Thursday, July 16, 2009

മലയാളം കീബോര്‍ഡിനെക്കുറിച്ചു്

മലയാളം കീബോര്‍ഡ് മാനകീകരണം: മിന്‍സ്ക്രിപ്റ്റിന്റെ വഴി

ഡോ.മഹേഷ് മംഗലാട്ട്

ടൈപ്പ്‌റൈറ്റിംഗ് മെഷീന്‍ പ്രചാരത്തില്‍ വന്ന കാലം മുതല്‍ ആലോചനയിലുള്ള വിഷയമാണു് കീബോര്‍ഡ് മാനകീകരണം. ഈ വിഷയത്തില്‍ ആദ്യപരിശ്രമം നടക്കുന്നതു് ലിപിപരിഷ്കരണം നടപ്പിലാക്കുന്ന ഘട്ടത്തിലാണു്. കേരള സര്‍ക്കാര്‍ കീബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചിരുന്നു. എന്നാല്‍ അതിനകം തന്നെ വിവിധ ടൈപ്പ് റൈറ്റിംഗു് മെഷീന്‍ നിര്‍മ്മാതാക്കള്‍ അവര്‍ക്കു് ഉചിതം എന്നു തോന്നിയതും ഉപയോക്താക്കള്‍ സൗകര്യപ്രദം എന്നു കണക്കാക്കിയതുമായ കീബോര്‍ഡ് ലേ ഔട്ടുകള്‍ പ്രചാരത്തില്‍ വരുത്തിക്കഴിഞ്ഞിരുന്നു. കീബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു് തയ്യാറാക്കപ്പെട്ട കീബോര്‍ഡു് ടൈപ്പ് റൈറ്റിംഗു് മെഷീനിന്റെ കാര്യത്തില്‍ പ്രാവര്‍ത്തികമായിരുന്നില്ല. എങ്കിലും പ്രസ്തുത കമ്മിറ്റി വിശേഷിച്ചു് കര്‍ത്തവ്യമൊന്നുമില്ലാതെ തുടരുകയായിരുന്നു. ഈ ഘട്ടത്തിലാണു് യൂനിക്കോഡ് എന്‍കോഡിംഗിന്റെ കാലഘട്ടത്തില്‍ മലയാളം കടന്നു ചെല്ലുന്നതു്. യൂനിക്കോഡിനു് കേരള സര്‍ക്കാരിന്റെ പേരില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി നേരത്തെ ഉണ്ടായിരുന്ന കീബോര്‍ഡു് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റിയുടെ പേരു് ക്യാറക്ടര്‍ എന്‍കോഡിംഗു് ആന്റ് കീബോര്‍ഡു് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റി എന്നാക്കി മാറ്റിയിട്ടുണ്ടു്. എങ്കിലും ഇക്കാലത്തിനടിയ്ക്കു് മലയാളത്തിന്റെ യൂനിക്കോഡു് എന്‍കോഡിംഗിന്റെ കാര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനോ ഉപയോക്തൃസമൂഹത്തെ പ്രതിനിധാനം ചെയ്യാനോ ഈ കമ്മിറ്റിക്കു് സാധിച്ചിട്ടില്ല. യൂനിക്കോഡു് കോഡ്‌പേജ് മലയാളത്തിനും ഉണ്ടായെങ്കിലും അതനുസരിച്ച് ക്യാറക്ടറുകള്‍ ഇന്‍പുട്ടു് ചെയ്യുന്നതിനെക്കുറിച്ചു് നേരത്തെ പറഞ്ഞ കമ്മിറ്റി ഇതു വരെ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഇക്കാരണത്താല്‍ എല്ലാ ഇന്ത്യന്‍ ഭാഷകളും ഒരേ തലത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സിഡാക്ക് ചിട്ടപ്പെടുത്തിയ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് മലയാളഭാഷ കമ്പ്യൂട്ടറില്‍ ഇന്‍പുട്ട് ചെയ്യാനുള്ള മാനകീകൃത കീബോര്‍ഡായി പരിഗണിക്കപ്പെടുന്നു.

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിനു പുറമെ ഉപയോക്തൃസമൂഹം ചിട്ടപ്പെടുത്തിയ രണ്ടു് പ്രധാനപ്പെട്ട ഇന്‍പുട്ടു് രീതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടു്. അവയില്‍ ആദ്യത്തേതു്, രചന അക്ഷരവേദിയുടെ രചന ടെസ്റ്റ് എഡിറ്ററില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട, കെ.എച്ച്.ഹുസ്സൈന്‍ ചിട്ടപ്പെടുത്തിയ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണു്. ഇതിനു പുറമെ പ്രവാസികളായ മലയാളികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ട്രാന്‍സ്ലിറ്ററേഷന്‍ കീബോര്‍ഡും വ്യത്യസ്ത പേരുകളില്‍ നിലവിലുണ്ടു്. ആദ്യകാല ബ്ലോഗര്‍മാര്‍ ഉപയോഗിച്ചിരുന്ന വരമൊഴി എന്ന പ്രോഗ്രാമില്‍ അനുവര്‍ത്തിക്കുന്നതു് ട്രാന്‍സ്ലിറ്ററേഷന്‍ ഇന്‍പുട്ട് രീതിയാണു്. എന്നാല്‍ ഇതില്‍ ടൈപ്പു ചെയ്യുന്ന ടെക്‌സ്റ്റ് യൂനിക്കോഡായി കണ്‍വെര്‍ട്ട് ചെയ്ത് കോപ്പി ചെയ്യുകയും പേസ്റ്റു ചെയ്യുകയും വേണം എന്നതിനാല്‍ നേരിട്ട് ബ്ലോഗറിലും ചാറ്റിലും മലയാളം ടൈപ്പു ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനം എന്ന നിലയില്‍ ടുവള്‍ട്ട്‌സോഫ്റ്റിന്റെ കീമാനില്‍ മലയാളം ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിച്ച മൊഴി കീമാന്‍ എന്ന പ്രോഗ്രാം രാജ് നായര്‍ നിര്‍മ്മിക്കുകയുണ്ടായി. ബ്ലോഗര്‍മാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ രണ്ടു് ഇന്‍പുട്ട് ക്രമീകരണവും മലയാളഭാഷയെ അല്ല ഇംഗ്ലീഷിനെയാണു് അടിസ്ഥാനമാക്കുന്നതു് എന്നതിനാല്‍ യൂനിക്കോഡ് എന്‍കോഡഡ് മലയാളം ടൈപ്പു ചെയ്യാന്‍ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് കെവിന്‍ സൂര്യ ചിട്ടപ്പെടുത്തുകയുണ്ടായി. സിഡാക്കിന്റെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്റെ കീവിന്യസനവ്യവസ്ഥയോടു് അടുത്തു നില്ക്കുന്നതും എന്നാല്‍ മലയാളത്തിനു ചേരുന്ന വിധത്തില്‍ കസ്റ്റമൈസ് ചെയ്യപ്പെട്ടതുമായ കീബോര്‍ഡ് എന്ന നിലയിലാണു് കെവിന്‍ രചന ടെക്‍സ്റ്റ് എഡിറ്ററിലെ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുവാന്‍ നിശ്ചയിക്കുന്നതു്.

ചില്ലക്ഷരങ്ങള്‍ ആറ്റോമിക്കായി എന്‍കോഡു് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കെ.എച്ച്.ഹുസ്സൈന്‍ ചിട്ടപ്പെടുത്തിയ രചനയുടെ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് സവിശേഷപ്രാധാന്യമുള്ളതായി മാറിക്കഴിഞ്ഞിട്ടുണ്ടു്. ഇന്നത്തെ നിലയില്‍ യൂനിക്കോഡ് എന്‍കോഡഡ് മലയാളം ടൈപ്പു ചെയ്യാനുള്ള ഏറ്റവും ഉചിതമായ കീബോര്‍ഡു് ലേ ഔട്ട് മിന്‍സ്ക്രിപ്റ്റിന്റേതാണു്. ഈ വസ്തുത വിശദീകരിക്കുകയാണു് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. യുനിക്കോഡു് എന്‍കോഡഡ് മലയാളം ഉപയോഗിക്കുന്ന സന്ദര്‍ഭത്തില്‍ ചില്ലക്ഷരങ്ങള്‍ സൃഷ്ടിച്ചെടുക്കുവാന്‍ അടിസ്ഥാനാക്ഷരവും വിരാമ എന്നു വിളിക്കപ്പെടുന്ന ചന്ദ്രക്കലയും സീറോ വിഡ്ത്ത് ജോയിനറും ടൈപ്പു ചെയ്യുകയായിരുന്നുവല്ലോ ചെയ്തിരുന്നതു്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിലുണ്ടായിരുന്ന നുക്ത ഇല്ലാതായതിനു പകരം വന്ന കണ്‍ട്രോള്‍ ക്യാറക്ടര്‍ ടൈപ്പു ചെയ്യാന്‍ കണ്‍ട്രോള്‍, ഷിഫ്റ്റ്, ഒന്നു് എന്നിവ ഒന്നിച്ച് അമര്‍ത്തുക എന്ന അസൗകര്യം ഒഴിവാക്കാന്‍ ഒരു ഒറ്റ കീയില്‍ ചില്ലക്ഷരങ്ങള്‍ ലഭ്യമാക്കാനുള്ള ക്രമീകരണമാണു് മിന്‍സ്ക്രിപ്റ്റില്‍ നിന്നും കെവിന്‍ സൂര്യ കണ്ടെത്തി ഉപയോഗപ്പെടുത്തുന്നതു്. ചില്ലക്ഷരങ്ങള്‍ ഒറ്റക്കീയില്‍ ലഭ്യമാക്കാം എന്നതിനോടൊപ്പം വളരെ സാധാരണമായി ഉപയോഗിക്കുന്ന കൂട്ടക്ഷരങ്ങളെല്ലാം ഒറ്റ കീയില്‍ ക്രമീകരിച്ചതാണു് രചനയുടെ ടെസ്റ്റ് എഡിറ്ററിലെ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡു്. ഈ സംവിധാനം അപ്പാടെ പിന്തുടരുകയാണു് കെവിന്‍ സൂര്യ ചെയ്തിട്ടുള്ളതു്.

ഫോനറ്റിക്‍ തത്വത്തെ അടിസ്ഥാനമാക്കിയാണു് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് ക്രമീകരിക്കപ്പെട്ടത്. എന്നാല്‍ അതിനു അപവാദമായി ങ്ക എന്ന അക്ഷരം ഒറ്റ കീയില്‍, 8 ന്റെ ഷിഫ്റ്റില്‍, സ്ഥാപിക്കപ്പെട്ടിട്ടുണ്ടല്ലോ. സൗകര്യത്തെ മുന്‍നിര്‍ത്തിയുള്ള ഈ യുക്തിയെ അടിസ്ഥാനമാക്കിയാണു് രചന ടെസ്റ്റ് എഡിറ്റര്‍ പ്രോഗ്രാം ചെയ്ത കെ.എച്ച്. ഹുസ്സൈന്‍ മലയാളത്തിന്റെ സവിശേഷമായ കീബോര്‍ഡു് എന്ന ആശയം അവതരിപ്പിക്കുന്നതു്. അ, ഇ, ഉ എന്നീ അക്ഷരങ്ങളില്‍ അയ്ക്ക് സ്വരചിഹ്നമില്ലാത്തതിനാല്‍ അ യുടെ രണ്ടാം സ്ഥാനത്തു് ( നോര്‍മല്‍, ഷിഫ്റ്റ് എന്നിവ ഒന്നും രണ്ടും സ്ഥാനമായി കണക്കാക്കുക) വിരാമ എന്നു വിളിക്കപ്പെടുന്ന ചന്ദ്രക്കല സ്ഥാപിക്കുകയാണു് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ചെയ്തിട്ടുള്ളത്. നോര്‍മലില്‍ വിരാമയും ഷിഫ്റ്റില്‍ അക്ഷരവും എന്ന ക്രമമാണു് അയുടെ കാര്യത്തില്‍ അവലംബിച്ചതു്. ഇ, ഉ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ നോര്‍മലിലും അക്ഷരം ഷിഫ്റ്റിലും വിന്യസിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മലയാളഭാഷയുടെ നിയമങ്ങള്‍ അനുസരിച്ച് ഈ സ്ഥാനങ്ങള്‍ ചില്ലുകള്‍ക്കും ഉപയോഗപ്പെടുത്താം എന്ന കണ്ടെത്തലാണു് ഭാഷാശാസ്ത്രജ്ഞനും രചന ടെസ്റ്റ് എഡിറ്ററിന്റെ ഭാഷാഭാഗം കൈകാര്യം ചെയ്ത വിദഗ്ദ്ധനുമായ ആര്‍. ചിത്രജകുമാറിനോടൊപ്പം ഹുസ്സൈന്‍ കണ്ടെത്തിയതു്. പദാദിയിലല്ലാതെ മലയാളവാക്കുകളില്‍ ഈ സ്വരങ്ങള്‍ വരില്ല എന്നതിനാല്‍ പദമദ്ധ്യത്തിലും പദാന്ത്യത്തിലും ഈ സ്വരാക്ഷരസ്ഥാനം ഒഴിഞ്ഞു കിടക്കും. അത്തരം സ്ഥാനങ്ങളിലല്ലാതെ ചില്ലുകള്‍ മലയാളവാക്കുകളില്‍ വരില്ല എന്നതിനാല്‍ ചില്ലുകളെ ഈ കീകളില്‍ സ്ഥാപിക്കാവുന്നതാണു്. ഇങ്ങനെ കണ്ടെത്തിയ സ്ഥാനങ്ങളില്‍ ബാക്കി ചില്ലക്ഷരങ്ങളും ധാരാളമായി ഉപയോഗിക്കുന്ന കൂട്ടക്ഷരങ്ങള്‍ക്കും സ്ഥാനം കണ്ടെത്തുന്ന മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് വാസ്തവത്തില്‍ മലയാളത്തിന്റെ യുക്തിക്കു് അനുസരിച്ചു് ചിട്ടപ്പെടുത്തിയ ആദ്യത്തേതും സമഗ്രവുമായ കീബോര്‍ഡാണു്. ഫൊനെറ്റിക്‍ യുക്തിയുടെ ലംഘനം ഇതില്‍ ഉണ്ടു്, അതിനാല്‍ ഇതു് യുക്തിഭദ്രമല്ല എന്ന ഒരു വിമര്‍ശനം ഇതിനെതിരെ ഉന്നയിക്കാവുന്നതാണു്. എന്നാല്‍ ഫൊനെറ്റിക്‍ യുക്തിയില്‍ നിന്നും അണുവിട വ്യതിചലിക്കാതെയല്ല ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് എന്നും കാണേണ്ടതുണ്ടു്. സൗകര്യത്തെ അടിസ്ഥാനമാക്കിയുള്ള ക്വര്‍ട്ടി കീബോര്‍ഡു് യുക്തി കീ വിന്യസനത്തില്‍ അവഗണിക്കാനാകാത്തതാണു്. അതിനാലാണല്ലോ അക്ഷരങ്ങളെ അകാരാദിക്രമത്തില്‍ ഒരു കീബോര്‍ഡു് ലേ ഔട്ടിലും വിന്യസിക്കാതിരിക്കുന്നതു്. എന്നു മാത്രമല്ല ഖരാക്ഷരങ്ങളുടെ വിന്യസനം ക,ത,ച,ട എന്ന ക്രമത്തിലുമാണല്ലോ. പകാരത്തെ കകാരത്തിനു് ഇടതു വശത്തു് ഒരു കീയ്ക്കു് അപ്പുറത്തും സ്ഥാപിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് കീവിന്യസനത്തിലെ അടിസ്ഥാനയുക്തി ഫൊനെറ്റിക്‍ ആണെന്നു പറയുമ്പോഴും അതു് സൗകര്യാധിഷ്ഠിതവിന്യസനം കൂടിയാണു്. ഫോനറ്റിക്‍-ക്വര്‍ട്ടി യുക്തികളുടെ വിവേചനപൂര്‍വ്വവും യുക്തിസഹവുമായ സംയോജനം നിര്‍വ്വഹിച്ച മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് മലയാളത്തിന്റെ യുക്തിയില്‍ അധിഷ്ഠിതമാണു് എന്നതിനാല്‍ പ്രസ്തുക കീബോര്‍ഡു് ചിട്ടപ്പെടുത്തിയ കാലത്തു് വിഭാവനം ചെയ്യാന്‍ പോലും സാധിക്കാതിരുന്നതും എന്നാല്‍ ഇന്നു് നാം അഭിമുഖീകരിക്കുന്നതുമായ പ്രശ്നങ്ങള്‍ക്കു് പരിഹാരം നിര്‍ദ്ദേശിക്കുന്ന കീബോര്‍ഡായിത്തീരുന്നു.

ചില്ലക്ഷരങ്ങള്‍ അടിസ്ഥാനാക്ഷരമായി ആറ്റോമിക്കായി എന്‍കോഡു് ചെയ്യണമെന്ന വാദം ഉന്നയിച്ചവര്‍, അങ്ങനെ എന്‍കോഡു് ചെയ്യപ്പെട്ട ആണവചില്ലുകളുടെ കീബോര്‍ഡിലെ സ്ഥാനത്തെക്കുറിച്ചു്, മറ്റു പല കാര്യങ്ങളിലും എന്നതുപോലെ ഉദാസീനരായിരുന്നു മൂന്നു കീകള്‍ അമര്‍ത്തി ചില്ലുകള്‍ സൃഷ്ടിക്കുന്നതിനു പകരം ഒറ്റക്കീയില്‍ ചില്ലു വരുമെന്ന വറ്റു പറച്ചില്‍ കീബോര്‍ഡില്‍ അതിന്റെ സ്ഥാനം എവിടെ എന്ന ചോദ്യത്തിനു മുമ്പില്‍ മൗനാചരണമായി മാറി. ട്രാന്‍സ്ലിറ്ററേഷനില്‍ അത് എങ്ങനെ സാധിക്കും എന്നല്ലാതെ ഇന്‍സ്ക്രിപ്റ്റ് ലേ ഔട്ട് ഉപയോഗിക്കുന്നവര്‍ ചില്ലക്ഷരമില്ലാത്തവരായിപ്പോയ ദുരവസ്ഥയ്ക്കു പരിഹാരം നിര്‍ദ്ദേശിക്കാനില്ലാത്തവരായിരുന്നു. ഇതിനു പരിഹാരം മൊഴി കീമാനില്‍ കെവിന്റെ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡു് ചേര്‍ക്കുക എന്നതു മാത്രമാണു്. രചന ടെസ്റ്റ് എഡിറ്ററില്‍ ഹുസ്സൈന്‍ ചിട്ടപ്പെടുത്തിയ മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് രണ്ടു വിധത്തില്‍ ചില്ലക്ഷരം ടൈപ്പു ചെയ്യാന്‍ സഹായിക്കുന്നതാണു്. നുക്ത ഉപയോഗിച്ചും ചില്ലിന്റെ ഒറ്റക്കീ ഉപയോഗിച്ചും. ഇന്നു് നമ്മുടെ മുന്നിലെ പ്രശ്‌നം രണ്ടു തരം ചില്ലുകളാണു്. ഉപയോക്താവിന്റെ താല്പര്യമനുസരിച്ചു് ചില്ലുകള്‍ ഇന്‍പുട്ടു് ചെയ്യാന്‍ സാധിക്കണം. സീറോ വിഡ്ത്ത് ജോയിനര്‍ സീക്വന്‍സായും ആണവചില്ലായും ചില്ലുകള്‍ ടൈപ്പു ചെയ്യാന്‍ സാധിക്കുക എന്നതു് ഇന്നു് മലയാളത്തിന്റെ കീബോര്‍ഡിനു് ഉണ്ടായിരിക്കേണ്ട മുഖ്യയോഗ്യതയാണു്. അതു് മിന്‍സ്ക്രിപ്റ്റിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. യൂനിക്കോഡ് മലയാളത്തിന്റെ കീബോര്‍ഡു് ലേ ഔട്ടു് സാദ്ധ്യമാക്കാന്‍ ഇതല്ലാതെ വേറെ ഉപാധികള്‍ ഒന്നുമില്ല.

ചില്ലുകള്‍ ഒറ്റ കീയില്‍ ലഭ്യമാക്കുന്ന സന്ദര്‍ഭത്തില്‍ യുക്തിപൂര്‍വ്വമായ ഒരു സീക്വന്‍സിലാണു് മിന്‍സ്ക്രിപ്റ്റില്‍ അവ വിന്യസിക്കപ്പെട്ടിരിക്കുന്നതു്. ആ യുക്തി ഫോനറ്റിക്‍ യുക്തിയല്ല എന്നു മാത്രം. മലയാളത്തിന്റെ ഫോനറ്റിക്‍ കീബോര്‍ഡില്‍ (ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡു്) മ്പ എന്ന അക്ഷരം ന, വിരാമ, പ എന്ന സീക്വന്‍സിന്റെ സൃഷ്ടിയാണു്. ഇതു് ഫോനെറ്റി യുക്തിയനുസരിച്ചു് തെറ്റാണു്. അതിനാല്‍ മിന്‍സ്ക്രിപ്റ്റില്‍ അത് മ, വിരാമ, പ എന്ന സീക്വന്‍സാക്കി തിരുത്തിയിട്ടുണ്ട്. ഭാഷയുടെ യുക്തിയോടു് പൂര്‍ണ്ണമായും നീതിചെയ്യുന്ന ഈ കീബോര്‍ഡ് ലേ ഔട്ടിനകത്തു് ഇനിയും ഇരുപതു് അക്ഷരങ്ങള്‍ക്കു് സ്ഥാനമുണ്ടെന്നു് ഇതിന്റെ ശില്പിയായ കെ.എച്ച്.ഹുസ്സൈന്‍ പറയുന്നുണ്ടു്. ഇപ്പോഴും കീബോര്‍ഡികത്തു് സ്ഥാനനിര്‍ണ്ണയം നടത്തപ്പെട്ടിട്ടില്ലാത്ത മലയാളത്തിന്റെ മുഴുവന്‍ അക്ഷരങ്ങള്‍ക്കും മിന്‍സ്ക്രിപ്റ്റ് ഇടം നല്കും. മിന്‍സ്ക്രിപ്റ്റ് മാത്രമേ ഇടം നല്കൂ എന്നു പറഞ്ഞാലും അതിശയോക്തിയില്ല.

2 comments:

  1. comprehensive and excellently written!

    ReplyDelete
  2. മാക്കില്‍ മലയാളം 'ശരിയായി' എഴുതാനും വായിക്കാനും വല്ല മാര്‍ഗവുമുണ്ടോ മാഷേ?

    ReplyDelete