മലയാളംകമ്പ്യൂട്ടിംഗ് ചരിത്രസംക്ഷേപം
ഡോ. മഹേഷ് മംഗലാട്ടു്
കമ്പ്യൂട്ടറില്‍ മലയാളഭാഷ ഉപയോഗിച്ചു തുടങ്ങുന്നതു് ആദ്യമായി അച്ചടിയുടെ മേഖലയിലാണു്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസു് ഓപ്പറേറ്റിംഗു് സിസ്റ്റം പ്രചാരത്തില്‍ വരുന്നതിനു മുമ്പുതന്നെ ഇതു് ആരംഭിച്ചുവെങ്കിലും മലയാളത്തിന്റെ ഉപയോഗം വ്യാപകമാകുന്നതു് വെബ്ബധിഷ്ഠിത ആശയവിനിമയസാദ്ധ്യതകള്‍ രൂപപ്പെട്ടതിനു ശേഷമാണു്. മലയാളം ബ്ലോഗുകളാണു് വാസ്തവത്തില്‍ കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നതു് വ്യാപകമാക്കിയതു് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അതുവരെ പത്രമാസികാദികളുടെ അച്ചടിക്കും പിന്നീടു് പുസ്തകപ്രസാധനത്തിനുമായിരുന്നു മുഖ്യമായും മലയാളഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചതു്. വ്യക്തിഗതമായ ഉപയോഗത്തെക്കാള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായിരുന്നു ഈ ഘട്ടത്തിലെ മലയാളം ഉപയോഗം. യൂനിക്കോഡ് എന്‍കോഡിംഗ് പിന്തുടരുന്ന മലയാളം ഫോണ്ടുകള്‍ ഉപയോഗിച്ചുള്ള ബ്ലോഗുകളാണ് വൈയക്തികമായ ആശയപ്രകാശത്തിന് കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തത്. അതിനാല്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ അറിയപ്പെടുന്ന ചരിത്രം അച്ചടിക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട വിവിധ സോഫ്റ്റുവേറുകളില്‍ നിന്നു തുടങ്ങി യൂനിക്കോഡു് എന്‍കോഡിംഗില്‍ അധിഷ്ഠിതമായ മലയാളം ഫോണ്ടുകളുടെ ടൈപ്പിംഗു് സാദ്ധ്യമാക്കിയ ഉപകരണങ്ങള്‍ വരെയുള്ളതാണു്. എന്നിരുന്നാലും മുപ്പതു വര്‍ഷത്തോളം ദൈര്‍ഘ്യമുള്ള ഈ ചരിത്രം ഏകമുഖമായ വികാസഗതിയുള്ളതായിരുന്നുവെന്നു് കരുതാവുന്നതല്ല. മലയാളം കമ്പ്യൂട്ടിംഗിന്റെ ലഘുചരിത്രം രേഖപ്പെടുത്തുകയെന്നതാണു് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ഭാഷാകമ്പ്യൂട്ടിംഗിന്റെ ആധാരശില എന്‍കോഡിംഗു് വ്യവസ്ഥയാണു്. കീബോര്‍ഡിലെ കട്ടകളില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ മോണിറ്ററില്‍ അക്ഷരങ്ങള്‍ തെളിയുന്നതിന്നു പിന്നില്‍ നടക്കുന്ന സങ്കീര്‍ണ്ണമായ പ്രവത്തനങ്ങള്‍ ഫലവത്താകുന്നതു് നിശ്ചിതമായ ഒരു എന്‍കോഡിംഗു് വ്യവസ്ഥയനുസരിച്ചു് ഭാഷയിലെ ലിപിചിഹ്നങ്ങള്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തികമാക്കുന്നുവെന്നതിനാലാണു്. കമ്പ്യൂട്ടറിന്റെ ചരിത്രത്തിന്റെ ആദ്യഘട്ടത്തില്‍ ഇംഗ്ലീഷു് ഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിച്ച ഉപയോക്താക്കളെല്ലാം വ്യത്യസ്തങ്ങളായ എന്‍കോഡിംഗിന്റെ അടിസ്ഥാനത്തില്‍ ആംഗലാക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുകയായിരുന്നു. ഓരോ കമ്പ്യൂട്ടറിലും പരസ്പരം പൊരുത്തമില്ലാത്ത എന്‍കോഡിംഗു് ഉപയോഗിക്കുന്നതിനാല്‍ ഒരു കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയ ടെസ്റ്റു് ഫയല്‍ മറ്റൊരു കമ്പ്യൂട്ടറില്‍ കാണാനോ എഡിറ്റു ചെയ്യാനോ സാധിക്കുകയില്ല. കമ്പ്യൂട്ടറുകള്‍ക്കിടയിലെ വിവരവിനിമയം അസാദ്ധ്യമാക്കിയ ഈ അവസ്ഥയ്ക്കു് പരിഹാരമായാണു് മാനകീകൃതമായ എന്‍കോഡിംഗിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ നടന്നതു്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട എന്‍കോഡിംഗു് മാനകീകരണത്തില്‍ ആസ്കി (American Standaratd Code for Information Interchange എന്നതിന്റെ ചുരുക്കരൂപം) വ്യവസ്ഥ നിലവിലിരുന്ന കാലത്താണു് മലയാളഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുവാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുന്നതു്. നേരത്തെ സൂചിപ്പിച്ചതു പോലെ യൂനിക്കോഡു് കാലഘട്ടത്തിലാണു് നാം ഇക്കാര്യത്തില്‍ എത്തി നില്ക്കുന്നതു്. ഈയൊരു അടിസ്ഥാനത്തില്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തെ നിരക്ഷിക്കുവാനാണു് ഇവിടെ ശ്രമിക്കുന്നതു്. അങ്ങനെ വരുമ്പോള്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തില്‍ മൂന്നു് ഘട്ടങ്ങളുണ്ടെന്നു കാണാം.
ഘട്ടവിഭജനം
ആസ്കി എന്‍കോഡിംഗിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ ടൈപ്പു ചെയ്യാം എന്ന അന്വേഷണത്തിനു് രണ്ടു് ഘട്ടങ്ങളുണ്ടു്. പ്രോഗ്രാമര്‍മാര്‍ സ്വന്തം നിലയില്‍ നിശ്ചയിച്ച എന്‍കോഡിംഗിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ആദ്യഘട്ടവും, ഇത്തരം വ്യത്യസ്ത എന്‍കോഡിംഗുകള്‍ വിവരവിനമയം അസാദ്ധ്യമാക്കുമെന്നതിനാല്‍ കോഡുകള്‍ മാനകീകരിച്ച രണ്ടാം ഘട്ടവും. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇലട്രോണിക്‌സു് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രവര്‍ത്തനം പൂര്‍ണ്ണതയിലെത്തുന്നതു് പൂനെയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഡാ ആസ്കി എന്‍കോഡിംഗിന്റെ മാതൃകയില്‍ ഇസ്കി (ISCII- Indian Standard Code for Information Interchange എന്നതിന്റെ ചുരുക്കരൂപം) കോഡിംഗു് വ്യവസ്ഥ രൂപവത്കരിക്കുയും അതിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ഫോ എന്ന ഫോണ്ടു് കോഡു് നിര്‍മ്മിക്കുകയും ചെയ്യുന്നതോടെയാണു്. അച്ചടിരംഗത്തു് മലയാളത്തിന്റെ പ്രയോഗം വ്യാപകമാക്കുന്നതില്‍ ഈ എന്‍കോഡിംഗു് വ്യവസ്ഥ പിന്തുരുന്ന സിഡാക്കിന്റെ ഭാഷാകമ്പ്യൂട്ടിംഗു് ഉല്പന്നങ്ങള്‍ വഹിച്ച പങ്കു് നിര്‍ണ്ണായകപ്രാധാന്യമുള്ളതാണു്. ഇന്നും ഇസ്കി എന്‍കോഡിംഗിന്റെ അടിസ്ഥാനത്തിലുള്ള ഉല്പന്നങ്ങള്‍ തന്നെയാണു് അച്ചടി രംഗത്തു് നിലനില്ക്കുന്നതു്. യൂനിക്കോഡു് എന്‍കോഡിംഗു് ബ്ലോഗിംഗിന്റെയും വിക്കിപീഡിയുടെയും വെബ്ബു് സൈറ്റുകളുടെയും മേഖലയില്‍ ഒതുങ്ങിയിരിക്കുന്നു. അതിനാല്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തെ ഇസ്കി പൂര്‍വ്വഘട്ടം, ഇസ്കി ഘട്ടം, യൂനിക്കോഡു് ഘട്ടം എന്നിങ്ങനെ മൂന്നായി തിരിക്കാവുന്നതാണു്.
മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ഇംഗ്ലീഷിനെ അപേക്ഷിച്ച് അക്ഷരസംഖ്യ കൂടുതലുള്ളവയാണ്. അവയാകട്ടെ വ്യഞ്ജനത്തോടൊപ്പം സ്വരങ്ങള്‍ ചേരുമ്പോള്‍ കൈക്കൊള്ളുന്ന ലിപിരൂപങ്ങളും കൂട്ടക്ഷരങ്ങളും ചേരുമ്പോള്‍ അതിവിപുലമായ ലിപിസഞ്ചയമുള്ളവയായിത്തീരുന്നു. എഴുത്തിലും അച്ചടിയിലും ഉപയോഗിച്ചു പോന്ന ഈ ലിപിസഞ്ചയം ഒരു പ്രശ്‌നമായി അനുഭവപ്പെട്ടത് ടൈപ്പ് റൈറ്റിംഗ് മെഷീനില്‍ അവ ഉപയോഗിക്കാന്‍ നിശ്ചയിച്ചപ്പോഴാണ്. ഇംഗ്ലീഷ് അക്ഷരങ്ങളുടെ അമ്പത്തിരണ്ട് സ്ഥാനങ്ങളും അക്കങ്ങള്‍ക്കും ചിഹ്നനത്തിനുമുള്ള ബാക്കി സ്ഥാനങ്ങളും ഉപയോഗിച്ച് എങ്ങനെ ഈ ബൃഹത്തായ ലിപിസഞ്ചയത്തെ കൈകാര്യം ചെയ്യാമെന്ന ചിന്ത ഇന്ത്യയിലെ എല്ലാ പ്രാദേശികഭാഷകളിലും ഉണ്ടായിരുന്നതാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗികഭാഷയായി പ്രാദേശികഭാഷകള്‍ ഉപയോഗിക്കുമ്പോള്‍ കൈയ്യെഴുത്തു കാലത്തേക്ക് പോകേണ്ടി വരുന്നത് ഒഴിവാക്കുവാനുള്ള സൂത്രവിദ്യ കണ്ടുപിടിക്കുകയായിരുന്നു അക്കാലത്ത് ചെയ്തത്. അക്ഷരങ്ങളുടെ എണ്ണവും ഇവ കൈകാര്യം ചെയ്യാനുള്ള സംവിധാനത്തിന്റെ പരിമിതിയും എന്നതായിരുന്നു ഈ സുത്രവിദ്യയുടെ നിയാമകഘടകങ്ങള്‍. അക്ഷരങ്ങളുടെ എണ്ണം കുറയ്ക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം എന്നതായിരുന്നു ഇതിന് അവലംബിച്ച തന്ത്രം. മലയാളഭാഷയുടെ കാര്യത്തില്‍ പുതിയ ലിപി എന്നു വിളിക്കപ്പെടുന്ന ലിപിസമ്പ്രദായം നിര്‍ദ്ദേശിക്കപ്പെടുന്നത് ഈ സന്ദര്‍ഭത്തിലാണ്. എന്നാല്‍ ടൈപ്പ് റൈറ്ററില്‍ നിന്ന് വ്യത്യസ്തമായ യന്ത്രസംവിധാനം എന്ന നിലയില്‍ മെച്ചപ്പെട്ട വിധത്തില്‍ കമ്പ്യൂട്ടറിന് ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. ഓഫ്‌സെറ്റ് അച്ചടിയുടെ സാദ്ധ്യതകള്‍ വിപുലപ്പെടുത്തിയ ഫോട്ടോടൈപ്പ്‌സെറ്റിംഗ് സംവിധാനത്തിന് കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടത് ആവശ്യമായിരുന്നു. ഇങ്ങനെ ഒരു ആവശ്യത്തില്‍ നിന്നാണ് മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു പരീക്ഷണം നടക്കുന്നത്.
അമ്പാള്‍ പ്രസ്സ് പരീക്ഷണം
പാലക്കാട് നഗരത്തിലെ ഒരു അച്ചുകൂടമാണ് അമ്പാള്‍ പ്രസ്സ്. അച്ചടിയിലെ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുവാനുള്ള പരിശ്രമത്തിനിടയിലാണ് മലയാളത്തില്‍ ഫോട്ടോടൈപ്പ്‌സെറ്റിംഗ് നടത്തുവാനുള്ള ക്രമീകരണം ഉണ്ടാക്കിയെടുക്കുവാന്‍ അമ്പാള്‍ പ്രസ്സിന്റെ ഉടമസ്ഥര്‍ നിശ്ചയിച്ചത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ കേരളത്തില്‍ പലവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലം. അക്കാലത്ത് ഇടതുപക്ഷ ബാങ്കിംഗ് സംഘടനകളും യുവജന-സര്‍വ്വീസ് സംഘടനകളും കമ്പ്യൂട്ടറിനെതിരെ പോരാട്ടം നടത്തുകയായിരുന്നു. കമ്പ്യൂട്ടര്‍ പഠനകേന്ദ്രങ്ങളും സോഫ്റ്റ്‌വേര്‍ പ്രോഗ്രാമര്‍മാരും കേരളത്തില്‍ പരിമിതമായിരുന്ന അക്കാലത്ത് ഇതിനായി ഹോളണ്ടിലുള്ള ഒരു കമ്പനിയെ ചുമതലപ്പെടുത്തുകയായിരുന്നു അമ്പാള്‍ പ്രസ്സ് ചെയ്തത്. മലയാളഭാഷയിലെ അക്ഷരരൂപങ്ങളെ എങ്ങനെ ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന കീബോര്‍ഡ് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ പ്രാവര്‍ത്തികമാക്കാം എന്നതായിരുന്നു അവരുടെ കര്‍ത്തവ്യം. സാമ്പ്രദായികമായ അച്ചടിയില്‍ ഉപയോഗിച്ചിരുന്ന തൊള്ളായിരത്തോളം ലിപിചിഹ്നങ്ങള്‍, സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, മദ്ധ്യമങ്ങള്‍, ഊഷ്മാക്കള്‍, ചില്ലുകള്‍ എന്നീ ഗണങ്ങളില്‍ പെടുന്ന അക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍, ഇരട്ടിപ്പുകള്‍ എന്നിങ്ങനെ അതീവ സങ്കീര്‍ണ്ണമായ മലയാളഭാഷയെ വരുതിയില്‍ നിറുത്താന്‍ പര്യാപ്തമായ യുക്തിയല്ല ഇംഗ്ലീഷിനും മറ്റ് യൂറോപ്യന്‍ഭാഷകള്‍ക്കുമുള്ളത്. അതിനാല്‍ അവയുടെ മാതൃക പിന്തുടരാനോ അനുകരിക്കാനോ സാദ്ധ്യമല്ല. ഈ സാഹചര്യത്തില്‍ മലയാളത്തിലെ അക്ഷരങ്ങള്‍ മുഴുവന്‍ ടൈപ്പുചെയ്യാനായി പ്രത്യേകം കീബോര്‍ഡ് തന്നെ അവര്‍ രൂപകല്പന ചെയ്തു. നിലവില്‍ നാം ഉപയോഗിക്കുന്ന ക്വര്‍ട്ടി (QWERTY) കീബോര്‍ഡ് മലയാളത്തിന് മതിയാവില്ല എന്ന പൂര്‍വ്വാനുമാനത്തില്‍ നിന്നുമാണ് ഇങ്ങനെയൊരു പ്രയോഗരീതി അവര്‍ വികസിപ്പിച്ചെടുത്തത്.
ഇംഗ്ലീഷ് ടൈപ്പ് റൈറ്ററിന്റെ കീബോര്‍ഡിനു പകരം മൂന്നിരട്ടിയോളം എണ്ണം കട്ടകള്‍ അധികം വരുന്ന വിപുലമായ മലയാളം കീബോര്‍ഡാണ് ഹോളണ്ട് കമ്പനി നിര്‍മ്മിച്ചു നല്കിയത്. കമ്പരാമായണവും മറ്റും ഇത് ഉപയോഗിച്ച് ടൈപ്പ്‌സെറ്റു ചെയ്യുകയും അച്ചടിക്കുകയും ചെയ്തു. ഫോട്ടോടൈപ്പ്‌സെറ്റിംഗിന്റെ മാതൃകയില്‍ ഫോട്ടോഗ്രാഫിക്കായി അക്ഷരങ്ങള്‍ ആലേഖനം ചെയ്യുന്ന തീര്‍ത്തും ഡിജിറ്റലല്ലാത്ത ഒരു ഡസ്ക്‌ടോപ് സിസ്റ്റമായിരുന്നു അത്. രണ്ടു വര്‍ഷത്തോളം ഇത് അമ്പക്കള്‍ പ്രസ്സ് ഉപയോഗിച്ചു. അങ്ങനെയിരിക്കെ കേടുവന്ന യന്ത്രസംവിധാനം നന്നാക്കാന്‍ അന്വേഷിക്കുമ്പോള്‍ ഹോളണ്ട് കമ്പനി പൂട്ടിപ്പോയിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ IBM-PC കളെ അടിസ്ഥാനമാക്കി മുന്നേറിയ ഭാഷാ സാങ്കേതികതയും ഡിടിപി സിസ്റ്റങ്ങളും ലോകത്തിലെ പ്രമുഖരായ ഫോട്ടോടൈപ്പ്‌സെറ്റിംഗ് കമ്പികളെ ഇങ്ങനെ പൂട്ടിച്ചു കളഞ്ഞു. നിലനിന്നിരുന്നുവെങ്കില്‍, പുതിയ അക്ഷരങ്ങളുടെ ഡി.ടി.പി പ്രളയത്തില്‍ തനതുലിപിയുടെ പ്രസക്തിയും പ്രയോഗവും കെടാതിരിക്കാന്‍ അമ്പാള്‍ പ്രസ്സിന്റെ പരീക്ഷണത്തിനു കഴിഞ്ഞേനെ. രചന വന്നതിനു ശേഷം ഇപ്പോള്‍ പല ഗ്രന്ഥങ്ങളും അവര്‍ തതുലിപിയില്‍ പ്രസിദ്ധീകരിക്കുന്നു. പാലക്കാട്ടുള്ള അമ്പാള്‍ പ്രസ്സ് എണ്‍പതുകളുടെ മദ്ധ്യത്തില്‍ മലയാളത്തിന്റെ തനതുലിപിക്കു വേണ്ടി നടത്തിയ ഈ സംരംഭം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
ഫോട്ടോ ടൈപ്പ് സെറ്റിംഗ്
1980കളുടെ തുടക്കത്തിലാണ് ഡസ്ക്‌ടോപ് കമ്പ്യൂട്ടര്‍ കേരളത്തില്‍ എത്തുന്നത്. ഐ.ബി.എം പിസികളെക്കാള്‍ ആപ്പിള്‍ മക്കിന്‍ടോഷ് ആയിരുന്നു അക്കാലത്ത് കൂടുതല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നത്. മലയാളത്തില്‍ ഡി.ടി.പി കടന്നു വരുന്നതും പ്രയോഗിക്കപ്പെടുന്നതും മക്കിന്റോഷിലൂടെയാണ്. അതിനു മുമ്പ് ഒരു ദശകത്തോളം പത്രസ്ഥാപനങ്ങള്‍ അച്ചടിക്ക് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ ഫോട്ടോടൈപ്പ്‌സെറ്റിംഗിന്റേതായിരുന്നു. മലയാള മനോരമ, മാതൃഭൂമി, ദീപിക മുതലായ വന്‍ പത്രസ്ഥാപനങ്ങളിലായിരുന്നു ഫോട്ടോ ടൈപ്പ് സെറ്റിംഗ് മെഷീനുകള്‍ ഉണ്ടായിരുന്നത്. കീബോര്‍ഡ് ഉപയോഗിച്ച് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാനും സംയുക്താക്ഷരങ്ങള്‍ ഉണ്ടാക്കാനും കമ്പ്യൂട്ടര്‍ സാങ്കേതികത തന്നെയാണ് ഉപയോഗിച്ചിരുന്നതെങ്കിലും അക്ഷരങ്ങള്‍ വാര്‍ന്നു വീഴുന്നത് സെല്ലുലോയിഡില്‍ പതിപ്പിച്ച അക്ഷരമാതൃകയില്‍ നിന്നുമായിരുന്നു. അതാവട്ടെ ഇന്ന് നിലവിലിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യ ആയിരുന്നില്ല. അതിനാല്‍ അങ്ങനെ നിര്‍മ്മിക്കപ്പെട്ട ടെക്‌സ്റ്റുകള്‍ ഡിജിറ്റല്‍ ടെക്‌സ്റ്റുകളുമായിരുന്നില്ല.
മക്കിന്റോഷും കൂടെ വന്ന ഡസ്ക് ടോപ് ലേസര്‍ പ്രിന്ററും ടൈപ്പ് സെറ്റിംഗിനെ ആകെ മാറ്റി മറിച്ചു. മക്കിന്റോഷിലുണ്ടായിരുന്ന ആള്‍ഡസ് പേജ്‌മേക്കര്‍ എന്ന പ്രോഗ്രാം ( ഇത് പിന്നീട് അഡോബ് ലബോറട്ടറീസ് വാങ്ങുകയും അഡോബ് പേജ്‌മേക്കറായി മാറുകയും ചെയ്തു) ടെക്‌സ്റ്റ് ടൈപ്പ് ചെയ്യുക മാത്രമല്ല പേജ് ക്രമീകരിക്കാനുമുള്ള സംവിധാനം ഈ പ്രോഗ്രാമിന് ഉണ്ടായിരുന്നു. ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ട പേജ്‌മേക്കര്‍ ടൈപ്പ്‌സെറ്റിംഗിനെ പേജ് ലേഔട്ട് സംവിധാനത്തിലേക്കുയര്‍ത്തി. കേരളത്തില്‍ ഡി.ടി.പി അഥവാ ഡസ്ക് ടോപ് പബ്ലിഷിംഗിന്റെ തുടക്കം അവിടെയാണ്. എണ്‍പതുകളുടെ രണ്ടാം പകുതിയിലാണ് ഐ.ബ്.എം പിസികള്‍ ഡി.ടി.പിക്കു വേണ്ടി ഉപയോഗിക്കുന്നത്. മലയാളത്തിന്റെ വ്യാപകമായ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങുന്നത് അങ്ങനെയാണ്.
ഇസ്കിയും ഇസ്‌ഫോക്കും ഇന്‍സ്ക്രിപ്റ്റും
ഇന്ത്യയിലെ പ്രാദേശികഭാഷകള്‍ക്കുവേണ്ടി ഫോണ്ടുകളും ടെക്‌സ്റ്റ് എഡിറ്റിംഗ് പ്രോഗ്രാമുകളും ഉണ്ടാക്കാനായി ആദ്യം രംഗത്തു വന്നത് ബോംബെയിലെ അബാക്കസ്, ഹൈദരബാദിലെ വിഷന്‍ലാബ് എന്നീ കമ്പനികളാണ്. പിന്നീട് പ്രകാശ എന്ന പ്രോഗ്രാമുമായി ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊനാറ്റ എത്തി. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനങ്ങള്‍ പുസ്തകങ്ങളുടെ അച്ചടിക്ക് ആവശ്യമായ ഭാഷാ സോഫ്റ്റ്‌വേര്‍ വിപണിയിലെത്തിച്ചു. ഇല ഓരോന്നും തങ്ങള്‍ക്ക് സൗകര്യപ്രദമായ എന്‍കോഡിംഗ് വ്യവസ്ഥയാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല ഇവയില്‍ ഓരോന്നിലും ഉണ്ടായിരുന്ന ലിപിചിഹ്നങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരുന്നു. ഒരു പ്രോഗ്രം ഉപയോഗിച്ചു ടൈപ്പു ചെയ്യാനാകുന്ന അക്ഷരം വേറൊന്നില്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് ഇതിന്റെ ഫലമായി ഉണ്ടായിരുന്നത്. മാത്രമല്ല, ഓരോ പ്രോഗ്രാമും വ്യത്യസ്തമായ കീബോര്‍ഡ് വിന്യസനമാണ് ഉപയോഗിച്ചിരുന്നത്. ഒരു കീബോര്‍ഡ് പരിശീലിച്ച ഒരാള്‍ക്ക് മറ്റൊരു പ്രോഗ്രാം ഉപയോഗിക്കണമെങ്കില്‍ വേറൊരു കീബോര്‍ഡ് വിന്യസനം പഠിക്കേണ്ടതായി വരും. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ സാധ്യമാണെങ്കിലും അത് വളരെ പ്രയാസകരമാണ് എന്ന ധാരണ വ്യാപകമാക്കാന്‍ ഇതു വഴിയൊരുക്കി. ഈ പ്രശ്‌നം മലയാളത്തന്‍നു മാത്രമല്ല എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും സാമാന്യമായി നേരിടേണ്ടി വന്നതാണ്. ഇതിന് പ്രതിവിധി എന്ന നിലയിലാണ് എന്‍കോഡിംഗിന്റെ മാനകീകരണം ആവശ്യമായി വരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്രസര്‍ക്കാരിന്റെ ഇലട്രോണിസ് വിഭാഗം ഈ പ്രവര്‍ത്തനത്തിന്റെ ചുമതലക്കാരായി. അവര്‍ ആരംഭിച്ച പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി സോഫ്റ്റ്‌വേറുകള്‍ നിര്‍മ്മിക്കുവാനുള്ള ചുമതല കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൂനെയിലുള്ള സിഡാക്കിനു നല്കുകയും ചെയ്തു.
ആസ്കി എന്‍കോഡിംഗിന്റെ മാതൃക പിന്തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ട എട്ട് ബിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍കോഡിംഗാണ് ഇന്ത്യന്‍ഭാഷകള്‍ക്കായി നല്കിയിട്ടുള്ളത്. ഇതിനെ ആസ്കിയെ അനുകരിച്ച് ഇസ്കി എന്ന് നാമകരണം ചെയ്തു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ച് (Indian Standard Code for Information Interchange) എന്നതിന്റെ ചുരുക്കരൂപമാണ് ഇസ്കി. ഇസ്കി എന്‍കോഡിംഗിനെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ഫോണ്ട് കോഡാണ് ഇസ്‌ഫോക്‍ (ISFOC). ഇന്ത്യന്‍ സ്ക്രിപ്റ്റ് ഫോണ്ട് കോഡ് എന്നതിന്റെ ചുരുക്കരൂപമാണ് ഇസ്‌ഫോക്‍. എല്ലാ ഇന്ത്യന്‍ ഭാഷകളും ചരിത്രപരമായ സവിശേഷതകള്‍ കാരണം ഏറെക്കുറേ സമാനമായ അക്ഷരമാലാക്രമം ദിക്ഷിച്ചുള്ളവയാണ്. സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, മദ്ധ്യമങ്ങള്‍, ഊഷ്മാക്കള്‍ എന്നിങ്ങനെയാണ് അവയുടെ വ്യവസ്ഥ. ഓരോ ഭാഷയ്ക്കും ഇതില്‍ ചില്ലറ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഉദാഹരണമായി , മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ ഉള്ളവയാണ് ചില്ലുകള്‍. തമിഴില്‍ അതിഖരം,മൃദു,ഘോഷം എന്നിവയില്ല എന്നത് വേറൊരു ഉദാഹരണം. എങ്കിലും എല്ലാ ഭാരതീയഭാഷകള്‍ക്കും പൊതുവായ ഒരു ക്രമം കണ്ടെത്താനാകും. ഈ ക്രമത്തെ അടിസ്ഥാനമാക്കിയാണ് ഇസ്‌ഫോക്‍ കോഡ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ സ്ക്രിപ്റ്റ് എന്നതുകൊണ്ട് ഒരു ഭാഷയേയാണ് വിവക്ഷിക്കുന്നത്. മലയാളം ഈ വ്യവസ്ഥയാനുസരിച്ച് ഒരു സ്ക്രിപ്റ്റാണ്, തമിഴ്, കന്നടം,ബംഗാളി എന്നിവ അതു പോലെ വേറെ ചില സ്ക്രിപ്റ്റുകളുമാണ്. അവയില്‍ ഓരോന്നിലുമുള്ള അക്ഷരങ്ങളാണ് ഫോണ്ട് എന്നതിനാല്‍ അര്‍ത്ഥമാക്കുന്നത്. ഈ വ്യവസ്ഥയനുസരിച്ച് MLTTRevathi എന്നത് മലയാളം എന്ന സ്ക്രിപ്റ്റിലെ ട്രൂടൈപ്പ് ഗണത്തില്‍ പെടുന്ന ഫോണ്ട് രേവതി എന്നാണ് സൂചിപ്പിക്കപ്പെടുന്നത്. ഇസ്‌ഫോക്‍ കോഡിംഗിന്റെ അടിസ്ഥാനത്തില്‍ ഫോണ്ടുകള്‍ ഉപയോഗിക്കാനായി രൂപകല്പന ചെയ്യപ്പെട്ട കീബോര്‍ഡ് മാനേജര്‍ പ്രോഗ്രാമാണ് ഐ.എസ്.എം (ISM) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസേ്ഫാക്ക് സ്ക്രിപ്റ്റ് മാനേജര്‍.
വിപുലമായ സോഫ്റ്റ്‌വേര്‍ വികസനവിപണന സന്നാഹങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൂനെയിലുള്ള സിഡാ കടന്നു വന്നതോടെ തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ കേരളക്കരയില്‍ ഡസ്ക്‌ടോപ്പ് പബ്ലിഷിംഗ് വ്യാപകമായ പ്രചാരം നേടി. ഇക്കാലമാകുമ്പോഴേക്കും വിന്‍ഡോസ് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയില്‍ പതുക്കെ ജനപ്രിയത ആര്‍ജ്ജിച്ചു വരികയായിരുന്നു. വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഐ.എസ്.എം പായേ്ക്കജുകള്‍ പൂനെയിലെ സിഡാക്ക് ഈ ഘട്ടത്തിലാണ് പുറത്തിറക്കിയത്. ഇന്നിപ്പോള്‍ കേരളത്തില്‍ വേഡ് പ്രൊസ്സസ്സിംഗിനും ഡി.ടിപിക്കും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സിഡാക്കിന്റെ പായേ്ക്കജുകളാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫോണ്ടുകളുടെ ശ്രേണി ഒരുക്കിയിരിക്കുന്നതും സിഡാക്കാണ്. മലയാളം മാത്രമുള്ള മോണോലിംഗ്വല്‍ ഫോണ്ടുകള്‍, മലയാളത്തോടൊപ്പം ഇംഗ്ലീഷും ഉപയോഗിക്കാന്‍ സാധിക്കുന്ന ബൈലിംഗ്വല്‍ ഫോണ്ട്, വെബ്ബ് ഫോണ്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സിഡാക്കിന്റെ പായേ്ക്കജുകള്‍ അതുവരെ മലയാളം ടൈപ്പ് സെറ്റിംഗിനായി സ്വകാര്യകമ്പനികള്‍ പുറത്തിറക്കിയവെ അപേക്ഷിച്ച് എല്ലാ നിലയിലും മികച്ചതായിരുന്നു. ഫോണ്ട് സാങ്കേതികവിദ്യയില്‍ ട്രൂ ടൈപ്പ് ഫോണ്ടുകളോടൊപ്പം അഡോബിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ടൈപ്പ് വണ്‍ ഫോണ്ടും ഉള്‍ക്കൊള്ളിച്ചാണ് ഇവ പുറത്തിറങ്ങിയത്. പക്ഷെ ഇതില്‍ ഉപയോഗിച്ച മലയാളം ലിപി, മറ്റു പായേ്ക്കജുകളിലെല്ലാം എന്നതു പോലെ പുതിയ ലിപിയായിരുന്നു. കേരളത്തില്‍ 1971ല്‍ നടപ്പിലാക്കിയ ലിപി പരിഷ്കരണത്തെ തുടര്‍ന്ന് മലയാളത്തിന്റെ ഔദ്യോഗികലിപി പുതിയലിപിയാണ് എന്ന ധാരണയിലാണ് ഇത്തരം പ്രോഗ്രാമുകള്‍ എല്ലാം ഉണ്ടാക്കിയിരുന്നത്. വ്യഞ്ജനങ്ങളോടൊപ്പം ചേര്‍ന്നിരുന്ന സ്വരങ്ങളള്‍ടെ ചിഹ്നം വേര്‍പെടുത്തിയും കൂട്ടക്ഷരങ്ങള്‍ ചന്ദ്രക്കല ഉപയോഗിച്ച് പിരിച്ചെഴുതിയും ടൈപ്പ് റൈറ്ററില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചതായിരുന്നു പുതിയ ലിപി. കേരളത്തിനു പുറത്തുള്ള കമ്പനികള്‍ക്കും അവയിലെ മലയാളികളല്ലാത്ത പ്രോഗ്രാമര്‍മാര്‍ക്കും ഔദ്യോഗികലിപിനിര്‍ദ്ദേശത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ അവര്‍ മറ്റു ഭാരതീയഭാഷകളുടെ കാര്യത്തില്‍ ചെയ്തതുപോലെ ആകാവുന്നത്ര കൂട്ടക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അവരുടെ പ്രോഗ്രാമുകള്‍ ഉണ്ടാക്കിയിരുന്നത്. സിഡാക്ക് മാത്രമല്ല മറ്റു കമ്പനികളും പിന്തുടര്‍ന്നത് ഈ ഒരു നയമാണ്. പൂനെയിലുള്ള മോഡുലര്‍ ഇന്‍ഫോടെ, ശ്രീലിപി എന്ന പേക്കേജുമായി ഇക്കാലത്താണ് രംഗത്തെത്തുന്നത്. കേരളത്തില്‍ ശ്രീലിപിക്കും മോഡുലറിന്റെ മറ്റു ഉല്പന്നങ്ങളായ അങ്കുര്‍, രൂപ എന്നിവയും സാമാന്യം നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്.
മലയാളം കമ്പ്യൂട്ടിംഗ് ഉല്പന്നങ്ങളുടെ മേഖലയില്‍ കേരളത്തിന്റെ സാന്നിദ്ധ്യം തിരുവന്തപുരത്തെ സൂപ്പര്‍സോഫ്റ്റിന്റെ തൂലികയാണ്. അജയ്‌ലാലിന്റെ നേതൃത്വത്തിലുള്ള സൂപ്പര്‍സോഫ്റ്റ് ജ്യോതിഷപ്രവചനത്തിനുള്ള സോഫ്റ്റ്‌വേര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മലയാളം കമ്പ്യൂട്ടിംഗിന്റെ മേഖലയില്‍ ശ്രദ്ധയൂന്നുന്നത്. 1991 ഒക്ടോബറിലാണ് സൂപ്പര്‍ മലര്‍ എന്ന പേരില്‍ ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ടെക്‌സറ്റ് എഡിറ്റര്‍ അജയ്‌ലാല്‍ പുറത്തിറക്കിയത്. പ്രോഫറ്റ് എന്ന ജ്യോതിഷപ്രവചന സോഫ്റ്റ്‌വേര്‍, വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന തൂലിക എന്ന വേഡ്‌പ്രൊസ്സസര്‍ എന്നിവയാണ് അജയ്‌ലാലിന്റെ ഈ രംഗത്തെ പ്രധാന സംഭാവനകള്‍. ജ്യോതിഷസോഫ്റ്റ്‌വേര്‍ സ്വാഭാവികമായും മലയാളം ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനായാണ് അജയ്‌ലാല്‍ രൂപപ്പെടുത്തിയത്. ആദ്യത്തെ മലയാളം യൂനിക്കോഡ് ഫോണ്ട് 2002 ജൂണില്‍ പുറത്തിറക്കിയത് അജയ്‌ലാലാണ്. പുതിയലിപിയെ അടിസ്ഥാനമാക്കിയാണ് ഇവയെല്ലം അദ്ദേഹം ചിട്ടപ്പെടുത്തിയത്. സിഡാക്കും മറ്റു കമ്പനികളും അനുവര്‍ത്തിച്ചതു പോലെ കൂട്ടക്ഷരങ്ങള്‍ ആകാവുന്നത്ര ഉള്‍ക്കൊള്ളിച്ചു തന്നെയാണ് ഈ വേഡ്‌പ്രൊസ്സസറും നിര്‍മ്മിക്കപ്പെട്ടത്. കേരളത്തില്‍ നിന്നുമുള്ള മറ്റൊരു സോഫ്റ്റ്‌വേര്‍ പഞ്ചാരി ആയിരുന്നു. കേരളത്തിലെ ചില പത്രങ്ങള്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ പ്രചാരത്തിലില്ലാത്തതാണ് ഈ പേയേ്ക്കജ്.
ലിനക്‌സിലെ ആദ്യപരിശ്രമങ്ങള്‍
വിന്‍ഡോസിനു പുറമെ ലിനക്‌സിലും മലയാളം പ്രാവര്‍ത്തികമാക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വേര്‍ മേഖലയിലെ ആധിപത്യസ്ഥാപനപരിശ്രമങ്ങളിലെ അധാര്‍മ്മികവും രഹസ്യാത്മകവുമായ നയസമീപനങ്ങളോടുള്ള എതിര്‍പ്പാണ് സ്വതന്ത്രസോഫ്റ്റ്‌വേര്‍ പ്രസ്ഥാനത്തില്‍ കേരളീയര്‍ക്ക് ആഭിമുഖ്യം ഉണ്ടാവാനിടയാക്കിയത്. ആദ്യഘട്ടത്തില്‍ ഒറ്റപ്പെട്ട പരിശ്രമങ്ങള്‍ ചെറുസംഘങ്ങള്‍ നടത്തി. ലിനക്‌സിലെ ചില ഡിസ്ട്രിബ്യൂഷനുകളിലെ ടെക്‌സറ്റ് എഡിറ്ററുകളില്‍ മലയാളം കൂടി ടൈപ്പ് ചെയ്യുവാനുള്ള സംവിധാനം ഉണ്ടാക്കാനാണ് അവര്‍ ഉണ്ടാക്കിയത്. തിരുവനന്തപുരത്തെ ഒരു സംഘം മലയാളം ലിനക്‌സ് എന്ന പേരില്‍ ഒരു ലിനക്‌സ് ഡിസ്ട്രിബ്യൂഷന്‍ തന്നെ തയ്യാറാക്കി. മലയാളത്തിന് പ്രാമുഖ്യം ഇതിലുണ്ട് എന്നും ഇന്ത്യന്‍ഭാഷകളില്‍ നടക്കുന്ന ലിനക്‌സ് ലോക്കലൈസേഷന് അടിത്തരയൊരുക്കാനുമുള്ള സന്നദ്ധസേവകരുടെ പരിശ്രമമാണിത്. വിന്‍ഡോസിന്റെ പ്രചാരവും അതിന്റെ ഫലമായി അതിനുണ്ടായിക്കഴിഞ്ഞ ആധികാരികതയും കാരണം ബൂട്ടബിള്‍ സിഡിയായാണ് മലയാളം ലിനക്‌സ് പുറത്തിറക്കിയത്. ഇന്‍സ്റ്റള്‍ ചെയ്യാതെ ഉപയോഗിക്കാമെന്നതിനാല്‍ ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ ഒരു ലിനക്‌സ് പരീക്ഷണത്തിനു ശേഷവും പഴയതു പോലെ തുടരും എന്ന പ്രലോഭനം ഉണ്ടായിരുന്നിട്ടു പോലും ഇതിന് വ്യാപകമായ പ്രചാരം ലഭിച്ചില്ല. ലിനക്‌സിനോട് കേരളീയസമൂഹത്തില്‍ പ്രത്യയശാസ്ത്രപരമായ തലത്തില്‍ ആഭിമുഖ്യം തുടക്കം മുതല്‍ ഉണ്ടെങ്കിലും ഇന്നും ലിനക്‌സിനു വേണ്ടി സംസാരിക്കുന്നവര്‍ അധികവും വിന്‍ഡോസ് തന്നെയാണ് ഉപയോഗിക്കുന്നത്. ലിനക്‌സ് പരിശീലിപ്പിക്കുവാനും പ്രചാരത്തിലെത്തിക്കുവാനുമുള്ള ശ്രമങ്ങളുടെ പരിമിതി എന്നതിനേക്കാള്‍ മലയാളിയുടെ സഹജമായ ധൈഷണിക ഇരട്ടത്താപ്പ് ആണ് ഇതിനു കാരണം എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയില്‍ ലിനക്‌സിനെ പരിഗണിച്ച് ലിനക്‌സ് ഡിസ്ട്രിബ്യൂഷനുകളില്‍ മലയാളം ഉപയോഗിക്കുവാനുള്ള സോഫ്റ്റ്‌വേര്‍ പൂനെയിലെ സിഡാക്ക് തയ്യാറാക്കി വിപണിയിലെത്തിച്ചിരുന്നു. എങ്കിലും ഇതിന് ആവശ്യക്കാര്‍ പരിമിതമായിരുന്നു. എങ്കിലും ലിനക്‌സിലെ ടക്‌സ് ഉപയോഗിച്ച് ടൈപ്പ്‌സെറ്റു ചെയ്യുന്ന അപൂര്‍വ്വം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്.
രചന: തനതുലിപിക്കു വേണ്ടി ഒരു സന്നദ്ധപ്രവര്‍ത്തനം
സര്‍ക്കാര്‍സംരഭങ്ങളോടുള്ള പ്രതികരണം എന്ന നിലയില്‍ ആരംഭിച്ച ഒരു പ്രവര്‍ത്തനം മലയാളഭാഷാകമ്പ്യൂട്ടിംഗില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി രചന അക്ഷരവേദിയുടെ തുടക്കവും പ്രവര്‍ത്തനവും ഇതാണ് വ്യക്തമാക്കുന്നത്. 1968ല്‍ സമര്‍പ്പിക്കപ്പെട്ട ലിപിപരിഷ്കരണനിര്‍ദ്ദേശവും 1971ലെ സര്‍ക്കാര്‍ ഉത്തരവും 1973 ല്‍ ലിപിപരിഷ്കരണനിര്‍ദ്ദേശത്തിനു വിരുദ്ധമായി പരിഷ്കരിച്ചലിപി പാഠപുസ്തകത്തില്‍ കൊണ്ടുവന്നതും മലയാളം എഴുത്തിനെയും അച്ചടിയെയും അവ്യവസ്ഥിതത്വത്തിലേക്ക് നയിക്കുകയാണെന്നു വിവേകശാലികളായവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നതാണ്. എങ്കിലും പരിഷ്കരണം ഇനിയും വേണമെന്നും മലയാളത്തില്‍ അനാവശ്യമായ അക്ഷരങ്ങളുണ്ടെന്നും അവയെല്ലാം ഉപേക്ഷിച്ച് അക്ഷരസംഖ്യ കുറയ്ക്കണമെന്നും അല്ലെങ്കില്‍ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മലയാളത്തിന്റെ ഭാവി ഇരുളടഞ്ഞു പോകുമെന്നുമുള്ള വാദമുഖങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. മലയാളത്തിലെ മുഴുവന്‍ അക്ഷരങ്ങളും കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനാകില്ലെന്നും സിദ്ധാന്തിക്കപ്പെട്ടു. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയെക്കുറിച്ച് അജ്ഞരായവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതുകൊണ്ട് സാധിക്കുമെങ്കിലും തികച്ചും അസംബന്ധമായ ഈ വാദം ആപല്ക്കരമായ ദിശയിലേക്ക് ലിപിപരിഷ്കരണത്തെ നയിക്കുകയാണ് എന്നും തിരിച്ചറിഞ്ഞ ഒരു സംഘം ഈ വാദമുഖങ്ങളുടെ യുക്തിരാഹിത്യവും കാപട്യവും തുറന്നുകാണിക്കുവാന്‍ സന്നദ്ധരായി. കേരള സര്‍വ്വകലാശാലയുടെ ലെക്‌സിക്കണ്‍ വകുപ്പിലെ ആര്‍. ചിത്രജകുമാര്‍, പി.ഗംഗാധരന്‍, പീച്ചിയിലെ വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ കെ.എച്ച്.ഹുസ്സൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പരിശ്രമമാണ് 1999ല്‍ രചന അക്ഷരവേദിക്ക് ജന്മം നല്കിയത്. മലയാളം കമ്പ്യൂട്ടിംഗിന് ഏറ്റവും അനുയോജ്യം മലയാളത്തിന്റെ പരമ്പരാഗതമായ (തനതുലിപി)ലിപിയാണെന്ന വാദം രചന മുന്നോട്ടു വെച്ചു. 1824 മുതല്‍, അതായത് ബെയ്‌ലിയുടെ കാലം മുതല്‍, മലയാളത്തിന്റെ അച്ചടിയില്‍ ഉപയോഗിച്ചിരുന്ന അക്ഷരങ്ങളുടെ ഒരു സമഗ്രപട്ടിക ചിത്രജകുമാറും ഗംഗാധരനും ചേര്‍ന്നുണ്ടാക്കി. ഏകദേശം തൊള്ളായിരത്തോളം വരുന്ന ആ അക്ഷരരൂപങ്ങള്‍ ഹുസ്സൈന്‍ ഡിസൈന്‍ ചെയ്തു ടെസ്റ്റ് എഡിറ്റര്‍ പ്രോഗ്രാം തയ്യാറാക്കി. കാലിക്രാഫി കണ്‍സള്‍ട്ടന്റ് പീച്ചി വനഗവേഷണഇന്‍സ്റ്റിറ്റിയൂട്ടിലെ സുഭാഷ് കുര്യാക്കോസ് ആയിരുന്നു. ഒരു ആസ്കി ഫോണ്ടില്‍ 256 കള്ളികളേ ഉള്ളൂ എന്ന പരിമിതി മറികടക്കാന്‍ ആറ് ആസ്കി ഫോണ്ടുകളിലായാണ് മലയാളത്തിന്റെ സമഗ്രലിപിസഞ്ചയം ക്രമീകരിച്ചത്. 1999 ജൂലൈ ഏഴിന് തിരുവന്തപുരത്ത് വി. ജെ. ടി. ഹാളില്‍ നടന്ന രചന അക്ഷരവേദിയുടെ സമ്മേളനത്തില്‍ മലയാളത്തിലെ എല്ലാ കൂട്ടക്ഷരങ്ങളെയും സ്വരാക്ഷരങ്ങളേയും വേര്‍ഡ് പ്രോസ്സസ്സിംഗില്‍ അനായാസം ആവിഷ്കരിക്കാന്‍ കഴിയും എന്ന് മൈക്രോസോഫ്റ്റ് വേഡില്‍ അത് ടെപ്പ് ചെയ്തു കാണിച്ചുകൊണ്ട് തെളിയിക്കുവാന്‍ രചന അക്ഷരവേദിക്ക് സാധിച്ചു. മൈക്രോസോഫ്റ്റ് വേഡിലെ ഓട്ടോകറക്ട് മെക്കാനിസം ഉപയോഗിച്ച് അടിസ്ഥാനാക്ഷരങ്ങളുടെ കീയിംഗ് ഇന്നിലൂടെ കൂട്ടക്ഷരങ്ങളെ ഉല്പാദിപ്പിച്ചെടുക്കുന്ന രീതിയിലാണ് തനതുലിപി കമ്പ്യൂട്ടറില്‍ ആദ്യം അവതരിപ്പിച്ചത്. ഈ ക്രമീകരണം ഉപയോഗിച്ചാണ് മലയാളത്തിന്റെ തനതുലിപിയില്‍ കമ്പ്യൂട്ടര്‍കാലത്തെ ആദ്യത്തെ പുസ്തകം, നിത്യചൈതന്യയതിയുടെ തുമ്പപ്പൂ മുതല്‍ സൂര്യന്‍ വരെ, കോഴിക്കോട്ടെ മള്‍ബറി ബുസ് അച്ചടിച്ചു പുറത്തിറക്കിയത്. തൊണ്ണൂറ്റൊമ്പതിലെ രചന സമ്മേളനത്തില്‍ വെച്ച് സുഗതകുമാരി ഈ പുസ്തകം പ്രകാശനം ചെയ്തു. വേഡില്‍ ടൈപ്പു ചെയ്യുന്നതു മുതല്‍ പുസ്തകപ്രസാധനം വരെ തനതുലിപിയില്‍ സാദ്ധ്യമാണ് എന്ന് രചന അക്ഷരവേദി ഇതിലൂടെ തെളിയിച്ചു.
മലയാളഭാഷാസാങ്കേതികതയില്‍ അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇതു വഴി രചനയ്ക്ക് സാധിച്ചു. ഒരു സോഫ്റ്റ്‌വേര്‍ എന്നതിലുപരി രചന അക്ഷരവേദി എന്ന കൂട്ടായ്മയാണ് ഈ കമ്പ്യൂട്ടിംഗ് സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. നിത്യചൈതന്യയതി രചന അക്ഷരവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കിയവരില്‍ പ്രമുഖനാണു്. ചന തുടങ്ങുന്നതിനു മുമ്പു തന്നെ മലയാളത്തിന്റെ തനതുലിപി കമ്പ്യൂട്ടറിലൂടെ വീണ്ടെടുക്കുന്നതിനെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. എം.ടി.വാസുദേവന്‍നായര്‍, ഒ.വി.വിജയന്‍, വി.കെ.എന്‍, എം.എന്‍.വിജയന്‍, സുകുമാര്‍ അഴീക്കോട് എന്നിങ്ങനെ മലയാളത്തിലെ ഒട്ടു മിക്ക എഴുത്തുകാരുടേയും അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍ രചനയ്ക്ക് ലഭിച്ചു. ഭാഷാകമ്പ്യൂട്ടിംഗിന്റെ കാര്യത്തില്‍ മലയാളത്തിലെ എഴുത്തുകാര്‍ തല്പരരായി വരുന്നത് രചനയുടെ പ്രവര്‍ത്തനത്തിനു പിന്തുണ നല്കാനായി മാത്രമാണു് എന്നു പറഞ്ഞാല്‍ പോലും അതില്‍ അതിശയോക്തിയില്ല. ലിപിപരിഷ്കരണം ഇനിയും മുന്നോട്ടു പോയാലല്ലാതെ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മലയാളത്തിനു് ഭാവിയില്ല എന്ന മട്ടിലുള്ള പ്രവചനങ്ങള്‍ കമ്പ്യൂട്ടര്‍ സാക്ഷരത കുറഞ്ഞ കേരളീയ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. മാത്രമല്ല പരിഷ്കരണവാദകള്‍ തങ്ങളുടെ വാദമുഖങ്ങള്‍ കേരളീയസമൂഹത്തിനു മുന്നില്‍ തുറന്ന് പറയാനോ അതിന്റെ സാങ്കേതികജ്ഞാനം അക്കാദമിക് സമൂഹവുമായി പങ്കുവെക്കുവാനോ സന്നദ്ധരായിരുന്നില്ല. അതിനാല്‍ തങ്ങളുടെ നിഗൂഢജ്ഞാനത്തെ പരസ്യമായി നിരാകരിക്കുന്നവര്‍ എന്ന നിലയില്‍ രചന അക്ഷരവേദിയോട് ഔദ്യോഗികഭാഷാവിഭാഗം തികഞ്ഞ ശത്രുത തന്നെ പുലര്‍ത്തിയിരുന്നു.
ഡാറ്റാബേസ് മാനേജ്‌മെന്റ് മലയാളത്തില്‍
വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നിലവില്‍ വരുന്നതിനു മുമ്പ് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം അഥവാ ഡോസ് ആയിരുന്നു പ്രചാരത്തിലിരുന്നത്. ഗ്രാഫിക്ക് ഇന്റഗ്രേറ്റഡ് സ്ക്രിപ്റ്റ് ടെനോളജി എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സിഡാ ഗിസ്റ്റ് കാര്‍ഡ് എന്ന ഹാര്‍ഡ്‌വേര്‍ ഘടകം, ഈ കാലഘട്ടത്തില്‍, ഭാരതീയഭാഷകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനായി വിപണിയില്‍ ഇറക്കിയിരുന്നു. ഗിസ്റ്റ് കാര്‍ഡിന്റെ സാങ്കേതികവിദ്യ പ്രചാരലുപ്തമായതു് മുഖ്യമായും സോഫ്റ്റ്‌വേര്‍തലത്തില്‍ ഭാഷോപയോഗം സാദ്ധ്യമാവുന്ന സാഹചര്യം രൂപപ്പെട്ടതോടെയാണു്. ഡി ബേസ്, ഫോക്‌സ്‌പ്രോ, ലോട്ടസ് 1,2,3, ക്യൂ ബേസിക്ക് എന്നിവയില്‍ ഇതിന്റെ സഹായത്തോടെ ഭാരതീയഭാഷകള്‍ ഉപയോഗിക്കാന്‍ സാധിക്കും. എന്നിരുന്നാലും ഇതിന്റെ ഉപയോഗം പരിമിതമായിരുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ധീരമായ ചില പരിശ്രമങ്ങള്‍ വിവരവ്യവസ്ഥാനിര്‍മ്മാണരംഗത്തും ഉണ്ടായിട്ടുണ്ടു്. ഗിസ്റ്റ് കാര്‍ഡ് കാലഘട്ടത്തിലാണു് മലയാളത്തിലെ ആദ്യത്തെ വിവരവ്യവസ്ഥാനിര്‍മ്മാണം വിജയപ്രദമായി പൂര്‍ത്തീകരിക്കുന്നതു്. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എച്ച്.ഹുസ്സൈനാണു് മലയാളത്തിലെ ആദ്യത്തെ വിവരവ്യവസ്ഥയുടെ ശില്പി. തൃശ്ശൂര്‍ പബ്ലിക്ക് ലൈബ്രറിയില്‍ ഗിസ്റ്റ് കാര്‍ഡ് സാങ്കേതികത അടിസ്ഥാനമാക്കി ഡിബേസ് III യില്‍ പ്രോഗ്രാം ചെയ്ത ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റമാണു് ഇദ്ദേഹം ഉണ്ടാക്കിയതു്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയ ഈ വ്യവസ്ഥ ഇന്നും പിഴവുകളില്ലാതെ ഉപയോഗത്തിലുണ്ടു്. ഏകദേശം ഇരുപത്തയ്യായിരം മലയാളപുസ്തകങ്ങളുടെ വിവരവ്യവസ്ഥാനിര്‍മ്മാണവും അതില്‍ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരത്തിന്റെ അന്വേഷണവും മലയാളലിപിയില്‍ തന്നെ സാദ്ധ്യമാക്കിയ ഈ സംരഭം ഒന്നര പതിറ്റാണ്ടു് മുമ്പു് നിര്‍മ്മിക്കപ്പെട്ടുവെന്നത് ഒരു അത്ഭുതമാണ്. കേരളത്തിലെ സര്‍വ്വകലാശാലകളിലും കോളേജുകളിലുമൊക്കെയുള്ള അക്കാദമി ലൈബ്രറികളില്‍ ഇക്കാലയളവില്‍ വിപുലമായ കമ്പ്യൂട്ടറൈസേഷന്‍ നടന്നെങ്കിലും ഗ്രന്ഥവിവരവ്യവസ്ഥ (Bibliographical Information System) യും ഇലട്രോണി കാറ്റലോഗും തയ്യാറാക്കുന്നതു് ഇപ്പോഴും ഇംഗ്ലീഷില്‍ തന്നെയാണു് മലയാളപുസ്തകങ്ങളുടെ തെരച്ചില്‍ പോലും ഇംഗ്ലീഷില്‍ മാത്രമേ സാദ്ധ്യമാകൂ എന്ന അവസ്ഥ മാറ്റിയെടുക്കാന്‍ ഇക്കാലത്തും പരിശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ല. ഇന്നും പ്രയോഗക്ഷമമായി നിലവിലുള്ള ഈ വിവരവ്യവസ്ഥയ്ക്ക് പിന്തുടര്‍ച്ചകള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോ സര്‍വ്വകലാശാലകളോ ഇക്കാലമത്രയായിട്ടും മുന്നോട്ടു വന്നിട്ടില്ല.
വിവരവ്യവസ്ഥാനിര്‍മ്മാണത്തില്‍ തികച്ചും ഏകാന്തമായ പരിശ്രമങ്ങളാണു് തുടര്‍ന്നും കെ.എച്ച്. ഹുസ്സൈന്‍ നടത്തിയതു്. ഏകദേശം പതിനായിരം മലയാളപുസ്തകങ്ങളുടെ കാറ്റലോഗ്, തൃശ്ശൂരിലെ സെന്റ് മേരീസ് കോളേജ് ലൈബ്രറിക്കു വേണ്ടി തയ്യാറാക്കി. യുനെസേ്കായുടെ പ്രസിദ്ധമായ CDS/ISIS എന്ന Bibliographic DBMSനെ അടിസ്ഥാനമാക്കി MISIS എന്ന പ്രോഗ്രാം ഇതിനായി അദ്ദേഹം തയ്യാറാക്കി. 22,000 മലയാളഗ്രന്ഥങ്ങളുടെ മലയാളം കാറ്റലോഗ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ലൈബ്രറിക്കു വേണ്ടി തയ്യാറാക്കി. ഇതു് സിഡിയായി പ്രകാശിപ്പിക്കുകയും ചെയ്തു. ഈ സംരംഭത്തിന് നേതൃത്വം നല്കിയത് അന്നു് ബ്രണ്ണന്‍ കോളേജിലെ ലൈബ്രേറിയനായ ഡോ ആര്‍. രാമന്‍നായരാണു്. മലയാളത്തില്‍ ആദ്യമായി ഒരു ഗ്രന്ഥവിവരവ്യവസ്ഥയുടെ സിഡി പബ്ലിഷിംഗ് ഇതാണു്. യൂനിക്കോഡ് ഉപയോഗിച്ച് മലയാളത്തില്‍ ആദ്യത്തെ ഗ്രന്ഥവിവരവ്യവസ്ഥയും അന്വേഷണവും നിര്‍മ്മിച്ചതും കെ.എച്ച്. ഹുസ്സൈനാണു്. ഇതിനായി രചന യൂനിക്കോഡ് ഫോണ്ട് ഉപയോഗിച്ചു. തിരുവനന്തപുരത്തെ CIRD ( Center for Informatics Research and Development) ന്റെ നേതൃത്വത്തിലാണു് തിരുവനന്തപുരം പബ്ലി ലൈബ്രറിയില്‍ പഴയ അപൂര്‍വ്വഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ആര്‍ക്കൈവിംഗ് നടത്തിയതു്. നിത്യ എന്ന ഒരു പ്രോഗ്രാം ഇതിനായി തയ്യാറാക്കി. മലയാളവും ഇംഗ്ലീഷും ഉള്‍പ്പെടെ തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളില്‍ ഗ്രന്ഥങ്ങളുള്ള ഒരു ലൈബ്രറിയില്‍ ഓരോ ഭാഷയ്ക്കും അതത് സ്ക്രിപ്റ്റ് ഉപയോഗിച്ച് bibliographic digital കാറ്റലോഗ് നിര്‍മ്മിക്കാന്‍ MCAT( Multi Lingual Catalogue) എന്ന പ്രോഗ്രാമും ഹുസ്സൈന്‍ തയ്യാറാക്കിയിട്ടുണ്ടു്. യൂനിക്കോഡ് എന്‍കോഡിംഗില്‍ അധിഷ്ഠിതമാണു് ഇതിലെ ഫോണ്ടുകള്‍. കേരള സാഹിത്യ അക്കാദമിക്കു വേണ്ടി ഇ. ഹരികുമാറിന്റെ നേതൃത്വത്തില്‍, കെ.എം. ഗോവി എഡിറ്റു ചെയ്ത മലയാളഗ്രന്ഥസൂചിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കാറ്റലോഗാണു് ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കേണ്ട മലയാളത്തിലെഏക വിവരവ്യവസ്ഥ.
പാഠ്യപദ്ധതിയും ഭാഷാകമ്പ്യൂട്ടിംഗും
കേരളത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒരു പാഠ്യവിഷയമായി കോളേജുകളിലും സാങ്കേതികപഠനമേഖലയിലും കടന്നെത്തിയിട്ട് കാലമേറെയായെങ്കിലും ഭാഷാകമ്പ്യൂട്ടിംഗ് ഈ പാഠ്യപദ്ധതികളിലൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല. ഭാഷാകമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടേഷനല്‍ ലിംഗ്വിസ്റ്റിക്‌സ് എന്നിവ അക്കാദമികമായ ശ്രദ്ധ ലഭിക്കാതെ പോയ വിഷയങ്ങളാണു്. ഭാഷാവിഭാഗങ്ങള്‍ അവ സാങ്കേതികവിദ്യയുടെ ഭാഗമായി കണക്കാക്കുകയും സാങ്കേതികവിദ്യാവിഭാഗം അതു് ഭാഷാവിഷയമാണന്നു കരുതുകയും ചെയ്തു. ഭാഷാഭിമാനത്തില്‍ തമിഴന്റെ ആവേശം നമ്മുക്കില്ലാത്തതിനാല്‍ പരിഗണിക്കപ്പെടാതെ പോയ ഈ പഠനമേഖലയ്ക്കു് പാഠ്യപദ്ധതിയില്‍ പ്രവേശനം കിട്ടുന്നതു് തമിഴിന്റെ സ്ഥലത്തു തന്നെയാണു്. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലാണു് 2002ല്‍ മലയാളസാഹിത്യബിരുദത്തിന്റെ പാഠ്യപദ്ധതിയില്‍ എന്‍ ഇന്‍ട്രൊഡഷന്‍ ടു മലയാളം സോഫ്റ്റ്‌വേര്‍സ് എന്ന കോഴ്‌സ് ഉള്‍പ്പെടുത്തിയതു്. പ്രൊഫ. വസുന്ധരാ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ പഠനബോര്‍ഡിലെ അംഗമായ ഡോ. മഹേഷ് മംഗലാട്ട് പാഠ്യപദ്ധതി ചിട്ടപ്പെടുത്തി. മലയാളം കമ്പ്യൂട്ടിംഗിന് സര്‍വ്വകലാശാലാതലത്തില്‍ ഔദ്യോഗികമായി ലഭിക്കുന്ന ആദ്യത്തെ അംഗീകരണമാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ ചരിത്രത്തിലെ മഹാവിപ്ലവമായാണു് മൈക്രോസോഫ്റ്റിന്റെ ഭാരതീയഭാഷകള്‍ക്കായുള്ള വെബ്ബ്‌സൈറ്റ് മൈക്രോസോഫ്റ്റ് ഭാഷ ഇതിനെ വിശേഷിപ്പിച്ചതു്. ഭാഷാകമ്പ്യൂട്ടിംഗില്‍ താത്വികവും പ്രായോഗികവുമായ പരിശീലനം നല്കുന്ന കോഴ്‌സ് ഇപ്പോഴും പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ കീഴിലുള്ള മയ്യഴിലെ മഹാത്മാഗാന്ധി ഗവ കോളേജില്‍ നടത്തപ്പെടുന്നുണ്ടു്. ISM-GIST, ശ്രീലിപി മുതലായ പുതിയലിപി പായേ്ക്കജുകളോടൊപ്പം രചനയും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നു. തനതുലിപി ആസ്പദമാക്കിയുള്ള ഭാഷാസാങ്കേതികതയുടെ പുതിയമുഖം പരിചയപ്പെടുത്തുന്നതോടൊപ്പം യൂനിക്കോഡ് സാങ്കേതികതയും വെബ്ബധിഷ്ഠിതപ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ പരിശീലിക്കുന്നു. പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ മാതൃക പിന്തുടരുവാന്‍ ഇത്രയും കാലമായിട്ടും കേരളത്തിലെ ഒരു സര്‍വ്വകലാശാലയ്ക്കും സാധിച്ചിട്ടില്ല. കമ്പ്യൂട്ടേഷനല്‍ ലിംഗ്വിസ്റ്റിക്‌സ് കേരള സര്‍വ്വകലാശാലാ ആസ്ഥാനത്തു് നടത്തപ്പെടുന്ന ലിംഗ്വിസ്റ്റിക്‌സിലെ ബിരുദാനന്തരബിരുദ പാഠ്യപദ്ധതിയിലെ ഒരു വിഷയമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്.
സര്‍ക്കാര്‍നയവും സംരംഭങ്ങളും
കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍, വിശേഷിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികളും യുവജനസംഘടനകളും അവരുടെ സര്‍വ്വീസ് സംഘടനകളും തുടക്കത്തില്‍ കമ്പ്യൂട്ടിനെതിരെ അതിശക്തമായ പ്രതിഷേധവും എതിര്‍പ്രചരണവും നടത്തിയിരുന്നു. നിലവിലുള്ള തൊഴിലവസരങ്ങള്‍ പോലും ഇല്ലാതാകുന്ന അവസ്ഥയാണ് കമ്പ്യൂട്ടര്‍ പ്രചാരത്തില്‍ വന്നാല്‍ സംഭവിക്കുകയെന്ന് അവര്‍ വാദിച്ചു. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മയുടെ പ്രശ്‌നം അനുഭവിക്കുന്ന കേരളത്തില്‍ കമ്പ്യൂട്ടര്‍വത്കരണം അനുവദിക്കില്ല എന്ന നിലപാടായിരുന്നു അവര്‍ അനുവര്‍ത്തിച്ചത്. എങ്കിലും ലോകവ്യാപകമായ കമ്പ്യൂട്ടര്‍വ്യാപനത്തെ ചെറുക്കാന്‍ ഇതിന് സാധിക്കുമായിരുന്നില്ല എന്നതിനാല്‍ പതുക്കെയാണെങ്കിലും കേരളത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗം പ്രചാരത്തില്‍ വന്നു. സര്‍വ്വകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലും മാത്രമല്ല വാണിജ്യസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളില്‍ പോലും കമ്പ്യൂട്ടര്‍ കടന്നെത്തിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍ പുതിയ തൊഴില്‍മേഖലകള്‍ തുറക്കുന്നുവെന്നതിനാല്‍ കമ്പ്യൂട്ടര്‍ പഠനസ്ഥാപനങ്ങളും ചെറുഗ്രാമങ്ങളില്‍ കൂടി സാധാരണമായിത്തുടങ്ങി. ഇതിനിടയില്‍ കമ്പ്യൂട്ടറിന്റെയും വിവരസാങ്കേതികവിദ്യയുടെയും മേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമായി. മലയാളഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് സിഡാക്കിന്റെ ഭാഷാകമ്പ്യൂട്ടിംഗ് സോഫ്റ്റ്‌വേര്‍ നിര്‍മ്മാണപ്രക്രിയയില്‍ ഉപയോക്തൃസമൂഹം എന്ന നിലയില്‍ സര്‍ക്കാര്‍നയം അറിയിക്കേണ്ടി വന്നത് ഇതിന് ഉദാഹരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ നയം രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയത് കമ്പ്യൂട്ടറുമായോ അതിന്റെ സാങ്കേതികവിദ്യയുമായോ ഒരു പരിചയവും നേടിയിട്ടില്ലാത്ത കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉദ്യോഗസ്ഥരെയാണ്. ഇക്കാരണത്താല്‍ തന്നെ സാങ്കേതികമായും ഭാഷാവിജ്ഞാനീയപരമായും തെറ്റായ വിവരങ്ങള്‍ സര്‍ക്കാര്‍നയം എന്ന പേരില്‍ അറിയിച്ചിരുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. മലയാളത്തിന്റെ ലിപി പുതിയലിപിയാണ് എന്ന നയം ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നിലപാട് എന്ന നിലയില്‍ അറിയിച്ചതിനാലാണ് കമ്പ്യൂട്ടറില്‍ തുടക്കത്തില്‍ തന്നെ മലയാളത്തിന്റെ തനതുലിപി ഉപയോഗിക്കപ്പെടാതെ പോയത്. മലയാളത്തില്‍ ലിപിചിഹ്നങ്ങളുടെ ബാഹുല്യം ഉണ്ടെന്നും ഇത് കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നതിന് തടസ്സമായിത്തീരും എന്നും സര്‍ക്കാര്‍നയം രൂപീകരിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായം സാധൂകരിക്കാന്‍ ലിപി പരിഷ്കരണം കമ്പ്യൂട്ടറിന് അനുയോജ്യമാക്കാന്‍ തുടരേണ്ടതുണ്ടെന്നും അവര്‍ വാദിച്ചു. ഋ, ഋകാരത്തിന്റെ ദീര്‍ഘം എന്നിങ്ങനെ ആവശ്യമില്ലാത്ത സ്വരാക്ഷരങ്ങള്‍ അക്ഷരമാലയിലുണ്ടെന്നും അവ നീക്കം ചെയ്യേണ്ടതാണെന്നും അവര്‍ പുതിയ പരിഷ്കരണനിര്‍ദ്ദേശത്തില്‍ വാദിച്ചു. രേഫം ചേരുന്ന രൂപങ്ങള്‍ ആവശ്യമില്ലെന്നും ചന്ദ്രക്കലയും `ര'യും ചേര്‍ത്ത് എഴുതിയാല്‍ മതി എന്നും അവര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. പക്ഷെ ഈ നിര്‍ദ്ദേശങ്ങള്‍ പ്രയോഗത്തില്‍ വരുത്തുവാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
സെന്റര്‍ ഫോര്‍ ഡവലപിംഗ് ഇമേജിഗ് ടെനോളജി (സിഡിറ്റ്) എന്ന സ്ഥാപനം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥാപിച്ചതാണ്. ഭാഷാ കമ്പ്യൂട്ടിംഗ് ഈ സ്ഥാപനത്തിന്റെ പരിഗണനാവിഷയമല്ല എന്ന് പേരില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. സംസ്ഥാന ഐ.ടി മിഷനാണ് കമ്പ്യൂട്ടര്‍ ഉപയോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വ്യാപനത്തിന്റെ ചുമതലയ്ക്കായി സര്‍ക്കാര്‍ സ്ഥാപിച്ചത്. സിഡിറ്റ്, ഐടി മിഷന്‍ എന്നിവയുടെ പ്രവര്‍ത്തനം ഇക്കാലമത്രയും നടന്നിട്ടും സര്‍ക്കാരിന്റെ ഔദ്യോഗിവെബ്‌സൈറ്റ് ഈ ലേഖനം തയ്യാറാക്കുന്ന സമയത്തും മലയാളത്തിലായിട്ടില്ല.
യൂണിക്കോഡും മലയാളവും
മലയാളഭാഷാസാങ്കേതികതയുടെ വര്‍ത്തമാനഘട്ടം യൂനിക്കോഡ് എന്‍കോഡിംഗിന്റേതാണു്. ഈ പുസ്തകത്തിന്റെ മറ്റു് അദ്ധ്യായങ്ങളില്‍ യൂനിക്കോഡ് കാലഘട്ടത്തിലെ വ്യത്യസ്തപ്രവര്‍ത്തനങ്ങള്‍ സവിശേഷപഠനത്തിനു വിധേയമാകുന്നുവെന്നതിനാല്‍ ഇവിടെ അതു് ആവര്‍ത്തിക്കുന്നില്ല. ആസ്കി കാലഘട്ടത്തില്‍ ഭാഷാകമ്പ്യൂട്ടിംഗില്‍ നാം നേരിട്ട എല്ലാ വൈഷമ്യങ്ങളും പോരായ്മകളും യൂനിക്കോഡ് കാലഘട്ടത്തില്‍ ഇല്ലാതാകും. പ്രത്യേകിച്ച് പഴയ/പുതിയലിപി എന്ന വേര്‍തിരിവ്. 2003ല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി സര്‍വ്വീസ് പായ്ക്ക് 2 ലാണ് മലയാളം എംബെഡ് ചെയ്യുന്നത്. അതോടെയാണു് വ്യാപകമായി യൂനിക്കോഡ് മലയാളം ഉപയോഗിച്ചു തുടങ്ങുന്നതു്. ഇതിനായി മലയാളത്തില്‍ യൂനിക്കോഡ് എന്‍കോഡിംഗ് അനുവര്‍ത്തിക്കുന്ന മലയാളം പോണ്ടുകള്‍ വേണമായിരുന്നു. തിരുവനന്തപുരത്തെ സൂപ്പര്‍സോഫ്റ്റിലെ അജയ്‌ലാലാണ് തനതുലിപിയുടെ ആദ്യത്തെ യുനിക്കോഡ് ഫോണ്ട് ഉണ്ടാക്കുന്നത്. ഗ്നു ജിപി എല്‍ ല്‍ പ്രചരിച്ചിരുന്ന രചനയുടെ ഗ്ലിഫുകള്‍ ഉപയോഗിച്ചാണു് അദ്ദേഹം 2003ല്‍ തൂലിക ട്രഡീഷനല്‍ യൂനിക്കോഡ് പുറത്തിറക്കിയതു്. അബൂദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജെലി ചെയ്യുകയായിരുന്ന കെവിന്‍ സൂര്യ 2004ല്‍ അഞ്ജലി എന്ന ഫോണ്ട് പുറത്തിറക്കി. ഇതും രചനയുടെ ഗ്ലിഫുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സാന്‍സ് സെരിഫ് ഗണത്തില്‍പ്പെട്ട ഈ ഫോണ്ട് രചനയില്‍ നിന്ന് വ്യത്യസ്തമായി വെര്‍ട്ടിക്കല്‍ കഞ്ജക്ടുകളെ ഘടകങ്ങളാക്കി ഡിസൈന്‍ ചെയ്ത് കൂട്ടിച്ചേര്‍ക്കുന്ന രീതി പ്രയോഗിച്ചു. തനതു ലിപിയില്‍ രണ്ടാമത് ഇറങ്ങിയ യൂനിക്കോഡ് ഫോണ്ടാണത്. 2005ല്‍ രചന യൂനിക്കോഡ് ഫോണ്ട് ഗ്നു ജിപി എല്‍ ല്‍ പുറത്തിറങ്ങി. കെ. എച്ച്. ഹുസ്സെനോടൊപ്പം ഇത് ഡിസൈന്‍ ചെയ്യുന്നതില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിലെ പ്രോഗ്രാമര്‍മാരും പങ്കാളികളായിരുന്നു. മലയാളത്തിലെ ആദ്യത്തെ യൂനിക്കോഡ് വെബ്ബ് പോര്‍ട്ടലായ ചിന്ത.കോം രചന ഫോണ്ടാണു് ഉപയോഗിക്കുന്നതു്. കവി പി.പി.രാമചന്ദ്രന്റെ ഹരിതകം എന്ന കവിതാവെബ് സൈറ്റും രചന ഫോണ്ടാണു് ഇപ്പോള്‍ ഉപയോഗിക്കുന്നതു്. ആസ്കിയില്‍ ഹുസ്സൈന്‍ ഡിസൈന്‍ ചെയ്ത ഹരിത ഫോണ്ടിലാണ് ഹരിതകം തുടക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതു്. മലയാളത്തിലെ പുതിയ ലിപിയില്‍ ഏറ്റവും കൂടുതല്‍ കൂട്ടക്ഷരങ്ങളുള്ള ആസ്കി വെബ്‌ഫോണ്ടാണ് ഹരിത. 2007ല്‍ ഹുസ്സൈനും സുരേഷ്.പി ( സുറുമ) യും ചേര്‍ന്ന് മീര യൂനിക്കോഡ് ഫോണ്ട് ഗ്നു ജിപി എല്‍ ല്‍ പുറത്തിറക്കി. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കൂടുതല്‍ തെളിമയുള്ള തനതുലിപി ഫോണ്ടാണ് മീര. മാതൃഭൂമി, മംഗളം എന്നീ പത്രങ്ങളുടെ ഓണ്‍ലെന്‍ എഡിഷനുകള്‍ ഈ ഫോണ്ടാണ് ഉപയോഗിക്കുന്നത്.
ബ്ലോഗര്‍, വേഡ്പ്രസ്സ് എന്നീ ബ്ലോഗ്‌സേവനദാതാക്കള്‍ യു.ടി.എഫ് 8 എന്‍കോഡിംഗ് പിന്തുണ നല്കുന്നതോടെ മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുവാനും പ്രസിദ്ധീകരിക്കാനും സാധിക്കുന്ന അവസ്ഥ നിലവില്‍ വന്നു. സ്വന്തം താല്പര്യങ്ങള്‍ക്കും അഭിരുചിക്കും ഇണങ്ങുന്ന രീതിയില്‍ മലയാളത്തില്‍ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കുന്ന സാഹചര്യമാണു് കമ്പ്യൂട്ടറിലെ മലയാളത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിച്ചതു്. ഡിടിപി ആവശ്യത്തിനല്ലാതെ മലയാളം ഉപയോഗിക്കുന്ന ഉപയോക്തൃസമൂഹത്തിന്റെ ആവിര്‍ഭാവമാണു് ഇതിന്റെ ഫലമായി ഉണ്ടായതു്. ലോകവ്യാപകമായുള്ള ഈ ഉപയോക്തൃസമൂഹം അനുദിനം വികസിച്ചുകൊണ്ടിരിക്കയാണു്. മലയാളം പത്രങ്ങളും യുനിക്കോഡ് എന്‍കോഡിംഗിലേക്കു മാറിക്കഴിഞ്ഞു. വിക്കിപീഡിയ എന്ന സ്വതന്ത്രവിജ്ഞാനകോശത്തിന്റെ മലയാളം പതിപ്പു് വെബ്ബില്‍ ഉപയോക്തൃസമൂഹം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പദമുദ്ര എന്ന പേരില്‍ സമഗ്രമായ ഒരു നിഘണ്ടുവും ഇതുപോലെ ഉപയോക്തൃസമൂഹം സന്നദ്ധസേവനത്തിലൂടെ നിര്‍മ്മിക്കുകയാണു്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന നിഷാദ് കൈപ്പള്ളിയാണു് നിഘണ്ടുപദ്ധതിയുടെ മുഖ്യസംരംഭകന്‍. ഭാഷാതല്പരരായ വ്യക്തികളുടെ മുന്‍കയ്യില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളാണു് യൂനിക്കോഡ് കാലഘട്ടത്തിലെ മലയാളത്തിന്റെ സജീവത നിലനിറുത്തുന്നതു്. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് എന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണു്. ഉറവ അടച്ചു് പുറത്തിറക്കപ്പെടുന്ന കുത്തകസോഫ്റ്റ്‌വേറുകള്‍ ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ നിഹനിക്കുന്നുവെന്നതിനാല്‍ അതിനെതിരെ നിലയുറപ്പിച്ചവര്‍ സംഘം ചേര്‍ന്നു് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ടു്. ഭാഷാകമ്പ്യൂട്ടിംഗിന്റെ മേഖലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് എന്ന സംഘമാണു്. സന്തോഷ് തോട്ടിങ്ങല്‍, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, പി.സുരേഷ്, അനിവര്‍ അരവിന്ദ്, ആഷിക്ക് സലാഹുദ്ദീന്‍ എന്നിങ്ങനെ ഈ സംഘത്തിലെ ഒരോ അംഗവും നല്കുന്ന സേവനങ്ങള്‍ പ്രത്യേകമായി എടുത്തു പറയേണ്ടതാണു്. ഈ വിഷയത്തില്‍ സമാഹാരത്തില്‍ സവിശേഷമായി പ്രതിപാദിച്ചിട്ടുണ്ടു്.
യുനിക്കോഡ് കാലഘട്ടത്തില്‍ ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയിലുണ്ടായ ചില്ല് എന്‍കോഡിംഗ് വിവാദവും എടുത്തു പറയേണ്ടതാണു്. പ്രസ്തുതവിഷയം വേറിട്ട് പ്രതിപാദിച്ചിട്ടുണ്ട് എന്നതിനാല്‍ അതിന്റെ പരിണാമം എന്തെന്നു മാതാം ഇവിടെ സൂചിപ്പിക്കാം. ചില്ലുകള്‍ അടിസ്ഥാനാക്ഷരമായി എന്‍കോഡു ചെയ്യാന്‍ യൂനിക്കോഡ് കണ്‍സോര്‍ഷ്യം തീരുമാനിച്ചു. എങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതുവരെ ആണവചില്ല് എന്നു വിളിക്കപ്പെടുന്ന പുത്തന്‍ചില്ലിനു് പിന്തുണ നല്കുന്നില്ല. വരമൊഴി പോലെ ചില പ്രോഗ്രാമുകള്‍ ആണവചില്ലുകള്‍ പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ടു്. അതോടെ ചില്ലക്ഷരം രണ്ടു രീതിയില്‍ ടൈപ്പു ചെയ്യാവുന്ന അവസ്ഥ നിലവില്‍ വന്നിരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ സുരക്ഷയുടെ കാര്യത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണു് ഡുവല്‍ എന്‍കോഡിംഗ് എന്ന ഈ പ്രശ്‌നം. യൂനിക്കോഡ് പോളിസിയുടെ ഭാഗമായി പഴയ ഇന്‍പുട്ട് രീതി സംരക്ഷിക്കപ്പെടുകയും ചെയ്യും. വിവേകശാലികളും കാര്യവിവരമുള്ളവരും നല്കിയ മുന്നറിയിപ്പിനെ അവഗണിച്ചു് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉപയോക്തൃസമൂഹത്തിനു് മൊത്തത്തില്‍ ദോഷകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കയാണു്. അവര്‍ യൂനിക്കോഡ് 5.1 സ്റ്റാന്‍ഡേര്‍ഡിനു പകരം നേരെത്തെയുണ്ടായിരുന്ന യൂനിക്കോഡ് 5 സ്റ്റാന്‍ഡേര്‍ഡില്‍ തന്നെ നിലയുറപ്പിക്കുകയാണു്.