വിഷയങ്ങളാണു്. ഭാഷാവിഭാഗങ്ങള്‍ അവ സാങ്കേതികവിദ്യയുടെ ഭാഗമായി കണക്കാക്കുകയും സാങ്കേതികവിദ്യാവിഭാഗം അതു് ഭാഷാവിഷയമാണന്നു കരുതുകയും ചെയ്തു. ഭാഷാഭിമാനത്തില്‍ തമിഴന്റെ ആവേശം നമ്മുക്കില്ലാത്തതിനാല്‍ പരിഗണിക്കപ്പെടാതെ പോയ ഈ പഠനമേഖലയ്ക്കു് പാഠ്യപദ്ധതിയില്‍ പ്രവേശനം കിട്ടുന്നതു് തമിഴിന്റെ സ്ഥലത്തു തന്നെയാണു്. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലാണു് 2002ല്‍ മലയാളസാഹിത്യബിരുദത്തിന്റെ പാഠ്യപദ്ധതിയില്‍ എന്‍ ഇന്‍ട്രൊഡഷന്‍ ടു മലയാളം സോഫ്റ്റ്‌വേര്‍സ് എന്ന കോഴ്‌സ് ഉള്‍പ്പെടുത്തിയതു്. പ്രൊഫ. വസുന്ധരാ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ പഠനബോര്‍ഡിലെ അംഗമായ ഡോ. മഹേഷ് മംഗലാട്ട് പാഠ്യപദ്ധതി ചിട്ടപ്പെടുത്തി. മലയാളം കമ്പ്യൂട്ടിംഗിന് സര്‍വ്വകലാശാലാതലത്തില്‍ ഔദ്യോഗികമായി ലഭിക്കുന്ന ആദ്യത്തെ അംഗീകരണമാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ ചരിത്രത്തിലെ മഹാവിപ്ലവമായാണു് മൈക്രോസോഫ്റ്റിന്റെ ഭാരതീയഭാഷകള്‍ക്കായുള്ള വെബ്ബ്‌സൈറ്റ് മൈക്രോസോഫ്റ്റ് ഭാഷ ഇതിനെ വിശേഷിപ്പിച്ചതു്. ഭാഷാകമ്പ്യൂട്ടിംഗില്‍ താത്വികവും പ്രായോഗികവുമായ പരിശീലനം നല്കുന്ന കോഴ്‌സ് ഇപ്പോഴും പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ കീഴിലുള്ള മയ്യഴിലെ മഹാത്മാഗാന്ധി ഗവ കോളേജില്‍ നടത്തപ്പെടുന്നുണ്ടു്. ISM-GIST, ശ്രീലിപി മുതലായ പുതിയലിപി പായേ്ക്കജുകളോടൊപ്പം രചനയും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നു. തനതുലിപി ആസ്പദമാക്കിയുള്ള ഭാഷാസാങ്കേതികതയുടെ പുതിയമുഖം പരിചയപ്പെടുത്തുന്നതോടൊപ്പം യൂനിക്കോഡ് സാങ്കേതികതയും വെബ്ബധിഷ്ഠിതപ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ പരിശീലിക്കുന്നു. പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ മാതൃക പിന്തുടരുവാന്‍ ഇത്രയും കാലമായിട്ടും കേരളത്തിലെ ഒരു സര്‍വ്വകലാശാലയ്ക്കും സാധിച്ചിട്ടില്ല. കമ്പ്യൂട്ടേഷനല്‍ ലിംഗ്വിസ്റ്റിക്‌സ് കേരള സര്‍വ്വകലാശാലാ ആസ്ഥാനത്തു് നടത്തപ്പെടുന്ന ലിംഗ്വിസ്റ്റിക്‌സിലെ ബിരുദാനന്തരബിരുദ പാഠ്യപദ്ധതിയിലെ ഒരു വിഷയമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്.


സര്‍ക്കാര്‍നയവും സംരംഭങ്ങളും

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍, വിശേഷിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികളും യുവജനസംഘടനകളും അവരുടെ സര്‍വ്വീസ് സംഘടനകളും തുടക്കത്തില്‍ കമ്പ്യൂട്ടിനെതിരെ അതിശക്തമായ പ്രതിഷേധവും എതിര്‍പ്രചരണവും നടത്തിയിരുന്നു. നിലവിലുള്ള തൊഴിലവസരങ്ങള്‍ പോലും ഇല്ലാതാകുന്ന അവസ്ഥയാണ് കമ്പ്യൂട്ടര്‍ പ്രചാരത്തില്‍ വന്നാല്‍ സംഭവിക്കുകയെന്ന് അവര്‍ വാദിച്ചു. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മയുടെ പ്രശ്‌നം അനുഭവിക്കുന്ന കേരളത്തില്‍ കമ്പ്യൂട്ടര്‍വത്കരണം അനുവദിക്കില്ല എന്ന നിലപാടായിരുന്നു അവര്‍ അനുവര്‍ത്തിച്ചത്. എങ്കിലും ലോകവ്യാപകമായ കമ്പ്യൂട്ടര്‍വ്യാപനത്തെ ചെറുക്കാന്‍ ഇതിന് സാധിക്കുമായിരുന്നില്ല എന്നതിനാല്‍ പതുക്കെയാണെങ്കിലും കേരളത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗം പ്രചാരത്തില്‍ വന്നു. സര്‍വ്വകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലും മാത്രമല്ല വാണിജ്യസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളില്‍ പോലും കമ്പ്യൂട്ടര്‍ കടന്നെത്തിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍ പുതിയ തൊഴില്‍മേഖലകള്‍ തുറക്കുന്നുവെന്നതിനാല്‍ കമ്പ്യൂട്ടര്‍ പഠനസ്ഥാപനങ്ങളും ചെറുഗ്രാമങ്ങളില്‍ കൂടി സാധാരണമായിത്തുടങ്ങി. ഇതിനിടയില്‍ കമ്പ്യൂട്ടറിന്റെയും വിവരസാങ്കേതികവിദ്യയുടെയും മേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമായി. മലയാളഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് സിഡാക്കിന്റെ ഭാഷാകമ്പ്യൂട്ടിംഗ് സോഫ്റ്റ്‌വേര്‍ നിര്‍മ്മാണപ്രക്രിയയില്‍ ഉപയോക്തൃസമൂഹം എന്ന നിലയില്‍ സര്‍ക്കാര്‍നയം അറിയിക്കേണ്ടി വന്നത് ഇതിന് ഉദാഹരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ നയം രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയത് കമ്പ്യൂട്ടറുമായോ അതിന്റെ സാങ്കേതികവിദ്യയുമായോ ഒരു പരിചയവും നേടിയിട്ടില്ലാത്ത കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉദ്യോഗസ്ഥരെയാണ്. ഇക്കാരണത്താല്‍ തന്നെ സാങ്കേതികമായും ഭാഷാവിജ്ഞാനീയപരമായും തെറ്റായ വിവരങ്ങള്‍ സര്‍ക്കാര്‍നയം എന്ന പേരില്‍ അറിയിച്ചിരുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. മലയാളത്തിന്റെ ലിപി പുതിയലിപിയാണ് എന്ന നയം ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നിലപാട് എന്ന നിലയില്‍ അറിയിച്ചതിനാലാണ് കമ്പ്യൂട്ടറില്‍ തുടക്കത്തില്‍ തന്നെ മലയാളത്തിന്റെ തനതുലിപി ഉപയോഗിക്കപ്പെടാതെ പോയത്. മലയാളത്തില്‍ ലിപിചിഹ്നങ്ങളുടെ ബാഹുല്യം ഉണ്ടെന്നും ഇത് കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നതിന് തടസ്സമായിത്തീരും എന്നും സര്‍ക്കാര്‍നയം രൂപീകരിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായം സാധൂകരിക്കാന്‍ ലിപി പരിഷ്കരണം കമ്പ്യൂട്ടറിന് അനുയോജ്യമാക്കാന്‍ തുടരേണ്ടതുണ്ടെന്നും അവര്‍ വാദിച്ചു. ഋ, ഋകാരത്തിന്റെ ദീര്‍ഘം എന്നിങ്ങനെ ആവശ്യമില്ലാത്ത സ്വരാക്ഷരങ്ങള്‍ അക്ഷരമാലയിലുണ്ടെന്നും അവ നീക്കം ചെയ്യേണ്ടതാണെന്നും അവര്‍ പുതിയ പരിഷ്കരണനിര്‍ദ്ദേശത്തില്‍ വാദിച്ചു. രേഫം ചേരുന്ന രൂപങ്ങള്‍ ആവശ്യമില്ലെന്നും ചന്ദ്രക്കലയും `ര'യും ചേര്‍ത്ത് എഴുതിയാല്‍ മതി എന്നും അവര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. പക്ഷെ ഈ നിര്‍ദ്ദേശങ്ങള്‍ പ്രയോഗത്തില്‍ വരുത്തുവാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

സെന്റര്‍ ഫോര്‍ ഡവലപിംഗ് ഇമേജിഗ് ടെനോളജി (സിഡിറ്റ്) എന്ന സ്ഥാപനം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥാപിച്ചതാണ്. ഭാഷാ കമ്പ്യൂട്ടിംഗ് ഈ സ്ഥാപനത്തിന്റെ പരിഗണനാവിഷയമല്ല എന്ന് പേരില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. സംസ്ഥാന ഐ.ടി മിഷനാണ് കമ്പ്യൂട്ടര്‍ ഉപയോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വ്യാപനത്തിന്റെ ചുമതലയ്ക്കായി സര്‍ക്കാര്‍ സ്ഥാപിച്ചത്. സിഡിറ്റ്, ഐടി മിഷന്‍ എന്നിവയുടെ പ്രവര്‍ത്തനം ഇക്കാലമത്രയും നടന്നിട്ടും സര്‍ക്കാരിന്റെ ഔദ്യോഗിവെബ്‌സൈറ്റ് ഈ ലേഖനം തയ്യാറാക്കുന്ന സമയത്തും മലയാളത്തിലായിട്ടില്ല.

യൂണിക്കോഡും മലയാളവും

മലയാളഭാഷാസാങ്കേതികതയുടെ വര്‍ത്തമാനഘട്ടം യൂനിക്കോഡ് എന്‍കോഡിംഗിന്റേതാണു്. ഈ പുസ്തകത്തിന്റെ മറ്റു് അദ്ധ്യായങ്ങളില്‍ യൂനിക്കോഡ് കാലഘട്ടത്തിലെ വ്യത്യസ്തപ്രവര്‍ത്തനങ്ങള്‍ സവിശേഷപഠനത്തിനു വിധേയമാകുന്നുവെന്നതിനാല്‍ ഇവിടെ അതു് ആവര്‍ത്തിക്കുന്നില്ല. ആസ്കി കാലഘട്ടത്തില്‍ ഭാഷാകമ്പ്യൂട്ടിംഗില്‍ നാം നേരിട്ട എല്ലാ വൈഷമ്യങ്ങളും പോരായ്മകളും യൂനിക്കോഡ് കാലഘട്ടത്തില്‍ ഇല്ലാതാകും. പ്രത്യേകിച്ച് പഴയ/പുതിയലിപി എന്ന വേര്‍തിരിവ്. 2003ല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി സര്‍വ്വീസ് പായ്ക്ക് 2 ലാണ് മലയാളം എംബെഡ് ചെയ്യുന്നത്. അതോടെയാണു് വ്യാപകമായി യൂനിക്കോഡ് മലയാളം ഉപയോഗിച്ചു തുടങ്ങുന്നതു്. ഇതിനായി മലയാളത്തില്‍ യൂനിക്കോഡ് എന്‍കോഡിംഗ് അനുവര്‍ത്തിക്കുന്ന മലയാളം പോണ്ടുകള്‍ വേണമായിരുന്നു. തിരുവനന്തപുരത്തെ സൂപ്പര്‍സോഫ്റ്റിലെ അജയ്‌ലാലാണ് തനതുലിപിയുടെ ആദ്യത്തെ യുനിക്കോഡ് ഫോണ്ട് ഉണ്ടാക്കുന്നത്. ഗ്നു ജിപി എല്‍ ല്‍ പ്രചരിച്ചിരുന്ന രചനയുടെ ഗ്ലിഫുകള്‍ ഉപയോഗിച്ചാണു് അദ്ദേഹം 2003ല്‍ തൂലിക ട്രഡീഷനല്‍ യൂനിക്കോഡ് പുറത്തിറക്കിയതു്. അബൂദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജെലി ചെയ്യുകയായിരുന്ന കെവിന്‍ സൂര്യ 2004ല്‍ അഞ്ജലി എന്ന ഫോണ്ട് പുറത്തിറക്കി. ഇതും രചനയുടെ ഗ്ലിഫുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സാന്‍സ് സെരിഫ് ഗണത്തില്‍പ്പെട്ട ഈ ഫോണ്ട് രചനയില്‍ നിന്ന് വ്യത്യസ്തമായി വെര്‍ട്ടിക്കല്‍ കഞ്ജക്ടുകളെ ഘടകങ്ങളാക്കി ഡിസൈന്‍ ചെയ്ത് കൂട്ടിച്ചേര്‍ക്കുന്ന രീതി പ്രയോഗിച്ചു. തനതു ലിപിയില്‍ രണ്ടാമത് ഇറങ്ങിയ യൂനിക്കോഡ് ഫോണ്ടാണത്. 2005ല്‍ രചന യൂനിക്കോഡ് ഫോണ്ട് ഗ്നു ജിപി എല്‍ ല്‍ പുറത്തിറങ്ങി. കെ. എച്ച്. ഹുസ്സെനോടൊപ്പം ഇത് ഡിസൈന്‍ ചെയ്യുന്നതില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിലെ പ്രോഗ്രാമര്‍മാരും പങ്കാളികളായിരുന്നു. മലയാളത്തിലെ ആദ്യത്തെ യൂനിക്കോഡ് വെബ്ബ് പോര്‍ട്ടലായ ചിന്ത.കോം രചന ഫോണ്ടാണു് ഉപയോഗിക്കുന്നതു്. കവി പി.പി.രാമചന്ദ്രന്റെ ഹരിതകം എന്ന കവിതാവെബ് സൈറ്റും രചന ഫോണ്ടാണു് ഇപ്പോള്‍ ഉപയോഗിക്കുന്നതു്. ആസ്കിയില്‍ ഹുസ്സൈന്‍ ഡിസൈന്‍ ചെയ്ത ഹരിത ഫോണ്ടിലാണ് ഹരിതകം തുടക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതു്. മലയാളത്തിലെ പുതിയ ലിപിയില്‍ ഏറ്റവും കൂടുതല്‍ കൂട്ടക്ഷരങ്ങളുള്ള ആസ്കി വെബ്‌ഫോണ്ടാണ് ഹരിത. 2007ല്‍ ഹുസ്സൈനും സുരേഷ്.പി ( സുറുമ) യും ചേര്‍ന്ന് മീര യൂനിക്കോഡ് ഫോണ്ട് ഗ്നു ജിപി എല്‍ ല്‍ പുറത്തിറക്കി. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കൂടുതല്‍ തെളിമയുള്ള തനതുലിപി ഫോണ്ടാണ് മീര. മാതൃഭൂമി, മംഗളം എന്നീ പത്രങ്ങളുടെ ഓണ്‍ലെന്‍ എഡിഷനുകള്‍ ഈ ഫോണ്ടാണ് ഉപയോഗിക്കുന്നത്.

ബ്ലോഗര്‍, വേഡ്പ്രസ്സ് എന്നീ ബ്ലോഗ്‌സേവനദാതാക്കള്‍ യു.ടി.എഫ് 8 എന്‍കോഡിംഗ് പിന്തുണ നല്കുന്നതോടെ മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുവാനും പ്രസിദ്ധീകരിക്കാനും സാധിക്കുന്ന അവസ്ഥ നിലവില്‍ വന്നു. സ്വന്തം താല്പര്യങ്ങള്‍ക്കും അഭിരുചിക്കും ഇണങ്ങുന്ന രീതിയില്‍ മലയാളത്തില്‍ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കുന്ന സാഹചര്യമാണു് കമ്പ്യൂട്ടറിലെ മലയാളത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിച്ചതു്. ഡിടിപി ആവശ്യത്തിനല്ലാതെ മലയാളം ഉപയോഗിക്കുന്ന ഉപയോക്തൃസമൂഹത്തിന്റെ ആവിര്‍ഭാവമാണു് ഇതിന്റെ ഫലമായി ഉണ്ടായതു്. ലോകവ്യാപകമായുള്ള ഈ ഉപയോക്തൃസമൂഹം അനുദിനം വികസിച്ചുകൊണ്ടിരിക്കയാണു്. മലയാളം പത്രങ്ങളും യുനിക്കോഡ് എന്‍കോഡിംഗിലേക്കു മാറിക്കഴിഞ്ഞു. വിക്കിപീഡിയ എന്ന സ്വതന്ത്രവിജ്ഞാനകോശത്തിന്റെ മലയാളം പതിപ്പു് വെബ്ബില്‍ ഉപയോക്തൃസമൂഹം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പദമുദ്ര എന്ന പേരില്‍ സമഗ്രമായ ഒരു നിഘണ്ടുവും ഇതുപോലെ ഉപയോക്തൃസമൂഹം സന്നദ്ധസേവനത്തിലൂടെ നിര്‍മ്മിക്കുകയാണു്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന നിഷാദ് കൈപ്പള്ളിയാണു് നിഘണ്ടുപദ്ധതിയുടെ മുഖ്യസംരംഭകന്‍. ഭാഷാതല്പരരായ വ്യക്തികളുടെ മുന്‍കയ്യില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളാണു് യൂനിക്കോഡ് കാലഘട്ടത്തിലെ മലയാളത്തിന്റെ സജീവത നിലനിറുത്തുന്നതു്. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് എന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണു്. ഉറവ അടച്ചു് പുറത്തിറക്കപ്പെടുന്ന കുത്തകസോഫ്റ്റ്‌വേറുകള്‍ ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ നിഹനിക്കുന്നുവെന്നതിനാല്‍ അതിനെതിരെ നിലയുറപ്പിച്ചവര്‍ സംഘം ചേര്‍ന്നു് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ടു്. ഭാഷാകമ്പ്യൂട്ടിംഗിന്റെ മേഖലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് എന്ന സംഘമാണു്. സന്തോഷ് തോട്ടിങ്ങല്‍, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, പി.സുരേഷ്, അനിവര്‍ അരവിന്ദ്, ആഷിക്ക് സലാഹുദ്ദീന്‍ എന്നിങ്ങനെ ഈ സംഘത്തിലെ ഒരോ അംഗവും നല്കുന്ന സേവനങ്ങള്‍ പ്രത്യേകമായി എടുത്തു പറയേണ്ടതാണു്. ഈ വിഷയത്തില്‍ സമാഹാരത്തില്‍ സവിശേഷമായി പ്രതിപാദിച്ചിട്ടുണ്ടു്.

യുനിക്കോഡ് കാലഘട്ടത്തില്‍ ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയിലുണ്ടായ ചില്ല് എന്‍കോഡിംഗ് വിവാദവും എടുത്തു പറയേണ്ടതാണു്. പ്രസ്തുതവിഷയം വേറിട്ട് പ്രതിപാദിച്ചിട്ടുണ്ട് എന്നതിനാല്‍ അതിന്റെ പരിണാമം എന്തെന്നു മാതാം ഇവിടെ സൂചിപ്പിക്കാം. ചില്ലുകള്‍ അടിസ്ഥാനാക്ഷരമായി എന്‍കോഡു ചെയ്യാന്‍ യൂനിക്കോഡ് കണ്‍സോര്‍ഷ്യം തീരുമാനിച്ചു. എങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതുവരെ ആണവചില്ല് എന്നു വിളിക്കപ്പെടുന്ന പുത്തന്‍ചില്ലിനു് പിന്തുണ നല്കുന്നില്ല. വരമൊഴി പോലെ ചില പ്രോഗ്രാമുകള്‍ ആണവചില്ലുകള്‍ പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ടു്. അതോടെ ചില്ലക്ഷരം രണ്ടു രീതിയില്‍ ടൈപ്പു ചെയ്യാവുന്ന അവസ്ഥ നിലവില്‍ വന്നിരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ സുരക്ഷയുടെ കാര്യത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണു് ഡുവല്‍ എന്‍കോഡിംഗ് എന്ന ഈ പ്രശ്‌നം. യൂനിക്കോഡ് പോളിസിയുടെ ഭാഗമായി പഴയ ഇന്‍പുട്ട് രീതി സംരക്ഷിക്കപ്പെടുകയും ചെയ്യും. വിവേകശാലികളും കാര്യവിവരമുള്ളവരും നല്കിയ മുന്നറിയിപ്പിനെ അവഗണിച്ചു് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉപയോക്തൃസമൂഹത്തിനു് മൊത്തത്തില്‍ ദോഷകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കയാണു്. അവര്‍ യൂനിക്കോഡ് 5.1 സ്റ്റാന്‍ഡേര്‍ഡിനു പകരം നേരെത്തെയുണ്ടായിരുന്ന യൂനിക്കോഡ് 5 സ്റ്റാന്‍ഡേര്‍ഡില്‍ തന്നെ നിലയുറപ്പിക്കുകയാണു്.

വെബ്ബിലെ മലയാളം

ഇന്റര്‍നെറ്റ്കാലത്തെ മലയാളഭാഷാപ്രശ്നങ്ങള്‍


മലയാളം ബ്ലോഗ്, മലയാളം വിക്കിപീഡിയ എന്നെല്ലാം ഇക്കഴിഞ്ഞ കുറേ നാളായി പത്രമാദ്ധ്യമങ്ങളില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെട്ടുകാണുന്നു. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാമെന്നും ഇന്റര്‍നെറ്റില്‍ മലയാളഭാഷയില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാമെന്നും കേരളീയസമൂഹം മനസ്സിലാക്കുന്നതിന് ഇത് വഴിയൊരുക്കിയിട്ടുണ്ട്. എന്നിരുന്നാലും, കമ്പ്യൂട്ടറില്‍ മലയാളഭാഷ ഉപയോഗിക്കുന്നത് കേരളത്തില്‍ ജീവിക്കുന്ന മലയാളികളേക്കാള്‍ വിദേശവാസികളാണ്. ബ്ലോഗ് എഴുതുന്നതിനു പുറമെ മലയാളത്തില്‍ മെയിലയക്കാനും ചാറ്റ് ചെയ്യാനും ഇപ്പോള്‍ സാദ്ധ്യമാണ്. ഇത്തരം സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താത്തതിനാല്‍ കേരളത്തിലെ കമ്പ്യൂട്ടറുകള്‍ ഏറെയും അലങ്കാരവസ്തുക്കളായി ഉപയോഗിക്കപ്പെടുകയാണ്. വീടുകളില്‍ മാത്രമല്ല ടെലിവിഷന്‍ വാര്‍ത്തകളില്‍ ഉദ്യോഗസ്ഥമേധാവികളുടെയും മന്ത്രിമാരുടേയും ചേംബറുകളിലും ഈ അലങ്കാരവസ്തുവിനെ കാണാവുന്നതാണ്.

ആദ്യത്തെ മലയാളം ബ്ലോഗ് 2003 ഏപ്രില്‍ മാസത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്। അതിനു ശേഷം ഈ മാദ്ധ്യമത്തിന്റെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ നിരവധി പേര്‍ ബ്ലോഗുകള്‍ ഉണ്ടാക്കി. തുടക്കത്തില്‍ പതുക്കെയായിരുന്നുവെങ്കിലും ഇപ്പോള്‍ ഓരോ ആഴ്ചയിലും ഇരുന്നൂറോളം പുതിയ ബ്ലോഗുകള്‍ ഉണ്ടാകുന്നുണ്ട്. അവയില്‍ ഏറെയും നിരന്തരമായി പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് സജീവമായി നില്ക്കുന്നവയുമാണ്. ബ്ലോഗു പോലെ സജീവമാണ് മലയാളം വിക്കിപീഡിയയും. താല്പര്യമുള്ള ആര്‍ക്കും ലേഖനങ്ങള്‍ എഴുതാവുന്നതും തിരുത്തലുകളിലൂടെ ലേഖനങ്ങള്‍ മെച്ചപ്പെടുത്താവുന്നതുമായ സ്വതന്ത്രവിജ്ഞാനകോശമാണ് വിക്കിപീഡിയ. ഇക്കഴിഞ്ഞ ഡിസംബറില്‍ അഞ്ചു വയസ്സു പൂര്‍ത്തിയാക്കിയ മലയാളം വിക്കിപീഡിയയില്‍ അയ്യായിരത്തിലധികം ലേഖനങ്ങള്‍ ഉണ്ട്. ഒരു ലക്ഷം തിരുത്തലുകള്‍ വിക്കിപീഡിയയില്‍ ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്. ഇന്റര്‍നെറ്റിലെ മലയാളത്തിന്റെ സജീവത വ്യക്തമാക്കാന്‍ ഈ കണക്കുകള്‍ പര്യാപ്തമാണ് . ഈ അവസ്ഥയിലും ഇത്തരം സാദ്ധ്യതകള്‍ ഉപയോഗിക്കുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇപ്പോഴും ആംഗലത്തിലാണ്. ഭരണഭാഷ മലയാളമാക്കുന്നതില്‍ നാം പുലര്‍ത്തുന്ന നിഷ്കര്‍ഷയുടെ മികച്ച ഉദാഹരണമാണിത്.

ഇന്റര്‍നെറ്റിലെ മലയാളം അനായാസമായത് യൂനിക്കോഡ് എന്‍കോഡിംഗിനെത്തുടര്‍ന്നാണ്. മലയാളത്തിന്റെ യൂനിക്കോഡ് എന്‍കോഡിംഗിനെക്കുറിച്ച് ഇപ്പോള്‍ ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ഭാഷാപരവും സാങ്കേതികവുമായ പരിജ്ഞാനം ഈ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനും ആവശ്യമാണ്. എന്നാല്‍ കേരളത്തിലെ ഭാഷാപണ്ഡിതന്മാരോ വിവരസാങ്കേതികതാ വിദഗ്ദ്ധരോ ഈ പ്രശ്‌നത്തെക്കുറിച്ച് സഗൗരവം പഠിക്കുകയോ അഭിപ്രായം രൂപീകരിക്കുകയോ ചെയ്തിട്ടില്ല. എന്താണ് ഈ പ്രശ്‌നം എന്നു പോലും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഔദ്യോഗികഭാഷാസ്ഥാപനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എന്താണ് യൂനിക്കോഡ് എന്‍കോഡിംഗിലെ പ്രശ്‌നം എന്ന് വിശദീകരിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.
ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടര്‍നിര്‍മ്മാണക്കമ്പനികളും സോഫ്റ്റ്‌വേര്‍കമ്പനികളും ചേര്‍ന്ന് രൂപീകരിച്ച ഒരു സംഘടനയാണ് കാലിഫോര്‍ണിയ ആസ്ഥാനമായ യൂനിക്കോഡ് കണ്‍സോര്‍ഷ്യം। ലോകത്തിലെ എല്ലാ ഭാഷകളും അനായാസം ഫലപ്രദമായി കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനും ഇന്റര്‍നെറ്റ് വഴി ഈ ഭാഷകളില്‍ വിവരവിനിമയം അനായാസമാക്കാനും സഹായകമായ സാങ്കേതികവിദ്യ രൂപപ്പെടുത്തുക എന്നതാണ് ഈ കണ്‍സോര്‍ഷ്യത്തിന്റെ ഉദ്ദേശ്യലക്ഷ്യം. അതിനായി അവര്‍ ചിട്ടപ്പെടുത്തിയ ഭാഷാകോഡുകളാണ് യൂനിക്കോഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഭാഷകള്‍ക്കെല്ലാം ഓരോ കോഡ് പേജുകള്‍ യൂനിക്കോഡില്‍ നല്കിയിട്ടുണ്ട്. മലയാളത്തിന്റെ യൂനിക്കോഡ് കോഡ്‌പേജ് നിലവില്‍ വരികയും സോഫ്റ്റ്‌വേര്‍ നിര്‍മ്മാതാക്കള്‍ ഇത് പിന്തുടരുകയും ചെയ്തതിനാലാണ് ഇന്ന് ഇന്റര്‍നെറ്റില്‍ നേരത്തെ പറഞ്ഞതു പോലെ മലയാളം ഉപയോഗിക്കാന്‍ സാധിക്കുന്നത്.

വിന്‍ഡോസ് എക്‌സ്പി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സര്‍വ്വീസ് പായ്ക്ക് രണ്ടിലാണ് മലയാളത്തിന്റെ കോഡുകള്‍ മൈക്രോസോഫ്റ്റ് ആദ്യമായി ഉള്‍ക്കൊള്ളിക്കുന്നത്। ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അതിന്റെ രണ്ടാമത്തെ സര്‍വ്വീസ് പായ്ക്ക് സഹിതം ഇന്‍സ്റ്റള്‍ ചെയ്ത കമ്പ്യൂട്ടറില്‍ മറ്റൊരു ഭാഷാസോഫ്റ്റ്‌വേറുമില്ലാതെ മലയാളം ഉപയോഗിക്കാന്‍ സാധിക്കും. ഗ്നു ലിനക്‌സിന്റെ ഒട്ടുമിക്ക ഡിസ്ട്രിബ്യൂഷനുകളിലും മലയാളം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഐടി @ സ്കൂള്‍ ഉപയോഗിക്കുന്ന ഡെബിയാന്റെ കസ്റ്റമൈസ്ഡ് വേര്‍ഷന്‍, തികച്ചും സൗജന്യമായി ലഭിക്കുന്ന ഉബന്തു, പ്രശസ്തമായ ഫെഡോറ എന്നിവയെല്ലാം പ്രയാസമില്ലാതെ മലയാളം ഉപയോഗിക്കാന്‍ സാധിക്കുന്ന ലിനക്‌സ് ഡിസ്ട്രിബ്യൂഷനുകളാണ്.

മലയാളത്തിന് ഇന്ന് യൂനിക്കോഡില്‍ നിലവിലിരിക്കുന്ന കോഡ് പേജ് പരിഷ്കരിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്। യൂനിക്കോഡില്‍ ചില്ല് അക്ഷരമില്ല എന്നും ചില്ലക്ഷരം മലയാളത്തിന് ആവശ്യമില്ല എന്ന് ചിലര്‍ വാദിക്കുന്നു എന്നെല്ലാം പ്രചരിപ്പിക്കുന്നത് ഈ തര്‍ക്കത്തിന്റെ അടിസ്ഥാനത്തിലാണ്. എന്താണ് ഇതിന്റെ വാസ്തവം എന്നു മനസ്സിലാക്കേണ്ടതുണ്ട്. മലയാളിസമൂഹത്തിന്റെ ഭാഷയെ സംബന്ധിക്കുന്ന ജീവല്‍പ്രധാനമായ ഒരു കാര്യം കാലിഫോര്‍ണിയയില്‍ ലോകത്തിലെ കുത്തക കമ്പ്യൂട്ടര്‍നിര്‍മ്മാതാക്കളും സോഫ്റ്റ്‌വേര്‍കമ്പനികളും കേരളത്തിലെ ജനങ്ങള്‍ അറിയാതെ തീരുമാനിക്കുന്നുവെന്നത് വിവരം നിഗൂഢവത്കരിക്കുന്നതിനെ എതിക്കുന്നവരെങ്കിലും പുറത്തറിയിക്കേണ്ടതാണ്. ഭാരതീയഭാഷകളുടെ യൂനിക്കോഡ് എന്‍കോഡിംഗിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇന്‍ഡി മെയിലിംഗ് ലിസ്റ്റ് എന്ന ഒരു സംവിധാനം യൂനിക്കോഡ് കണ്‍സോര്‍ഷ്യത്തിനുണ്ട്. അവിടെ അഭിപ്രായം പറയാമെന്നല്ലാതെ അത് യൂനിക്കോഡ് സ്വീകരിച്ചുകൊള്ളും എന്ന വ്യവസ്ഥയൊന്നുമില്ല. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് അതിനായി നിയോഗിച്ചിട്ടുള്ള കമ്മിറ്റിയാണ്. മെയിലിംഗ് ലിസ്റ്റില്‍ കേരളത്തിലെ ഭാഷാപണ്ഢിതന്മാരില്‍ ഒരാളും ഇക്കാലത്തിനിടയില്‍ അഭിപ്രായം പറയാന്‍ എത്തിയിട്ടില്ല. കാരണം ലളിതമാണ്. അവര്‍ ആരും ഈ സംവിധാനത്തെക്കുറിച്ചോ അവിടെ നടക്കുന്ന ചര്‍ച്ചയെക്കുറിച്ചോ അറിഞ്ഞിട്ടില്ല. കടുത്ത കമ്പ്യൂട്ടര്‍വിരുദ്ധനിലപാടുണ്ടായിരുന്ന കേരളത്തില്‍ ഇന്നും മഹാഭൂരിപക്ഷം ബുദ്ധീജീവികളും കമ്പ്യൂട്ടറുമായോ ഇന്റര്‍നെറ്റുമായോ പരിചയം നേടിയിട്ടില്ലാത്തവരാണ്. ഇത് ഒരു ഐ.ടി പ്രശ്‌നം എന്ന നിലയില്‍ ഭാഷാവിദഗ്ദ്ധരും ഇതൊരു ഭാഷാപ്രശ്‌നം എന്ന നിലയില്‍ ഐ.ടി വിദഗ്ദ്ധരും കണക്കാക്കുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ ആരുടേയും പരിഗണനയില്‍ വരാതെ കിടന്ന പ്രശ്‌നമാണിത്. അതിനാല്‍ ഇന്‍ഡി മെയിലിംഗ് ലിസ്റ്റില്‍ ചര്‍ച്ച ചെയ്ത മലയാളഭാഷാപ്രശ്‌നം ലഘുവായി ഇവിടെ പരാമര്‍ശിക്കാം.

പ്രധാന തര്‍ക്കവിഷയം മലയാളത്തിലെ ചില്ലക്ഷരങ്ങള്‍ക്ക് പ്രത്യേകം കോഡ് പോയിന്‍റുകള്‍ നല്കേണ്ടതുണ്ടോ എന്നതാണ്। പ്രത്യേകം കോഡ് പോയിന്റ് നല്കണം എന്നു വാദിക്കുവാന്‍ കാരണം എന്ത്? പ്രത്യേകം കോഡ് പോയിന്റ് നല്കിയാല്‍ എന്തെങ്കിലും ദോഷമുണ്ടോ? ചില്ലക്ഷരങ്ങള്‍ക്ക് കോഡ് പോയിന്‍റുകള്‍ നല്കുന്നത് എതിര്‍ക്കുവാന്‍ കാരണമെന്ത്? ഇക്കാര്യം മനസ്സിലാക്കാന്‍ അല്പം സാങ്കേതികജ്ഞാനം ആവശ്യമാണ്.

ടൈപ്പ്‌റൈറ്ററിന്റേതു പോലുള്ള കീബോര്‍ഡാണ് കമ്പ്യൂട്ടറിനും ഉള്ളത്। എങ്കിലും പ്രവര്‍ത്തനരീതി വ്യത്യസ്തമാണ്. കീബോര്‍ഡിലെ ഒരു കീ അമര്‍ത്തുമ്പോള്‍ കമ്പ്യൂട്ടറിനകത്ത് സൂക്ഷിച്ചിട്ടുള്ള വിവരങ്ങളില്‍ നിന്ന് ആ കീയുമായി ബന്ധപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള വിവരം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് കമ്പ്യൂട്ടര്‍ ചെയ്യുന്നത്. ഒരു അക്ഷരം ടൈപ്പ് ചെയ്യുമ്പോഴും സംഭവിക്കുന്നത് ഇതു തന്നെയാണ്. കമ്പ്യൂട്ടറിനകത്ത് വിവരങ്ങള്‍ കോഡുരൂപത്തിലാണ് സംഭരിച്ചു സൂക്ഷിക്കുന്നത്. ഇതിനായി 0,1 എന്നീ സംഖ്യകളുടെ ഒരു ശൃംഖലയാണ് കമ്പ്യൂട്ടര്‍ ആന്തരികമായി ഉപയോഗിക്കുന്നത്. ഭാരതീയഭാഷകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ ആവശ്യമായ ഇത്തരം വിവരങ്ങള്‍ ഓരോ സോഫ്റ്റ്‌വേര്‍ നിര്‍മ്മാതാവും സ്വന്തം യുക്തിക്ക് അനുസൃതമായി ചിട്ടപ്പെടുത്തി ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. ഇക്കാരണത്താല്‍ കോഡുകളുടെ നിരവധി വ്യവസ്ഥകള്‍ നിലവിലുണ്ടായിരുന്നു. അക്കാരണത്താല്‍, ഒരു സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് മലയാളം ഉള്‍പ്പെടെയുള്ള ഭാരതീയഭാഷയില്‍ ടൈപ്പുചെയ്ത ഒരു രചന മറ്റൊരു സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ വായിക്കാന്‍ സാധിക്കുമായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ എല്ലാ കമ്പ്യൂട്ടറും ഒരേ കോഡുകള്‍ തന്നെ ഉപയോഗിക്കണം. കമ്പ്യൂട്ടറുകള്‍ക്കിടയില്‍ വിവരവിനിമയം സാധിക്കുന്നതിന് മാനകീകരിച്ച കോഡുകള്‍ ഉപയോഗിച്ച് ഭാഷാസോഫ്റ്റുവേറുകള്‍ നിര്‍മ്മിക്കേണ്ടിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇലട്രോണിസ് വിഭാഗം 1986-88 കാലത്താണ് ഭാരതീയഭാഷകളുടെ കോഡുകളുടെ മാനകീകരണം നടത്തിയത്. ഈ വ്യവസ്ഥ പിന്തുരുന്നതാണ് കമ്പ്യൂട്ടര്‍ ടൈപ്പ്‌സെറ്റിംഗിനായി ഇന്ന് ഉപയോഗിക്കുന്ന ഭാരതീയഭാഷാ സോഫ്റ്റുവേറുകള്‍.

എന്നാല്‍ ഇത് ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ അനായാസമായി വിവരവിനിമയം സാധിക്കുകയില്ലായിരുന്നു। വെബ് ഫോണ്ടുകളും ബിറ്റ്‌സ്ട്രീം സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് അക്കാലത്ത് ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിച്ചിരുന്നത്. ഓരോ പത്രവും അവരുടെ സ്വന്തം ഫോണ്ട് ഉപയോഗിക്കുന്നു. പ്രസ്തുത ഫോണ്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റള്‍ ചെയ്താലേ ആ പത്രം നമ്മുക്ക് വായിക്കാനാകൂ. നാലു പത്രം വായിക്കാന്‍ നാല് ഫോണ്ട്!

ഫോണ്ടിനെ ആശ്രയിച്ചും അതിന്റെ സാങ്കേതികവിദ്യയ്ക്ക് വിധേയമായും ഭാഷ ഉപയോഗിക്കുന്ന പ്രയാസം ഇല്ലാതാക്കിയത് യൂനിക്കോഡ് എന്‍കോഡിംഗാണ്. ഒരു യൂനിക്കോഡ് ഫോണ്ട് കമ്പ്യൂട്ടറില്‍ ഉണ്ടായാല്‍ യൂനിക്കോഡ് കോഡിംഗ് വ്യവസ്ഥ പിന്തുടരുന്ന രചന നമ്മുക്ക് അത് തയ്യാറാക്കിയവര്‍ ഉപയോഗിച്ച ഫോണ്ട് നമ്മള്‍ ഉപയോഗിക്കുന്നില്ലെങ്കിലും വായിക്കാം. കോഡുകള്‍ക്ക് കമ്പ്യൂട്ടറിലെ ഭാഷാരചനയില്‍ നിര്‍ണ്ണായകമായ പ്രാധാന്യമാണുള്ളത്. ഒരു ഭാഷയിലെ അടിസ്ഥാനാക്ഷരങ്ങള്‍ക്കാണ് കോഡുകള്‍ നല്കുന്നത്. അക്ഷരങ്ങളുടെ ഇരട്ടിപ്പ്, കൂട്ടക്ഷരങ്ങള്‍ തുടങ്ങിയവ അടിസ്ഥാനാക്ഷരങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നവയാണ് എന്നതിനാല്‍ അവ ഏതൊക്കെ കൂട്ടക്ഷരങ്ങള്‍ ചേര്‍ന്നാണോ രൂപപ്പെടുന്നത് അവ ചേര്‍ത്ത് രൂപപ്പെടുത്തുയാണ് ടൈപ്പു ചെയ്യുമ്പോള്‍ ചെയ്യുന്നത്. ഉദാഹരണമായി ത,ചന്ദ്രക്കല എന്നിവ ഉണ്ടെങ്കില്‍ തത്ത എന്ന് ടൈപ്പ് ചെയ്യാം. ത,ത,ചന്ദ്രക്കല,ത എന്നു ടൈപ്പു ചെയ്താല്‍ മതി. ചന്ദ്രക്കല അക്ഷരങ്ങളെ യോജിപ്പിക്കുവാനുള്ള കോഡിനെ പ്രതിനിധാനം ചെയ്യുന്നു. ചില്ലുകളും ഇങ്ങനെ ഉണ്ടാക്കിയെടുക്കുയാണ് ചെയ്യുന്നത്. കാരണം, ഓരോ ചില്ലക്ഷരവും ചില അടിസ്ഥാനാക്ഷരവുമായി ബന്ധപ്പെട്ടതാണ് എന്നതു തന്നെ.
ഭാരതീയഭാഷകളുടെ കോഡുകള്‍ നിശ്ചയിക്കുന്ന പ്രക്രിയയില്‍ ശ്രദ്ധേയമായ സംഭാവനയാണ് ഇസ്കി എന്‍കോഡിംഗ് അടിസ്ഥാനമാക്കിയ ഇസ്‌ഫോ കോഡില്‍ സിഡാക്ക് നല്കിയത്। എല്ലാ ഭാരതീയഭാഷകളും അക്ഷരമാലയില്‍ ഒരേ ക്രമം പിന്തുടരുന്നവയാണല്ലോ. അക്ഷരങ്ങളുടെ എണ്ണവും സാദൃശ്യവും ഇവയുടെ ക്രമവും എല്ലാ ഇന്ത്യന്‍ഭാഷകളും ഒരേ കോഡിംഗിന്റെ അടിസ്ഥാനത്തില്‍ ഉപയോഗിക്കാമെന്ന പൂര്‍വ്വാനുമാനത്തിനു അടിസ്ഥാനമായി॥ അതിനാല്‍ ഭാഷ മാറ്റി എല്ലാ ഭാരതീയഭാഷകളും ഒരേ രീതിയില്‍ ഉപയോഗിക്കാവുന്ന ഒരു വ്യവസ്ഥ അവര്‍ രൂപീകരിച്ചു. ഇവ ടൈപ്പ് ചെയ്യാന്‍ എല്ലാ ഭാഷകള്‍ക്കും ഒരേ കീബോര്‍ഡ് എന്നതും അവര്‍ യാഥാര്‍ത്ഥ്യമാക്കി. അതിനാല്‍ സിഡാക്കിന്റെ ഐ എസ് എം പരമ്പരയില്‍പ്പെട്ട സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്ന പക്ഷം മലയാളം ടൈപ്പുചെയ്യുന്നതിനിടയില്‍ ഭാഷ ഹിന്ദിയോ ബംഗാളിയോ മറ്റേതെങ്കിലും ഭാരതീയഭാഷയോ ആക്കി മാറ്റി ആ ഭാഷയിലെ വാക്ക് ടൈപ്പു ചെയ്യാം. അതിനു വേണ്ടി ആ ഭാഷയുടെ കീബോര്‍ഡ് പരിശീലിക്കേണ്ടതില്ല. ഈ കീബോര്‍ഡ് ലേഔട്ട് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നു. ഭാരതീയഭാഷകളുടെ സ്വനപരവും ലിപിപരവുമായ സവിശേഷതകള്‍ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ യുക്തിഭദ്രവും സൗകര്യപ്രദവുമായ വ്യവസ്ഥയാണ് സിഡാക്ക് നല്കിയിട്ടുള്ളത്.

ഭാരതീയഭാഷളുടെ മാനകീകരണത്തിന് സിഡാക്ക് ഉപയോഗിച്ച വ്യവസ്ഥ അതേപടി ഉപയോഗിച്ചാണ് യൂനിക്കോഡിന്റെ കോഡുകള്‍ നിശ്ചയിച്ചത്. അതിനാല്‍ ചില്ല്, അക്ഷരങ്ങളുടെ ഇരട്ടിപ്പ്, കൂട്ടക്ഷരം എന്നിവ അടിസ്ഥാനാക്ഷരത്തില്‍ നിന്നും ഉണ്ടാക്കിയെടുക്കുകയാണ് യൂനിക്കോഡില്‍ ചെയ്യുന്നത്. നേരത്തെ ഇന്ത്യന്‍ ഭാഷകളുടെ കോഡിനെ പ്രാവര്‍ത്തികമാക്കാന്‍ ഉണ്ടാക്കിയ ഇസേ്ഫാക്ക് എന്ന എന്‍കോഡിംഗിന്റെ ഭാഗമായി നുക്ത എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു ചില്ലുകള്‍ ഉണ്ടാക്കിയിരുന്നത്. യൂനിക്കോഡില്‍ സീറോ വിഡ്ത്ത് ജോയിനര്‍ (ZWJ) എന്ന സംവിധാനമാണ് നുക്തയ്ക്കു പകരം ഉപയോഗിക്കുന്നത്. അതാവട്ടെ ഇന്ത്യന്‍ ഭാഷകള്‍ക്കു മാത്രമല്ല ലോകത്തിലെ നിരവധി ഭാഷകളുടെ കാര്യത്തില്‍ ഉപയോഗിക്കുന്ന സംവിധാനമാണ്. അടിസ്ഥാനാക്ഷരവും വിരാമ എന്ന് പേരിട്ടിരിക്കുന്ന ചന്ദ്രക്കലയും സീറോ വിഡ്ത്ത് ജോയിനറുമാണ് ചില്ലക്ഷരം ഉണ്ടാക്കിയെടുക്കാനായി ഉപയോഗിക്കുന്നത്. ഉദാഹരണമായി ന്‍ എന്ന ചില്ലക്ഷരം ന, ചന്ദ്രക്കല, സീറോ വിഡ്ത്ത് ജോയിനര്‍ (ZWJ) എന്നിവ ടൈപ്പു ചെയ്താണ് ഉണ്ടാക്കുന്നത്. ഇക്കാരണത്താല്‍ അക്ഷരമാലയില്‍ കാണുന്ന ചില്ലക്ഷരങ്ങള്‍ മലയാളത്തിന്റെ കോഡ് പേജില്‍ കാണില്ല. അത് അടിസ്ഥാനാക്ഷരമായല്ല ഇവിടെ പരിഗണിക്കപ്പെടുന്നത് എന്നതിനാലാണത്. ഈ രീതിക്കു പകരം ചില്ലിന് പ്രത്യേകം കോഡ് വേണം എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഈ വാദത്തെ മറ്റൊരു വിഭാഗം നിരവധി ന്യായങ്ങള്‍ ഉന്നയിച്ച് എതിര്‍ക്കുന്നു. ഇതാണ് ഇന്ന് യൂനിക്കോഡിലെ മലയാളം എന്‍കോഡിംഗ് സംബന്ധമായ ഏറ്റവും വലിയ തര്‍ക്കം.
ഒരു ഭാഷ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമാകുന്നതോടെ കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ ഭാഷാശേഷിയില്‍ പ്രസ്തുതഭാഷകൂടി ഉള്‍പ്പെടുന്നുവെന്നതിനാലാണ് യൂനിക്കോഡിലെ മലയാളത്തിന്റെ കോഡുകള്‍ വമ്പിച്ച ഒരു പ്രശ്‌നമാകുന്നത്. ഡി.ടി.പി യുടെ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനത്തിനപ്പുറം കമ്പ്യൂട്ടര്‍ ഉപയോഗിച്ചു ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസ്തുതഭാഷ ഉപയോഗിക്കാം എന്നു വരുമ്പോള്‍ തെറ്റില്ലാതെ അനായാസം ഭാഷ കൈകാര്യം ചെയ്യാനാകേണ്ടതുണ്ട്. ചില്ലക്ഷരത്തിന് പ്രത്യേക കോഡ് നല്കുകയും ഭാഷയിലെ അടിസ്ഥാനാക്ഷരമായി പരിഗണിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ മനസ്സിലാക്കേണ്ടത് ഇക്കാരണത്താല്‍ പ്രാധാന്യമുള്ള കാര്യമാണ്.

യൂനിക്കോഡ് എന്‍കോഡിംഗ് വ്യവസ്ഥയനുസരിച്ച് കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പുചെയ്യാന്‍ അടിസ്ഥാനാക്ഷരങ്ങളും വിരമ എന്നു പേരിട്ടിരിക്കുന്ന ചന്ദ്രക്കലയും സീറോ വിഡ്ത്ത് ജോയിനര്‍ (ZWJ), സീറോ വിഡ്ത്ത് നോണ്‍ജോയിനര്‍ (ZWNJ) എന്നീ ഒരു ക്രമീകരണങ്ങളും ഉപയോഗിക്കുന്നു। ചില്ലക്ഷരം നിര്‍മ്മിച്ചെടുക്കാന്‍ സീറോ വിഡ്ത്ത് ജോയിനര്‍ (ZWJ) ഉപയോഗിക്കുന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. ഓരോ അക്ഷരത്തിനും ഒരു നിശ്ചിത വലുപ്പം ഉണ്ട്. എന്നാല്‍ അങ്ങനെയല്ലാത്തതും അക്ഷരത്തിന്റെ രൂപത്തില്‍ മാറ്റം വരുത്തുന്നതുമായ ക്രമീകരണമാണ് ജോയിനര്‍. നോണ്‍ ജോയിനര്‍ ആവട്ടെ, പേര് സൂചിപ്പിക്കുന്നതു പോലെ അക്ഷരങ്ങള്‍ കൂടിച്ചേരുന്നതിനെ തടയുവാനുള്ള ക്രമീകരണമാണ് എന്നു ചുരുക്കി പറയാം. ജോയിനറും നോണ്‍ ജോയിനറും കണ്‍ട്രോള്‍ ഫോര്‍മാറ്റിംഗ് ക്യാറക്ടേഴ്‌സ് ആണ് എന്നാണ് സാങ്കേതികമായി പറയുക. ടൈപ്പ് ചെയ്ത ഒരു രചനയില്‍ അക്ഷരങ്ങള്‍ ചെരിഞ്ഞതാക്കുക ( ഇറ്റാലിസ്), കട്ടിയുള്ളതാക്കുക (ബോള്‍ഡ് ഫെയ്‌സ്) എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഫോര്‍മാറ്റിംഗിന്റെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. ഇത്തരം പ്രവര്‍ത്തനമാണ് ജോയിനര്‍ ചെയ്യുന്നതെന്നും അതിനാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നുമാണ് ചില്ലക്ഷരത്തിന് കോഡ് പോയിന്റ് വേണം എന്നു വാദിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാനയുക്തി.

ഇപ്പോഴത്തെ നിലയില്‍ യൂനിക്കോഡിന്റെ കോഡ് പേജില്‍ വ്യവസ്ഥചെയ്യപ്പെട്ട വിധത്തില്‍ മലയാളം തെറ്റു കൂടാതെ ഉപയോഗിക്കാന്‍ സാധിക്കും। ഫോര്‍മാറ്റിംഗ് കണ്‍ട്രോള്‍ ക്യാറക്ടറുകളാണ് ജോയിനറുകള്‍ എന്നത് ഒരു നിലയിലും ഇന്നത്തെ അവസ്ഥയില്‍ അച്ചടിയിലും വെബ്ബിലുമുള്ള ഭാഷോപയോഗത്തെ പ്രശ്‌നത്തിലാക്കുന്നില്ല. പത്രം അച്ചടിക്കുക, പുസ്തകങ്ങള്‍ തയ്യാറാക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഇപ്പോഴത്തെ വ്യവസ്ഥ ഒരു തടസ്സവുമല്ല. സാങ്കേതികമായ ഭാഷയില്‍ പറഞ്ഞാല്‍ ടെസ്റ്റ് എഡിറ്റിംഗിന്റെ തലത്തിലോ വെബ്ബിലോ ഇപ്പോള്‍ യൂനിക്കോഡില്‍ നിലവിലുള്ള വ്യവസ്ഥയ്ക്ക് ഒരു പ്രശ്‌നവുമില്ല. ഒരു ചില്ലക്ഷരം ടൈപ്പ് ചെയ്യാന്‍ മൂന്ന് കീകള്‍ അമര്‍ത്തേണ്ടിവരും എന്നു തോന്നാം. കൂട്ടക്ഷരങ്ങള്‍, ഇരട്ടിപ്പുകള്‍ എന്നിവ ടൈപ്പു ചെയ്യാനും മൂന്ന് കീകള്‍ തന്നെ ഉപയോഗിക്കുന്നു. വേണമെങ്കില്‍ ഇത് കീബോര്‍ഡ് വിന്യസനത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണ്. അത് പരിഹരിച്ചിട്ടുമുണ്ട്. ഉദാഹരണമായി, ഐടി @ സ്കൂള്‍ ഉപയോഗിക്കുന്ന ഡബിയാന്‍ ലിനക്‌സിന്റെ കസ്റ്റമൈസ്ഡ് വേര്‍ഷനില്‍ നുക്ത എന്ന് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ വിളിക്കുന്ന ഒരു കീയില്‍ ചില്ല് രൂപപ്പെടുത്തുവാന്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന്റെ കാര്യത്തില്‍ കീബോര്‍ഡില്‍ ഓരോ അക്ഷരത്തിനും സുനിശ്ചിതമായ സ്ഥാനം എന്നത് വളരെ ഗുരുതരമായ പ്രശ്‌നമല്ല. നിലവില്‍ ഏറ്റവുമധികം പ്രൊഫഷനല്‍ ടൈപ്പിസ്റ്റുകള്‍ ഉപയോഗിക്കുന്നത് സിഡാക് എന്ന സ്ഥാപനം ചിട്ടപ്പെടുത്തിയ ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡാണ്. അതില്‍ മാത്രമേ നുക്ത എന്ന സങ്കല്പം തന്നെയുള്ളൂ. വിദേശമലയാളികള്‍ മഹാഭൂരിപക്ഷവും ട്രാന്‍സ്ലിറ്ററേഷന്‍ കീബോര്‍ഡ് എന്ന ഒരു ക്രമീകരണമാണ് പിന്തുടരുന്നത്. അതാകട്ടെ, ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ മലയാളം കിട്ടാവുന്ന ക്രമീകരണമാണ്. അതില്‍ തന്നെ നിരവധി വ്യത്യസ്തങ്ങളായ രീതികള്‍ നിലവിലുണ്ട്.

ചില്ലക്ഷരത്തിന് കോഡ് പേജില്‍ അടിസ്ഥാനാക്ഷരങ്ങളോടൊപ്പം സ്ഥാനം വേണം എന്ന് വാദിക്കുന്നവര്‍ ചില ഉദാഹരണങ്ങള്‍ കാണിച്ചാണ് തങ്ങളുടെ വാദമുഖം അവതരിപ്പിക്കുന്നത്। അതില്‍ പ്രധാനം വന്‍യവനിക - വന്യവനിക എന്ന ദ്വന്ദമാണ്. വലിയ യവനിക എന്ന അര്‍ത്ഥത്തിലുള്ള ആദ്യത്തെ വാക്കും അതല്ലാത്ത അര്‍ത്ഥമുള്ള രണ്ടാമത്തെ വാക്കും (എന്താണ് അതിന്റെ അര്‍ത്ഥമെന്ന് എനിക്ക് മനസ്സിലായിട്ടില്ല. വന്യമായ വനിക എന്നാല്‍ എന്തായിരിക്കാം?) ടൈപ്പു ചെയ്യുമ്പോള്‍ ഉള്ള വ്യത്യാസം ആദ്യത്തെ വാക്കില്‍ ന, ചന്ദ്രക്കല എന്നിവയ്ക്കു ശേഷം ZWJ ഉണ്ട് എന്നതാണ്. എന്നാല്‍ ഇത് അവഗണിക്കപ്പെടുന്ന ഒരു സന്ദര്‍ഭം ഉണ്ടെങ്കില്‍ ഈ രണ്ട് വാക്കുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടാകില്ല. കാരണം ന, ചന്ദ്രക്കല, യ എന്നിവ ചേര്‍ന്നാല്‍ ന്യ എന്നാണ് കമ്പ്യൂട്ടര്‍ കാണിക്കുക. ഇതു പോലെ വേറെ ചില ദ്വന്ദങ്ങളും വാദത്തിന് ഉപോദ്ബലകമായി അവര്‍ അവതരിപ്പിക്കുന്നുണ്ട്. മന്‍വിക്ഷോഭം - മന്വിക്ഷോഭം(മന: + വിക്ഷോഭം എന്നത് എങ്ങനെയാണ് ഈ പദമാകുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല), കണ്‍വലയം - കണ്വലയം (കണ്വലയത്തിന് എന്താണ് അര്‍ത്ഥം എന്നും മനസ്സിലായിട്ടില്ല) എന്നിവയാണ് പ്രശസ്തമായ ഉദാഹരണങ്ങള്‍. ഉദാഹരണമായി കാണിച്ച പദങ്ങളില്‍ പലതും മലയാളത്തില്‍ നിരര്‍ത്ഥകങ്ങളും കുസന്ധികളുമാണ്. എന്നിരുന്നാലും വാദത്തിന് ഈ ഉദാഹരണങ്ങള്‍ സ്വീകരിച്ച് പരിശോധിക്കാവുന്നതാണ്. ഇതില്‍ എല്ലാ സന്ദര്‍ഭത്തിലും അനൈച്ഛികമായ അക്ഷരസംയോഗം ഉണ്ടാകുന്നത് തടയാന്‍ സാധിക്കും. അനൈച്ഛികമായ അക്ഷരസംയോഗമാണ് ഇവിടങ്ങളിലെല്ലാം സംഭവിക്കുന്നത്. താഴ്‌വാരം എന്ന വാക്ക് ടൈപ്പു ചെയ്യുമ്പോള്‍ താഴ്വാരം എന്നാവാതിരിക്കാന്‍ ഴ, ചന്ദ്രക്കല എന്നിവയ്ക്കു ശേഷം ZWNJ ടൈപ്പു ചെയ്യേണ്ടതാണ്. നോണ്‍ജോയിനര്‍ അക്ഷരങ്ങള്‍ കൂടിച്ചേരുന്നത് തടയും. ജോയിനര്‍ ഇടയില്‍ ഉള്ളിടത്തോളം ഇങ്ങനെ അനൈച്ഛികപദസംയോഗം സംഭവിക്കുകയുമില്ല. ജോയിനര്‍ ഉപയോഗിക്കാതിരുന്നാലേ പ്രശ്‌നം ഉണ്ടാകുന്നുള്ളൂ. ആകയാല്‍ ജോയിനറുകള്‍ ഉപയോഗിക്കുന്ന രീതി അനുവര്‍ത്തിച്ചാല്‍ നേരത്തെ ചൂണ്ടിക്കാണിച്ച ഉദാഹരണദ്വന്ദങ്ങളിലെ അനൈച്ഛികപദസംയോഗം തടയാവുന്നതാണ്. ഇത് ചില്ലക്ഷരത്തിന് കോഡ് പേജില്‍ സ്ഥാനം വേണം എന്ന വാദത്തിന് മതിയായ ന്യായീകരണമാകുന്നില്ല. മലയാളത്തില്‍ നിരര്‍ത്ഥകമായ വാക്കുകള്‍ കാണിച്ചുള്ള ഈ യുക്തിവാദത്തിന് യാതൊരു സാധൂകരണവുമില്ല.

മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ ജോയിനറുകളുടെ ഉപയോഗം ഒഴിച്ചുകൂടാനാകാത്തതാണ്। ലോസഭ എന്ന വാക്ക് ടൈപ്പു ചെയ്യുമ്പോള്‍ ലോക്‌സഭ എന്നാവാതിരിക്കാന്‍, ശ്രേയാംസ്കുമാര്‍ എന്നത് ശ്രേയാംസ്കുമാര്‍ എന്നാവാതിരിക്കാന്‍ ZWNJ മലയാളത്തില്‍ ഉപയോഗിക്കേണ്ടി വരും. ഇവിടെ ചില്ലക്ഷരമില്ല എന്നത് ശ്രദ്ധിക്കുക. ഫോര്‍മാറ്റിംഗ് കണ്‍ട്രോള്‍ ക്യാറക്ടേഴ്‌സ് എന്നു കണക്കാക്കി അവഗണിക്കാനാകാത്ത പ്രാധാന്യം മലയാളത്തിന്റെ കാര്യത്തില്‍ ZWJ, ZWNJ എന്നിവയ്ക്കുണ്ട് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. അങ്ങനെയല്ലെങ്കില്‍ വരാവുന്ന ചില മാതൃകകള്‍ കാണിക്കാം: ജോസേ്താമസ്, രമേശ്ചെന്നിത്തല. പേരിനും സര്‍നെയിമിനുമിടയില്‍ ഒരു സെ്പയ്‌സ് ഇടുന്നില്ലെങ്കില്‍ ഈ പേരുകള്‍ ഇങ്ങനെയാകും രൂപപ്പെടുക.

ചില്ലുകള്‍ക്ക് പ്രത്യേകം കോഡ് പോയിന്റ് നല്കണം എന്ന് വാദിക്കാന്‍ കാരണം അവയ്ക്ക് സ്വതന്ത്രമായ നില്പില്ല എന്നതാണ്। അവ ഫോര്‍മാറ്റിംഗ് ക്യാരക്ടറുകളെ ആശ്രയിച്ചാണ് നില്ക്കുന്നത്. ഫോര്‍മാറ്റിംഗ് കണ്‍ട്രോള്‍ ക്യാറക്ടറുകള്‍ക്ക് പരിമിതമായ സ്ഥാനമേയുള്ളൂ എന്നും അവഗണിക്കാവുന്നത് എന്ന് ഒരു ആപ്ലിക്കേഷന് ഇതിനെ പരിഗണിക്കാം എന്നുമുള്ള മുന്‍വിധിയില്‍ നിന്നാണ് ഈ വാദമുഖം അവതരിപ്പിച്ചിട്ടുള്ളത്. സെര്‍ച്ച് എന്‍ജിനുകള്‍ സാധാരണനിലയില്‍ ഇറ്റാലിസ്, ബോള്‍ഡ് എന്നിങ്ങനെയുള്ള ഫോര്‍മാറ്റിംഗ് ഘടകങ്ങളെ അവഗണിക്കുകയാണ് പതിവ്. ഈ വാദം യുക്തിസഹമാണ് എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ തോന്നാവുന്നതാണ്. എന്നാല്‍ ലോകത്തിലെ പല ഭാഷകളും ഫോര്‍മാറ്റ് കണ്‍ട്രോള്‍ ക്യാറക്ടറുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നതിനാല്‍ അവയെ മലയാളത്തിന്റെ കാര്യത്തില്‍ മാത്രം ഒരു ആപ്ലിക്കേഷന് അവഗണിക്കാവുന്നവ എന്ന് മാറ്റി നിറുത്താന്‍ സാദ്ധ്യമല്ല.

ഫോര്‍മാറ്റിംഗ് കണ്‍ട്രോള്‍ ക്യാറക്ടറുകള്‍ അവഗണിക്കപ്പെടാവുന്നവയായി പരിഗണിക്കപ്പെടും എന്നു കണക്കാക്കി ചില്ലിന് യൂനിക്കോഡ് കോഡ് പേജില്‍ സ്ഥാനം നല്കിയാല്‍ അത് പ്രശ്‌നം പരിഹരിക്കുകയല്ല കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക। യൂനിക്കോഡിന്റെ വ്യവസ്ഥയനുസരിച്ച് ഒരിക്കല്‍ ചെയ്ത വ്യവസ്ഥ പിന്നീട് മാറ്റുകയില്ല. അതിനാല്‍ ജോയിനറുകള്‍ ഉപയോഗിച്ചും ചില്ലുകള്‍ക്കായി നല്കിയിട്ടുള്ള പുതിയ കോഡ് ഉപയോഗിച്ചും ചില്ലക്ഷരം ടൈപ്പു ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയാണ് ഇതിന്റെ ഫലമായി ഉണ്ടാവുക. ഒരു അക്ഷരത്തിന് രണ്ടു കോഡുകള്‍ എന്ന അവസ്ഥയാണത്. കോഡുകള്‍ മാനകീകരിക്കുന്നതും അത് എല്ലാവരും ഒരു പോലെ പിന്തുടരുകയും ചെയ്യുന്നത് അതോടെ അവസാനിക്കും. ചില്ലക്ഷരം പലര്‍ പലരീതിയില്‍ ടൈപ്പു ചെയ്യുന്നത് അച്ചടിയുടെ തലത്തില്‍ ഒരു ഗുരുതരമായ പ്രശ്‌നമല്ല. എന്നാല്‍ ഇന്റര്‍നെറ്റ് കാലത്തെ ഭാഷാപ്രയോഗം അച്ചടിക്കാലത്തിലേതില്‍ നിന്ന് വ്യത്യസ്തമായി നിരവധി മണ്ഡലങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതാണ്. അവിടെയെല്ലാം രണ്ട് രീതിയില്‍ ചില്ലക്ഷരം ഉണ്ടാക്കാവുന്ന അവസ്ഥയുണ്ടാകും. യൂനിക്കോഡിന്റെ നയം അനുസരിച്ച് നേരത്തെയുണ്ടായിരുന്ന കോഡുകള്‍ അതേ പടി നിലനിറുത്തുകയാണ് അവര്‍ ചെയ്യുകയെന്ന് നേരത്തെ പറഞ്ഞല്ലോ. അതിനാല്‍ ഞാന്‍ എന്ന വാക്ക് രണ്ട് രീതിയില്‍ ടൈപ്പു ചെയ്യാനാകും. ഞ, ദീര്‍ഘം, ന, ചന്ദ്രക്കല, ZWJ എന്ന് ഒരാളും വേറൊരാള്‍ ഞ, ദീര്‍ഘം, ചില്ല് ന്‍ എന്നും. രണ്ടും കാഴ്ചയില്‍ ഒരു പോലെയാണെങ്കിലും കമ്പ്യൂട്ടറിന്റെ ആന്തരികമായ വിവരത്തില്‍ ഇത് രണ്ട് വാക്കുകളായിരിക്കും. അര്‍ത്ഥവ്യത്യാസമില്ലാതെ ഒരു വാക്ക് രണ്ടു രീതിയില്‍ എഴുതുന്ന എഴുത്തു രീതി ഇന്ന് മലയാളത്തില്‍ നിലവിലുണ്ട്. പുതിയലിപിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന പ്രസ്തുതരീതി ഇന്റര്‍നെറ്റ് കാലത്ത് മലയാളത്തിന്റെ അന്തകനായിത്തീരും.

ഇന്റര്‍നെറ്റുകാലത്തെ മലയാളത്തിന് ടൈപ്പ്‌റൈറ്റിംഗ് കാലത്തിലേതില്‍ നിന്ന് വ്യത്യസ്തമായ പല ധര്‍മ്മങ്ങളും നിര്‍വ്വഹിക്കാനുണ്ട്। ഇന്റര്‍നെറ്റിലെ വെബ്ബ് വിലാസം മലയാളത്തില്‍ നല്കാനാകുന്ന സാഹചര്യം ഇതില്‍ ഒന്നാണ്. ഇവിടെ കൃത്യത പാലിക്കാനാകാത്ത ഒരു ഭാഷ ഈ മണ്ഡലത്തില്‍ വമ്പിച്ച പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഞാന്‍ ഡോട്ട് കോം എന്ന പേരില്‍ ഒരാള്‍ വെബ് വിലാസം ഉണ്ടാക്കുന്നവെന്നു കരുതുക. യുനിക്കോഡില്‍ ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് ZWJ ഉപയോഗിച്ചായിരിക്കും ആ വിലാസം ഉണ്ടാക്കിയിരിക്കുക. ചില്ലിന് കോഡ് പോയിന്റ് നിലവില്‍ വന്നാല്‍ മറ്റൊരാള്‍ക്ക് അതേ വിലാസം ചില്ലിന്റെ കോഡ് ഉപയോഗിച്ച് ഉണ്ടാക്കാനാകും. രണ്ടും കാഴ്ചയില്‍ ഒരേ പേരാണ്. എന്നാല്‍ കമ്പ്യൂട്ടറിന്റെ ആന്തരികമായ വ്യവസ്ഥയില്‍ രണ്ടും വ്യത്യസ്തമാണ് എന്നതിനാല്‍ ഇങ്ങനെ ഒരു വ്യാജനെ സൃഷ്ടിക്കുക എളുപ്പമാണ്. ചില്ലക്ഷരമുള്ള ഏത് വിലാസത്തിനും ഇങ്ങനെ വ്യാജന്മാര്‍ വരാവുന്നതാണ്. കേരളസര്‍ക്കാര്‍ എന്ന പേരിലുള്ള വെബ് സൈറ്റ് നാലു രീതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. സര്‍ക്കാര്‍ സെറ്റിന്റെ വ്യാജന്‍ ഉണ്ടായാല്‍ സംഭവിക്കാവുന്ന അപകടം വിസ്തരിക്കേണ്ടതില്ല. ഇങ്ങനെ വ്യാജന്മാരെ സൃഷ്ടിച്ച് വെബ്ബ് തെരയുന്നവരെ വഴിതെറ്റിച്ച് കൊണ്ടുപോകുന്ന രീതി ഇംഗ്ലീഷിന്റെയും മറ്റു ഭാഷകളുടേയും കാര്യത്തില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇതിനെ സ്പൂഫിംഗ് എന്നാണ് പറയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്റര്‍നെറ്റില്‍ തെരയുന്ന ഒരാളെ വഴിതെറ്റിക്കുന്നതിനപ്പുറം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സ്പൂഫ് ചെയ്യുന്നവര്‍ നടത്തുന്നത്.ചില്ലിന്റെ കോഡു ഉപയോഗിച്ച് അങ്ങനെ ചെയ്യാവുന്ന അവസ്ഥ തടയുക എന്നത് മലയാളത്തിന്റെ ആവശ്യമാണ്.

ബാങ്കിംഗ് ഉള്‍പ്പെടെയുള്ള രംഗത്ത് ഇക്കാരണത്താല്‍ തന്നെ പലരീതിയില്‍ എഴുതുന്ന ഭാഷ ഉപയോഗിക്കാന്‍ സാദ്ധ്യമാവില്ല। സെക്യൂറിറ്റി ആവശ്യമായ ഒരു പ്രവര്‍ത്തനവും ഡുവല്‍ എന്‍കോഡിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരട്ട എഴുത്തു സാദ്ധ്യമാകുന്ന ഭാഷയില്‍ നിര്‍വ്വഹിക്കുവാന്‍ സാദ്ധ്യമല്ല. വ്യാജവിലാസം ഉപയോഗിച്ച് അക്കൗണ്ടുകളില്‍ വ്യാജന്മാര്‍ നുഴഞ്ഞുകയറിയാല്‍ എന്തു തന്നെ സംഭവിക്കുകയില്ല! ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നെറ്റുകാലത്തെ മലയാളം പുതിയലിപിക്കാലത്തെ അവ്യവസ്ഥിതത്വം താങ്ങാനാകാത്ത ഭാഷയാണ്. അതിനാല്‍ ഭാഷയുടെ കോഡ് പേജില്‍ ഇപ്പോള്‍ നിലനില്ക്കുന്ന പ്രശ്‌നരഹിതമായ അവസ്ഥയില്‍ നിന്ന് പ്രശ്‌നസങ്കുലമായ അവസ്ഥയിലേക്ക് പോകേണ്ടതുണ്ടോ എന്നതാണ് ഇപ്പോള്‍ ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള കാതലായ ചോദ്യം.

ചില്ലക്ഷരത്തിന് കോഡ് പോയിന്റ് നിശ്ചയിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നം വിദ്യാര്‍ത്ഥികളുടെ സന്ദേഹത്തിനപ്പുറം പ്രാധാന്യമുള്ളതാണ്. കൃത്യമായി പറഞ്ഞാല്‍ പുതിയലിപി മലയാളഭാഷയില്‍ ഉണ്ടാക്കിയതിന്റെ നൂറ് മടങ്ങ് പ്രശ്‌നം അത് സൃഷ്ടിക്കും. ടൈപ്പ് റൈറ്റിംഗ് മെഷീനിനു വേണ്ടി ഉണ്ടാക്കിയ ലിപിസമ്പ്രദായം മലയാളത്തിന്റെ ലിപിയായി ഔദ്യോഗികമായി സര്‍ക്കാര്‍ ഉത്തരവിലൂടെ അംഗീകരിക്കപ്പെട്ടുവെങ്കിലും ഇന്ന് അത് എവിടെയും നിലവിലില്ല. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രങ്ങളില്‍ ഒന്നായ മാതൃഭൂമി പുതിയലിപിയിലെ ഉകാരം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഋ കാരം ഉള്‍പ്പെടെ എല്ലാ അക്ഷരങ്ങളും അതിന്റെ തനതുരൂപത്തില്‍ വീണ്ടെടുക്കാന്‍ മാതൃഭൂമിക്ക് സാധിച്ചു. എന്നു മാത്രമല്ല വായനാസമൂഹം ഒരു എതിര്‍പ്പുമില്ലാതെ അത് സ്വീകരിക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ കൗതുകാവഹമായ ഒരു സംഭവം ഉണ്ട്। സമകാലീനമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യവാരഫലം എന്ന പംക്തി മലയാളത്തിന്റെ തനതുലിപിയില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ എഴുത്തുകാരനായ പ്രൊഫ. എം. കൃഷ്ണന്‍നായര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രസാധകര്‍ അത് തനതുലിപിയിലേക്ക് മാറ്റി. ഈ മാറ്റം വലിയ ആകര്‍ഷണമാകുമെന്ന് പത്രാധിപസമിതി പ്രതീക്ഷിച്ചുവെങ്കിലും വായനക്കാരില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലത്രെ. കാരണം ലിപി വിഷയത്തില്‍ മലയാളികള്‍ തനതുലിപി സ്വാഭാവികം എന്ന നിലയില്‍ സ്വീകരിക്കുന്നുവെന്നതാണ്. മറ്റൊരു ഉദാഹരണം കൂടി പറയാം: വൃത്തസഹായി എന്ന പേരില്‍ വൃത്തം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വേര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന സുഷെന്‍ കുമാര്‍, സഞ്ജീവ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ നിര്‍ദ്ദേശം ഇതില്‍ പുതിയലിപി ഉപയോഗിക്കരുത് എന്നാണ്. മാത്രമല്ല, വിസര്‍ഗ്ഗം, സംവൃതോകാരം എന്നിവയെല്ലാം ഉപയോഗിക്കണമെന്നുകൂടിയാണ്. അല്ലെങ്കില്‍ മാത്ര ഗണിക്കാനാകാതെ വരികയും വൃത്തം നിര്‍ണ്ണയിക്കുന്നതില്‍ പിഴവ് സംഭവിക്കുകയും ചെയ്യും. ലിപിപരിഷ്കരണത്തിന്റെ ഭാഗമായി തകര്‍ത്തെറിയപ്പെട്ടത് ഭാഷയുടെ ആന്തരികമായ യുക്തിയാണ് എന്നു മനസ്സിലാക്കാന്‍ വൃത്തശാസ്ത്രത്തെക്കുറിച്ചുള്ള ഈ നിര്‍ദ്ദേശം സഹായകമാകും. മലയാളഭാഷയുടെ ആന്തരമായ യുക്തിയെ തകര്‍ത്ത് കൃത്രിമമായി ഉണ്ടാക്കിയ പുതിയലിപി ഇന്റര്‍നെറ്റ് കാലത്ത് സ്വാഭാവികമായിത്തന്നെ കാലഗതിയടഞ്ഞു. ബ്ലോഗെഴുത്തുകാരും വിക്കിപീഡിയ എഡിറ്റു ചെയ്യുന്നവരും ചിന്ത.കോമിലെ തര്‍ജ്ജനി മാസിക വായനക്കാരും ഉപയോഗിക്കുന്നത ഒന്നുകില്‍ അഞ്ജലി ഓള്‍ഡ് ലിപിയോ രചനW01 എന്ന ഫോണ്ടോ ആണ്. ഇതു രണ്ടും മലയാളത്തിന്റെ തനതുലിപിസഞ്ചയം ഉപയോഗപ്പെടുത്തുന്ന ഫോണ്ടുകളാണ്.

ഇന്റര്‍നെറ്റു കാലത്തെ മലയാളം അച്ചടിക്കാലത്തെ ആധിപത്യങ്ങളെ നിരാകരിച്ച് സ്വതന്ത്രമായി മുന്നേറുന്ന ഘട്ടത്തിലാണ് യൂനിക്കോഡില്‍ ഇപ്പോള്‍ നിലവിലുള്ള കോഡ് പേജില്‍ ചില്ലക്ഷരങ്ങള്‍ക്കും സ്ഥാനം വേണം എന്ന വാദം ഉയരുന്നത്. ഇത് ന്യായമായും സംശയാസ്പദമായിത്തീരുന്നു. ചില്ലിന് കോഡ് പോയിന്റ് വേണം എന്നു വാദിക്കുന്നവര്‍ പല ന്യായങ്ങളും പല രീതിയില്‍ ഉന്നയിക്കുന്നവെങ്കിലും എന്താണ് ഇതു കൊണ്ട് പ്രയോജനം എന്ന ചോദ്യത്തിനു മുമ്പില്‍ മൗനികളാണ്. ഏത് പ്രശ്‌നമാണ് അത് പരിഹരിക്കുക എന്നതിനും ഉത്തരമില്ല. അത് വേറെ പ്രശ്‌നങ്ങളുണ്ടാക്കുമെങ്കില്‍ അതിനെന്തു പ്രതിവിധി എന്നതിനും ഉത്തരമില്ല. ഇന്‍ഡിക്‍ മെയിലിംഗ് ലിസ്റ്റിലും ബ്ലോഗിലും നടന്ന ചര്‍ച്ചകള്‍ അവസാനം വരെ കാത്തിരുന്നു വായിച്ച ഒരാള്‍ എന്ന നിലയില്‍ ചില്ലക്ഷരത്തിന്റെ എന്‍കോഡിംഗ് എന്തിനെന്ന് എനിക്ക് മനസ്സിലാക്കാനായിട്ടില്ല. ഒരു പ്രശ്‌നവും പരിഹരിക്കാതിരിക്കുകയും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും ചില്ലിന്റെ എന്‍കോഡിംഗ് എന്നാണ് ഞാന്‍ ഈ സംവാദങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്.

Wednesday, July 15, 2009

മലയാളം വിക്കിപീഡിയയില്‍ ആദ്യത്തെ പോര്‍ട്ടല്‍

മലയാളം വിക്കിപീഡിയയില്‍ ആദ്യത്തെ പോര്‍ട്ടല്‍


മലയാളം വിക്കിപീഡിയയില്‍ ആദ്യത്തെ പോര്‍ട്ടല്‍ (കവാടം) തുറന്നു മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ പോര്‍ട്ടല്‍/കവാടം ഔദ്യോഗികമായി തുറന്നിരിക്കുന്നു. ജ്യോതിശാസ്ത്രകവാടം ആണു് മലയാളം വിക്കിപീഡിയയില്‍ ആദ്യത്തെ കവാടം എന്ന നിലയില്‍ തുറന്നിരിക്കുന്നതു്.വിക്കി പോര്‍ട്ടല്‍/വിക്കികവാടം എന്നതു് വളരെ ചുരുക്കി പറഞ്ഞാല്‍, ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള വിവിധ ലേഖനങ്ങളിലേക്കുള്ള ഒരു വാതിലാണു്‍. മലയാളം വിക്കിപീഡിയയുടെ പ്രധാന പേജ് മലയാളം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളിലേക്കും ഉള്ള കവാടം ആവുന്നതു് പോലെ, ഒരു വിഷയത്തെ കുറിച്ചുള്ള പോര്‍ട്ടല്‍/കവാടം പ്രസ്തുത വിഷയത്തിലുള്ള ലെഖനങ്ങളിലേക്കുള്ള കവാടം ആകുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ വിക്കികവാടം ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള ലേഖനങ്ങളുടെ ടേബിള്‍ ഓഫ് കണ്ടെന്‍സ് ആണെന്നു പറയാം.ജ്യോതിശാസ്ത്രകവാടം താളില്‍ പോയാല്‍ മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രവിഭാഗത്തിലെ ലേഖനങ്ങളെ കുറിച്ചു് ഒരു ഏകദേശ രൂപരേഖ കിട്ടും. പോര്‍ട്ടല്‍ പേജില്‍ നിന്നു് ജ്യോതിശാസ്ത്രവിഭാഗത്തിലെ വിവിധ ലേഖനങ്ങളിലേക്കും ചിത്രങ്ങളിലേക്കും എത്താന്‍ കഴിയും.താഴെ പറയുന്ന പ്രത്യേകതകളാണു് മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ കവാടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്. മലയാളം വിക്കിപീഡിയയിലെ മികച്ച ഒരു ജ്യോതിശാസ്ത്ര ലെഖനം എല്ലാ മാസവും തെരഞ്ഞെടുത്ത ലെഖനമായി തെരഞ്ഞെടുത്ത് അതു് ജ്യോതിശാസ്ത്ര കവാടത്തിന്റെ പ്രധാനതാളില്‍ പ്രദര്‍ശിപ്പിക്കുന്നു.(തെരഞ്ഞെടുത്ത ലേഖനം മാസത്തിലൊരിക്കല്‍ പുതുക്കപ്പെടും‍)ജ്യോതിശാസ്ത്ര സം‌ബന്ധിയായ മികച്ച ചിത്രം ജ്യോതിശാസ്ത്ര കവാടത്തിന്റെ പ്രധാനതാളില്‍ പ്രദര്‍ശിപ്പിക്കുന്നു. മിക്കവാറും ചിത്രങ്ങള്‍ നാസയുടെ ചിത്രഗാലറിയില്‍ നിന്നു് തെരഞ്ഞെടുക്കുന്നവ ആണു്. (തെരഞ്ഞെടുത്ത ചിത്രം ആഴ്ചയിലൊരിക്കല്‍ പുതുക്കപ്പെടും‍)ജ്യോതിശാസ്ത്ര സം‌ബന്ധിയായ വാര്‍ത്തകളുടെ ഒരു വിഭാഗം (വാര്‍ത്ത വരുന്നതിനനുസരിച്ചു് ഇതു് പുതുക്കപ്പെടും)ജ്യോതിശാസ്ത്ര സം‌ബന്ധിയായ ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ഒരു വിഭാഗം (ജ്യോതിശാസ്ത്രസംഭവങ്ങള്‍ നടക്കുന്നതിനരുസരിച്ചു് പുതുക്കപ്പെടും. എല്ലാ മാസവും പ്രസ്തുത മാസത്തെ പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങള്‍ ജ്യോതിശാസ്ത്രകവാടം താളില്‍ പ്രദര്‍ശിപ്പിച്ചിരിക്കും)നിങ്ങള്‍ക്കറിയാമോ എന്ന ഒരു വിഭാഗം (ജ്യോതിശാസ്ത്ര ലെഖനങ്ങള്‍ക്കകത്ത് തെരഞ്ഞ് അതിനുള്ളില്‍ കിടക്കുന്ന വിജ്ഞാനമുത്തുകള്‍ ശെഖരിച്ചു് പ്രദര്‍ശിപ്പിക്കുന്ന ഒരു വിഭാഗം ആണിതു്. വിജ്ഞാനത്തിന്റെ നുറുങ്ങുകള്‍ ആയിരിക്കും ഈ വിഭാഗത്തില്‍. ഈ മാസത്തെ ആകാശം എന്ന ഒരു വിഭാഗം. ഓരോ മാസവും കെരളത്തിലെ ആകാശക്കാഴ്ചകളെ കുറിച്ചു് പ്രതിപാദിക്കുന്ന ഒരു വിഭാഗം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രപോര്‍ട്ടലില്‍ പോലും ഇല്ലാത്ത ഒരു വിഭാഗം ആണിതു്. (ഇതു് മാസത്തൊലൊരിക്കല്‍ പുതുക്കപ്പെടും)മറ്റു് ചെറു ഉപവിഭാഗങ്ങള്‍.ആദ്യത്തെ കവാടം ആയതിനാല്‍ മുന്‍പില്‍ മാതൃകകള്‍ ഒന്നും ഇല്ല. അതിനാല്‍ പല കുറവുകളും ഉണ്ടാകും. എങ്കിലും മുന്നോട്ടു പോകും തോറും കൂടുതല്‍ നന്നാവും എന്നും മലയാലം വിക്കിപീഡിയയില്‍ മറ്റു് വിഷയ്ത്തിലുള്ള കവാടങ്ങള്‍ തുറക്കാന്‍ പ്രസ്തുത വിഷയത്തില്‍ താല്പര്യമുള്ള ഉപയൊക്താക്കള്‍ക്കു് പ്രേരണയായിത്തീരുകയും ചെയ്യും എന്നു് പ്രത്യാശിക്കുന്നു.ജ്യോതിശാസ്ത്രപോര്‍ട്ടലിന്റെ വിവിധ പണികളില്‍ സഹകരിക്കുകയും പോര്‍ട്ടല്‍ സജീവമാക്കുകയും ചെയ്യുന്നതിനു് മുന്‍‌കൈ എടുക്കുകയും ജ്യോതിശാസ്ത്ര പോര്‍ട്ടലിലെ അംഗങ്ങളായ താഴെ പറയുന്ന വിക്കി ഉപയോക്താക്കള്‍ക്കു് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
റസിമാന്‍
ടി വിജുനൈദ്
രണ്‍ജിത്ത്
നവനീത്
അഭിപ്രായങ്ങളും നിര്‍‌ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Tuesday, July 14, 2009

ബ്ലോഗിനെക്കുറിച്ചു് ഒരു ലേഖനം

ബ്ലോഗും മലയാളസാഹിത്യവും

ആകാശവാണി കണ്ണൂര്‍ നിലയത്തില്‍ ചെയ്ത പ്രഭാഷണം


ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ രൂപംകൊണ്ട നവമാദ്ധ്യമങ്ങളില്‍ ഒന്നാണു് ബ്ലോഗ്. വെബ്ബ് ലോഗ് എന്നതിന്റെ ചുരുക്കമായാണു് വെബ്ബ് എന്ന വാക്കിലെ അവസാനാക്ഷരമായ Bയും ലോഗ് എന്ന വാക്കും ചേര്‍ത്തു് ബ്ലോഗ് എന്ന പേരു് സൃഷ്ടിച്ചെടുത്തതു്. 1999ല്‍ പീറ്റര്‍ മെര്‍ഹോള്‍ഡാണു് ആദ്യമായി ഈ പദം ഉപയോഗിച്ചതു്.

തൊണ്ണൂറുകളില്‍ ഇന്റര്‍നെറ്റ് ഫോറങ്ങള്‍ സൃഷ്ടിക്കുവാനായി ഉപയോഗിച്ചിരുന്ന WebEx സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ ഏതെങ്കിലും ഒരു വിഷയത്തില്‍ തുടര്‍ച്ചയായി സംവാദങ്ങള്‍ നടത്തുവാന്‍ സാധിക്കുമായിരുന്നു. ഇമെയില്‍ ലിസ്റ്റുകള്‍, ബുള്ളറ്റിന്‍ബോര്‍ഡ് എന്നിങ്ങനെയുള്ള സംവാദരീതിയും അക്കാലത്തു് നിലവിലുണ്ടായിരുന്നു. ഇതിന്റെ പരിണാമമായി ബ്ലോഗ് എന്ന രൂപത്തെ ചിട്ടപ്പെടുത്തിയതു് ഒരു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജസ്റ്റില്‍ ഹാള്‍ ആണു്. 1994 ലായിരുന്നു, അതു്.

ആദ്യഘട്ടത്തില്‍ വ്യക്തിപരമായ വെബ്ബ്‌പേജുകള്‍ മാത്രമായിരുന്നു ബ്ലോഗുകള്‍. എന്നാല്‍ ഇന്റര്‍നെറ്റില്‍ വ്യക്തിഗതമായിടം പ്രാധാന്യം കൈവരിക്കുകയും ബ്ലോഗുകള്‍ അനായാസവും ആകര്‍ഷകവുമാക്കാനുള്ള സോഫ്റ്റ്‌വേറുകള്‍ സൃഷ്ടിക്കപ്പെടുകയും ബ്ലോഗുകള്‍ക്കു് വെബ്ബിടം നല്കാന്‍ സന്നദ്ധരായി ബ്ലോഗ് സേവനദാതാക്കള്‍ രംഗത്തെത്തുകയും ചെയ്തതോടെ ബ്ലോഗിംഗ് സജീവമായ ഒരു മാദ്ധ്യമരൂപമായി വികസിച്ചു. ബ്ലോഗര്‍ ഡോട്ട് കോം, വേഡ്പ്രസ്സ് ഡോട്ട് കോം, ലൈവ്‌ജേണല്‍ ഡോട്ട് കോം എന്നിങ്ങനെയുള്ള ബ്ലോഗ് സേവനദാതാക്കള്‍, ബ്ലോഗുകളുണ്ടാക്കാന്‍ തികച്ചും സൗജന്യമായി വെബ്ബിടവും സാങ്കേതികവിദ്യയും നല്കുന്നു.

വിവരസാങ്കേതികവിദ്യയുടെ മുഴുവന്‍ സാദ്ധ്യതകളും ഉപയോഗിക്കാനാകുന്ന ആശയവിനമിയമാണു് ബ്ലോഗുകളെ നവമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാക്കുന്നതു്. എഴുത്തു് മാത്രമല്ല, ശബ്ദവും ചിത്രവും ചലച്ചിത്രവും എല്ലാം ഉള്‍പ്പെടുത്താവുന്ന സാങ്കേതികമികവും ബ്ലോഗിന്റെ സവിശേഷതയാണു്. വീഡിയോ ബ്ലോഗുകളും ശബ്ദപ്രസാരണം ചെയ്യുന്ന പോഡ് കാസ്റ്റുകളും ബ്ലോഗിങ്ങിന്റെ പുതിയമുഖങ്ങളാണു്. ഇതിന്നായുള്ള സാങ്കേതികവിദ്യ, ഏതൊരു ഉപയോക്താവിനും അനായാസമായി ഉപയോഗിക്കാവുന്ന വിധത്തില്‍ ലളിതമാക്കപ്പെട്ടിരിക്കുന്നു.

പാശ്ചാത്യനാടുകളില്‍ ആരംഭിച്ച ബ്ലോഗിംഗ് മലയാളികളില്‍ എത്തുന്നതു്, ആദ്യമായി, വിദേശത്തു് ജോലി ചെയ്യുന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാരിലാണു്. മലയാളികളുടെ ബ്ലോഗുകളും കേരളത്തെക്കുറിച്ചുള്ള ബ്ലോഗുകളും കണ്ടെത്താന്‍ സഹായിക്കുന്ന മേളം എന്ന ബ്ലോഗ് അഗ്രഗേറ്റര്‍ 2002ല്‍ മനോജ് എന്ന വിദേശമലയാളി ചിട്ടപ്പെടുത്തിയിരുന്നു. അക്കാലത്തു് മലയാളത്തില്‍ ബ്ലോഗുകളുണ്ടായിരുന്നില്ല. ആദ്യത്തെ മലയാളം ബ്ലോഗ് എം.കെ.പോളിന്റെ ജാലകം ആണു്. ഫ്രീഷെല്‍ ഡോട്ട് ഓര്‍ഗ് എന്ന സെര്‍വ്വറില്‍ ജാലകം എന്ന ബ്ലോഗ് അദ്ദേഹം ആരംഭിക്കുന്നതു് 2002 ഡിസംബറിലാണു്. ഫ്രീഷെല്‍ ഇപ്പോള്‍ നിലവിലില്ല. എങ്കിലും പഴയ ആര്‍ക്കൈവുകളില്‍ ജാലകത്തിന്റെ പഴയ താളുകള്‍ ഇന്നും നിലവിലുണ്ടു്.

മലയാളത്തില്‍ ബ്ലോഗുകള്‍ തുടങ്ങാവുന്ന വിധത്തിലുള്ള സാങ്കേതികവിദ്യ നിലവില്ലാത്ത കാലത്താണു് ആദ്യത്തെ ബ്ലോഗ്, ജാലകം, ആരംഭിച്ചതു്. ആസ്കി എന്‍കോഡിംഗിലുള്ള കേരളൈറ്റ് എന്ന ട്രൂടൈപ്പ് ഫോണ്ട് ഉപയോഗിച്ചാണു് പോള്‍ ജാലകം തയ്യാറാക്കിയതു്. അതിനാല്‍ തീര്‍ത്തും ഫോണ്ട് ആശ്രിതമായ ഒരവസ്ഥയാണു് ബ്ലോഗിനുണ്ടാവുക. കേരളൈറ്റ് ഫോണ്ട് കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ ബ്ലോഗ് വായിക്കാനാവില്ല. ഈ അവസ്ഥയില്‍ നിന്നു് മലയാളം മുക്തിനേടുന്നതു് യൂനിക്കോഡ് എന്‍കോഡിംഗില്‍ അധിഷ്ഠിതമായ ഫോണ്ടുകള്‍ വരുന്നതോടെയാണു്.

മലയാളത്തിലെ ആദ്യത്തെ യൂനിക്കോഡ് ഫോണ്ട് സൂപ്പര്‍സോഫ്റ്റ് എന്ന കമ്പനിയുടെ സാരഥിയായ അജയ്‌ലാല്‍ നിര്‍മ്മിച്ച തൂലികയാണു്. കെവിന്റെ അഞ്ജലി ഓള്‍ഡ് ലിപി, കെ.എച്ച്. ഹുസ്സൈന്റെ രചന, സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗുമായി ചേര്‍ന്നു് ഹുസ്സൈന്‍ തന്നെ നിര്‍മ്മിച്ച മീര എന്നിങ്ങനെ നിരവധി യൂനിക്കോഡ് ഫോണ്ടുകള്‍ ഇന്നു് മലയാളത്തിലുണ്ടു്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായി, കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കിട്ടുന്ന ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിനു പുറമെ, രാജ് നായരുടെ മൊഴി കീമാന്‍, കെവിന്റെ മിന്‍സ്ക്രിപ്റ്റ് എന്നിങ്ങനെ കീബോര്‍ഡുകളും മലയാളം ടൈപ്പിംഗ് സാദ്ധ്യമാക്കുന്നു. ഈ സാദ്ധ്യതകള്‍ രൂപപ്പെട്ടു വരുന്നതു് 2004ല്‍ ആണു്. അതോടെയാണു് മലയാളത്തില്‍ ബ്ലോഗിംഗ് അനായാസമായതു്. 2004ന്റെ തുടക്കത്തില്‍ 20ല്‍ താഴെ ബ്ലോഗുകള്‍ മാത്രമുണ്ടായിരുന്ന മലയാളത്തില്‍ ഇതിനകം നിര്‍മ്മിക്കപ്പെട്ട ബ്ലോഗുകളുടെ എണ്ണം ഇരുപതിനായിരത്തിലേറെയാണു്. അചില്‍ ആയിരത്തിലധികം ബ്ലോഗുകള്‍ ഇപ്പോഴും ജീവനോടെ നിലനില്ക്കുന്നു. അഞ്ഞൂറിലേറെ ബ്ലോഗുകള്‍ സജീവമായിത്തന്നെ നിലനില്ക്കുന്നുണ്ടു്.

മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് ആരംഭിക്കുന്നതു് ഒരു കവിത കുറിച്ചുകൊണ്ടാണു്. ആ കവിത ഇതാണു്:
അനന്തമായ കാലം
നിരന്തരം സംഭവിക്കുന്ന ജനനമരണങ്ങള്‍.
കാഴ്ചയുടെ പരിമിതി കൊണ്ടായിരിക്കണം
ജീവിതമാണു് ഏറ്റവും വലുതെന്നു്
ചിലപ്പോള്‍ തോന്നുന്നതു്.

ജനനത്തിനു മുമ്പും
മരണത്തിനു ശേഷവും
എന്തായിരുന്നിരിക്കണം?

നിര്‍വ്വചനങ്ങള്‍ തെറ്റിക്കൂടായ്കയില്ല.

ജാലകം എന്ന ബ്ലോഗിലെ ഈ കവിതയുടെ വഴി പിന്തുടര്‍ന്നു് കഥകള്‍, സാഹിത്യനിരൂപണം, തുടര്‍ക്കഥകള്‍ എന്നിങ്ങനെ സജീവമായ സാഹിത്യാന്തരീക്ഷം ബ്ലോഗ് കേന്ദ്രമായി രൂപപ്പെട്ടു. അങ്ങനെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച രചനകള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കിയ വിശാലമനസ്കനും കുറുമാനും ശ്രദ്ധേയരായി. മലയാളത്തിലെ ഒരു പ്രമുഖ ആഴ്ചപ്പതിപ്പു് ബ്ലോഗന എന്ന പേരില്‍ ബ്ലോഗ് രചനകള്‍ പുന:പ്രകാശിപ്പിക്കുവാന്‍ ഒരു പംക്തി തന്നെ ആരംഭിച്ചിട്ടുണ്ടു്.

ബ്ലോഗ് സാഹിത്യത്തിന്റെ ഒരിടമാണു് എന്ന ധാരണ മലയാളിസമൂഹത്തിന്റെ വായനാശീലത്തിന്റെ ഭാഗമാണു്. ഗൗരവപൂര്‍ണ്ണമായ വായന എന്നാല്‍ ഗൗരവമുള്ള സാഹിത്യകൃതികളുടെ വായനയാണു്, നമ്മുക്കു്. എന്നാല്‍ ബ്ലോഗ്, വെബ്ബില്‍ ലഭ്യമായ വൈയക്തികമായ ഇടമാണു്. അവിടെ എന്തും എഴുതാം. ദിനസരിക്കുറിപ്പോ പാചകക്കുറിപ്പോ രാഷ്ട്രീയവിശകലനമോ പ്രചാരണമോ, എന്തും. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്ന ആക്ടിവിസ്റ്റ് ബ്ലോഗുകള്‍ പലതും ലോകവ്യാപകമായ പ്രശസ്തി നേടിയവയാണു്. എന്തു തന്നെയായാലും പ്രസാധകന്റെയോ പത്രാധിപരുടെയോ കാരുണ്യത്തിനു് കാത്തുനില്ക്കാതെ സ്വന്തം രചനകള്‍, ചിന്തകള്‍ ലോകത്തിനു് മുമ്പില്‍ അവതരിപ്പിക്കാനുള്ള വര്‍ത്തമാനകാലത്തിന്റെ മാദ്ധ്യമം ബ്ലോഗാണു്.

റെക്കോര്‍ഡിംഗ്: ആകാശവാണി കണ്ണൂര്‍ (എഫ്.എം) നിലയം 15. 12. 2008.